- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലക്കേസ് പ്രതി ഒളിവു വാസവും ബോംബേറും: മുഖ്യമന്ത്രിയുടെ പിണറായിയിലെ വീടിനു സുരക്ഷ കൂട്ടും; വീടിന്റെ 200 മീറ്റർ പരിധിയിൽ നിരീക്ഷണ ക്യാമറകൾ വെക്കും; പൊലീസ് കാവലും ഏർപ്പെടുത്തും; സമീപത്തെ വീടുകളിലെ, താമസക്കാരുടെ വിവരങ്ങൾ ശേഖരിക്കാനും ഒരുങ്ങി പൊലീസ്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ട്യാലമുക്കിലെ വീടിനു പൊലീസ് സുരക്ഷ വർധിപ്പിക്കാൻ പൊലീസ്. സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ നിജിൽദാസ്, മുഖ്യമന്ത്രിയുടെ വീടിന് സമീപം വാടകവീട്ടിൽ ഒളിവിൽ താമസിച്ചതു വൻ സുരക്ഷാ വീഴ്ചയാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസിന്റെ തീരുമാനം.
വീടിന്റെ 200 മീറ്റർ പരിധിയിൽ നിരീക്ഷണ ക്യാമറകൾ വയ്ക്കാനും പൊലീസുകാരെ കാവൽ നിർത്താനും തീരുമാനിച്ചു. ഈ പരിധിയിൽ വരുന്ന വീടുകളിലെ, താമസക്കാരുടെ വിവരങ്ങൾ ശേഖരിക്കും. മുഖ്യമന്ത്രിയുടെ വീടിന്റെ പരിസരത്തുള്ള പ്രധാന റോഡുകളുടെയും ഇടവഴികളുടെയും വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ വിശദമായ രൂപരേഖ തയാറാക്കി. പ്രധാന റോഡിൽ നിന്ന് മുഖ്യമന്ത്രിയുടെ വീടിനു പിറകുവശത്തെത്തുന്ന ഇടവഴിയുടേതടക്കമുള്ള രൂപരേഖയാണു തയാറാക്കിയിരിക്കുന്നത്.
ഈ വഴിയടക്കം ഡിഐജി രാഹുൽ ആർ.നായർ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, അഡീഷനൽ കമ്മിഷണർ പി.പി.സദാനന്ദൻ എന്നിവരടങ്ങിയ പൊലീസ് സംഘം കഴിഞ്ഞദിവസം പരിശോധിച്ചു. നേരത്തെ പിണറായിയിൽ കൊലക്കേസ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന വീടിന് നേരെ ബോംബേറുണ്ടാകുകയും ചെയ്തിരുന്നു. ഇത് വൻ സുരക്ഷാ വീഴ്‌ച്ചയാണെന്ന വ്യാഖ്യാനവും പിന്നാലെ വന്നു. മുഖ്യമന്ത്രിയുടെ കണ്ണൂരിലെ വീടിന് 200 മീറ്റർ അകലെയാണ് സംഭവയാണ് ബോംബ് സ്‌ഫോടനം നടന്നത്.
പിണറായി പാണ്ട്യാലമുക്കിൽ പൂട്ടിയിട്ട രയരോത്ത് പൊയിൽ മയിൽപ്പീലി എന്ന വീട്ടിൽനിന്നാണു പ്രതി പിടിയിലായത്. രണ്ടു മാസമായി പ്രതി ഒളിവിലായിരുന്നു. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തപ്പോൾപോലും പൊലീസ് കനത്ത സുരക്ഷ നിലനിർത്തുന്ന പ്രദേശമാണിത്. കഴിഞ്ഞ ഫെബ്രുവരി 21ന് ആണു ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 14-ാം പ്രതിയാണു നിഖിൽ. 2 പേർ കൂടി പിടിയിലാവാനുണ്ട്.
അതേസമയം അറസ്റ്റിലായപ്പോൾ, പൊലീസ് തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്ന് കാണിച്ചു രേഷ്മ നൽകിയ പരാതിയിൽ കൂടുതൽ നടപടികളൊന്നും ഉണ്ടായിട്ടില്ല. അഭിഭാഷകൻ മുഖേനയാണ് മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയത്. ജാമ്യം ലഭിച്ചതിനെത്തുടർന്ന് ശനിയാഴ്ച രാത്രി പുറത്തിറങ്ങിയ രേഷ്മ ഞായറാഴ്ച വൈകിട്ടോടെയാണ് വിശദമായ പരാതി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചത്.
പൊലീസ് മാനുഷിക പരിഗണന നൽകിയില്ലെന്നും സിപിഎമ്മിന്റെ ഉന്നത നേതാക്കളും സിപിഎം ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ സൈബർ ആക്രമണവും സദാചാര ആക്രമണവും നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. തന്റെയും പ്രായപൂർത്തിയാകാത്ത മകളുടെയും ഫോണുകൾ പൊലീസ് കസ്റ്റഡിയിലാണ്. ഈ ഫോണിലെ ചിത്രങ്ങളും വീഡിയോകളും സൈബർ ആക്രമണം നടത്തിയവർക്ക് ലഭിച്ചത് പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നു സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. താനും കുടുംബവും ഭർത്താവിന്റെ കുടുംബവുമെല്ലാം സിപിഎം അനുഭാവികളാണെന്നും രേഷ്മ പരാതിയിൽ പറയുന്നു.
എസ്ഐ അശ്ലീലം പറയുകയും അപമാനിക്കുകയും ചെയ്തു. പൊലീസ് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നും മോശം ഭാഷയിൽ അധിക്ഷേപിച്ചു എന്നും പരാതിയിൽ പറയുന്നു. സിപിഎം നേതാക്കളായ എം വി ജയരാജനും കാരായി രാജനും അടക്കമുള്ളവർ സൈബർ ആക്രമണം നടത്തുന്നുവെന്നും പരാതിയിലുണ്ട്.
ന്യൂമാഹി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ തനിക്കെതിരെ മനുഷ്യാവകാശലംഘനം നടന്നതായാണ് രേഷ്മയുടെ ആക്ഷേപം. ഇരുപത്തിരണ്ടാം തീയതി പുലർച്ചെ 4.30 ന്ന് വനിതാ ഉദ്യോഗസ്ഥർ ഇല്ലാതെയാണ് പൊലീസ് സംഘം വീട്ടിലെത്തി തന്റെയും മകളുടേയും ഫോണുകൾ കൈക്കലാക്കിയത്. ഒമ്പത് മണി മുതൽ രാത്രി വരെ പൊലീസ് സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ചു. ശൗചാലയം ഉപയോഗിക്കാൻ അനുവദിച്ചില്ല.
വൈകിട്ട് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബിനുമോഹൻ തന്നെ അപമാനിക്കുകയും അശ്ലീലവാക്കുകൾ ഉപയോഗിക്കുകയും ചെയ്തു. ഈ അശ്ലീലവാക്കുകൾ ചില പ്രാദേശിക മാധ്യമങ്ങൾ അതേപടി ഉപയോഗിച്ചു. ഇതെല്ലാം തനിക്കു വലിയതോതിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനുള്ളിൽ ഒരു സ്ത്രീക്കു ലഭിക്കേണ്ട പരിഗണനകളോ അവകാശങ്ങളോ തനിക്കു ലഭിച്ചില്ല.
പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം അനുവദിക്കാവുന്ന വകുപ്പുകൾ ആയിട്ട് പോലും അർദ്ധരാത്രി മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി. കേസിൽ നിരപരാധിയാണ് എന്ന് വ്യക്തമാക്കുന്ന രേഷ്മ താനും ഭർത്താവും സിപിഎം അനുഭാവികൾ ആണെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. വാർത്താ സമ്മേളനത്തിൽ എം വി ജയരാജൻ തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും തന്റെയും കുടുംബത്തിന്റെയും ഫോട്ടോകൾ പരസ്യപ്പെടുത്തുകയും ചെയ്തു. ഫോട്ടോകൾ ചോർത്തി നൽകിയത് പൊലീസ് ആണെന്ന് സംശയിക്കുന്നതായും രേഷ്മ വ്യക്തമാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ