ലയാളികൾക്ക് പ്രിയങ്കരിയായ ടെലിവിഷൻ-ചലച്ചിത്ര താരമാണ് സീമ ജി നായർ. അന്തരിച്ച ചലച്ചിത്രതാരം ശരണ്യയുടെ അതിജീവനത്തിനായുള്ള ശ്രമങ്ങൾക്ക് ഒപ്പംനിന്നതിന്റെ പേരിലാണ് അടുത്തകാലത്ത് സീമ മലയാളികൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ ശരണ്യയിൽ മാത്രം ഒതുങ്ങുന്നതല്ല സീമയുടെ സന്മനസിന്റെ ഉദാഹരണങ്ങൾ. സിനിമാ- സീരിയൽ രംഗത്തെ നിരവധിപേർക്ക് സീമാ ജി. നായർ നൽകിയ മാനസിക- സാമ്പത്തിക പിന്തുണയുടെ ഒരുപാട് കഥകൾ പറയാനുണ്ടാകും.

എം.ജി. ഗോപിനാഥൻ പിള്ളയുടെയും ചേർത്തല സുമതിയുടെയും മകളായി കോട്ടയം മുണ്ടക്കയത്താണ് സീമയുടെ ജനനം. തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്‌സിൽ നിന്നും സംഗീതം പഠിച്ചു. സീമയ്ക്കും അമ്മയ്ക്കും കേരള സംസ്ഥാന അമച്വർ ഡ്രാമ അവാർഡ് ലഭിച്ചിട്ടുണ്ട്. സീമ ജി നായരുടെ സഹോദരി രേണുക ഗിരിജൻ പിന്നണിഗായികയും സഹോദരൻ എ.ജി. അനിൽ മലയാള ചലച്ചിത്ര സംഗീത സംവിധായകനുമാണ്. രേണുക ഗിരിജന്റെ മകൾ സ്മിത പ്രശസ്ത സംഗീത സംവിധായകനായ ദീപക് ദേവിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.

പതിനേഴാമത്തെ വയസ്സിൽ കൊച്ചി സംഗമിത്രയുടെ കന്യാകുമാരിയിൽ ഒരു കടങ്കഥ എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ട് അഭിനയരംഗത്തേക്ക് കടന്നുവന്നു. 1000 ത്തിലധികം നാടകങ്ങളിൽ അഭിനയിച്ചു. പിന്നീട് സീരിയൽ സിനിമ രംഗത്തെക്ക് മാറി. സാധാരണ കുടുംബ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് സീമ. മെയ്ക് എ വിഷ് ഫൗണ്ടേഷന്റെ കേരളത്തിലെ ചാരിറ്റബിൾ ഓർഗനൈസേഷനിൽ അംഗവുമാണ് അവർ.

ബ്രെയിൻ ട്യൂമർ ബാധിച്ച് വർഷങ്ങളായി ചികിൽസയിലായിരുന്ന ശരണ്യയുടെ കൂടെ സീമ എപ്പോഴും നിന്നു. ശരണ്യയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് നിരവധി തവണ സീമ ജി നായർ സോഷ്യൽ മീഡിയയിലും എത്തിയിട്ടുണ്ട്. തന്റെ ജീവിതാനുഭവങ്ങൾ സീമ ജി. നായർ മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുമായി പങ്കുവയ്ക്കുന്നു.

 

ചാരിറ്റി ചെയ്യുന്നവർ ഒരുപാട് പേർ ഉണ്ടാകാം. എന്നാൽ വെറുമൊരു കടമയ്ക്കപ്പുറത്തേയ്ക്ക് സഹജീവികളുടെ വേദനകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാനും അവരെ ചേർത്തുപിടിക്കാനുമുള്ള മനസ് ഉണ്ടായതെങ്ങനെയാണ്?

അത് പെട്ടെന്നുണ്ടായ ഒന്നല്ല. സ്‌കൂൾ ജീവിതം മുതൽ തന്നെ ഞാൻ ഇങ്ങനെയാണ്. അതുകൊണ്ട് തന്നെ എന്റെ സ്‌കൂൾ കാലഘട്ടത്തിലെ കൂട്ടുകാർക്കൊന്നും എന്നെപറ്റി വരുന്ന വാർത്തകളിൽ അത്ഭുതം തോന്നാറില്ല. എന്റെ അച്ഛന്റെ പണപ്പെട്ടിയിൽ നിന്നും കട്ടെടുക്കുന്ന ചില്ലറതുട്ടുകൾ കൊണ്ട് ആരംഭിച്ച പരിപാടിയാണിത്. അച്ഛന് മുണ്ടക്കയത്ത് ഒരു മുറുക്കാൻകടയുണ്ടായിരുന്നു. ഞാൻ ഇടയ്ക്കിടെ അവിടെ പോയി ഇരിക്കാറുണ്ടായിരുന്നു. അച്ഛൻ കടയിലേയ്ക്ക് പഴക്കുലയൊക്കെ എടുക്കാൻ പോകുമ്പോൾ ഞാൻ പാവാടയുടെ താഴേയറ്റത്ത് ചെറുതായി കീറിയിട്ട് നാണയങ്ങളൊക്കെ അതുവഴി കയറ്റി ഒളിപ്പിച്ചുവയ്ക്കും. ഈ പൈസയൊക്കെ കൂട്ടുകാരെ സഹായിക്കാനാണ് ഉപയോഗിക്കുന്നത്. അന്നുമുതൽ തുടങ്ങിയ ശീലമാണിത്. നമുക്കന്ന് വലിയ സാമ്പത്തികമൊന്നുമില്ല. എങ്കിലും ആ സ്വഭാവം ചെറുതിലെ തുടങ്ങിയതാണ്.

ഈ ശീലങ്ങളൊക്കെ അമ്മയിൽ നിന്നും ലഭിച്ചതാണോ?

തീർച്ചയായും. ഇത് സംബന്ധിച്ച് എന്റെ ചേച്ചി കഴിഞ്ഞദിവസം ഒരു ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരുന്നു. അക്കാലത്ത് എന്റെ അമ്മ നാടകത്തിൽ നടിയായിരുന്നു. ഒരു ദിവസം 75 രൂപയോ 90 രൂപയോ ഒക്കെയായിരുന്നു കൂലി. അമ്മ വീട്ടിലേയ്ക്ക് വരുന്ന ദിവസം കണ്ണുകാണാത്തവരും വീടില്ലാത്തവരുമൊക്കെ ഞങ്ങളുടെ വീട്ടിലേയ്ക്ക് വരും. കയ്യിലുള്ളതൊക്കെ അവർക്ക് കൊടുത്തിട്ട് വീട്ടുചെലവിന് വേണ്ടി പണം കടം വാങ്ങേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ചേച്ചിയുടെ കല്യാണത്തിന് കാൽപ്പവന്റെ സ്വർണം പോലും ഇട്ടിട്ടില്ല. നാടകത്തിൽ നിന്നും കിട്ടുന്നതൊക്കെ മറ്റുള്ളവരുടെ കല്യാണം നടത്തികൊടുക്കാനും മറ്റും ചെലവഴിച്ച്, അങ്ങനെ ജീവിച്ച ആളായിരുന്നു എന്റെ അമ്മ. അത് തന്നെയാണ് അമ്മ ഞങ്ങളെ പഠിപ്പിച്ചതും.

അച്ഛനോട് പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ടോ ഞാനൊരു കള്ളിയായിരുന്നെന്ന്?

ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ അച്ഛന്റെ കടയിലിരിക്കുമ്പോൾ ഒരിക്കലും അച്ഛന്റെ പണപ്പെട്ടി നിറഞ്ഞുകണ്ടിട്ടില്ല. കാരണം അതിൽ പകുതിയും എന്റെ പാവാട ഞൊറിക്കകത്താണല്ലോ. പറഞ്ഞുവന്നത് അതുകൊണ്ടുതന്നെ ഞാൻ ചെയ്യുന്നതിനെ പറ്റി എന്റെ വീട്ടുകാർക്കോ സുഹൃത്തുക്കളോ യാതൊരു അത്ഭുതവുമില്ല. പക്ഷെ പൊതുസമൂഹത്തിന് ഇത്രയുംകാലം അതിനെ പറ്റി അറിവുണ്ടായിരുന്നില്ല. ശരണ്യയുടെ വിഷയം ഉണ്ടായപ്പോൾ മാത്രമാണ് അവർ ഇക്കാര്യം അറിയുന്നത്.

നടി ആയിക്കഴിഞ്ഞ ശേഷം ശരണ്യയെ അല്ലാതെ മറ്റാരെയൊക്കെ ഇത്തരത്തിൽ സഹായിച്ചിട്ടുണ്ട്?

ഇഷ്ടം പോലെ ചെയ്തിട്ടുണ്ട്. ഞാൻ പേരുകളൊന്നും പറയുന്നില്ല. ഒരു അസോസിയേറ്റ് ഡയറക്ടർക്ക് കിഡ്നി സംബന്ധമായ അസുഖമുണ്ടായപ്പോൾ എന്നാൽ കഴിയുംവിധം ഞാൻ സഹായിച്ചു. അദ്ദേഹം അന്ന് വരെ എന്നെ ഒരുസിനിമയിൽ പോലും വിളിച്ചിട്ടുണ്ടായിരുന്നില്ല. മറ്റൊരു അസോസിയേറ്റ് ഡയറക്ടർ ആക്സിഡന്റ് ആയി എറണാകുളം അമൃതാ ഹോസ്പിറ്റലിൽ കിടന്നപ്പോൾ മുഴുവൻ ദിവസവും ഭക്ഷണം എത്തിച്ചുകൊടുത്തത് ഞാനാണ്.

അസുഖം ഉണ്ടാകുമ്പോൾ സിനിമാക്കാർ ഒറ്റപ്പെട്ടുപോകുന്നത് എന്തുകൊണ്ടാണ്? സിനിമാക്കാരുടെ കയ്യിൽ ഇഷ്ടംപോലെ പൈസയുള്ളതല്ലേ?

എല്ലാ സിനിമാക്കാരുടെ കയ്യിലും പണമില്ല സാർ. ചിലർ മാത്രമാണ് സിനിമയിൽ നിന്നും ഇഷ്ടംപോലെ പണമുണ്ടാക്കുന്നത്. മറ്റുള്ളവർക്ക് പേരും പ്രശസ്തിയും മാത്രമേ ഉള്ളു. പണത്തിന് പണം തന്നെ വേണം. പക്ഷെ കയ്യിൽ ധാരാളം പണമുള്ള സിനിമാക്കാർ എത്രത്തോളം മറ്റുള്ളവരെ സഹായിക്കുന്നുണ്ട് എന്നതിനെ പറ്റി എനിക്ക് വലിയ പിടിയില്ല. പണമൊന്നുമില്ലാത്ത പാവപ്പെട്ടവരാണ് പിന്നെയും എന്തെങ്കിലും സഹായങ്ങൾ ചെയ്യുന്നത്.

നമ്മളൊക്കെ അറിയുന്ന നടീനടന്മാർ ഇത്തരത്തിൽ സാമ്പത്തികപ്രയാസം അനുഭവിക്കുന്നുണ്ടോ?

തീർച്ചയായും. മുൻനിര നടിനടന്മാരെ കുറിച്ചല്ല പറയുന്നത്. ഇടത്തരം അഭിനേതാക്കൾ പലരും സാമ്പത്തികമായി അത്ര ഉന്നതിയിലൊന്നുമല്ല. പക്ഷെ എന്റെയൊക്കെ ജീവിതത്തിൽ സംഭവിക്കുന്നത്, പ്രശസ്തയായിക്കഴിഞ്ഞാൽ അതിനനുസരിച്ച് ജീവിക്കേണ്ടി വരുന്നു. എന്നാൽ അതിനുള്ള വരുമാനവുമില്ല. ഒരുപക്ഷെ ഒരുവർഷം ഒരു സിനിമയാകും കിട്ടുന്നത്. ആ വർക്കിന് നമ്മൾ പൈസ ഡിമാന്റ് ചെയ്യാൻ തുടങ്ങിയാൽ നമ്മൾ വീട്ടിലിരിക്കേണ്ടി വരും. പൈസ ചോദിച്ചുവാങ്ങാനൊന്നും നമുക്ക് പറ്റില്ല. കിട്ടുന്നത് വാങ്ങാനെ കഴിയു. ചോദിച്ചുവാങ്ങാനൊക്കെ വലിയ വലിയ ആർട്ടിസ്റ്റുകൾക്കെ പറ്റു. നമുക്കൊന്നും ശരിക്കും ജീവിക്കാനുള്ള കാശ് പോലും കിട്ടാറില്ല.

പത്തുനൂറ്റമ്പത് സിനിമകളിലും സീരിയലുകളിലുമൊക്കെ അഭിനയിച്ച ആളല്ലേ സീമ ജി. നായർ. താങ്കൾക്ക് റെമ്യൂണറേഷൻ ഡിമാന്റ് ചെയ്തുകൂടെ?

പൈസ ചോദിക്കാതിരുന്നിട്ട് പോലും ആവശ്യത്തിനുള്ള സിനിമ കിട്ടുന്നില്ല. പിന്നെ പൈസ ചോദിക്കാൻ നിന്നാൽ മുഴുവൻ സമയവും വീട്ടിലിരിക്കേണ്ടി വരും.

ശരണ്യയിലേയ്ക്ക് എത്തിപ്പെടുന്നത് എങ്ങനെയാണ്? ആ കുട്ടിയെ നേരത്തെ പരിചയമുണ്ടോ?

ശരണ്യയ്ക്ക് അസുഖം വരുന്നതിന് മുമ്പ് ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്തിട്ടേ ഇല്ല. ഞാൻ ആത്മ സംഘടനയിൽ സജീവമായിരുന്ന കാലത്താണ് 2012 ൽ ശരണ്യയുടെ അസുഖത്തെ പറ്റി അറിയുന്നത്. ഇങ്ങനെ ഒരു കാര്യമറിഞ്ഞാൽ ഓടിച്ചെല്ലുന്ന ശീലം എനിക്കുണ്ട്. അങ്ങനെ ഒരു വലിയ ടെഡി ബിയറുമായിട്ടാണ് ഞാൻ ആദ്യമായിട്ട് ശരണ്യയെ കാണാൻ പോകുന്നത്. സാർ എന്നോട് ചോദിച്ചത് പോലെ ശരണ്യയ്ക്ക് അത്യാവശ്യം സാമ്പത്തിക ചുറ്റുപാടൊക്കെ ഉണ്ടാകുമെന്ന വിചാരത്തിലാണ് ഞാനും അവിടെ പോകുന്നത്. പക്ഷെ അവിടെ പോയതിന് ശേഷമാണ് ശരണ്യയായിരുന്നു ആ കുടുംബത്തിന്റെ ഏകവരുമാന ശ്രോതസെന്നും അനിയനേയും അനിയത്തിയേയും പഠിപ്പിച്ചതൊക്കെ ശരണ്യയുടെ വരുമാനത്തിൽ നിന്നായിരുന്നെന്നുമൊക്കെ ഞാൻ അറിയുന്നത്. ഒരുപക്ഷെ ഒരു നിമിത്തമായിരിക്കാം, അല്ലെങ്കിൽ ദൈവത്തിന്റെ ഒരു തീരുമാനമായിരിക്കാം ഞാനും അവരും ഒരുമിച്ചുള്ള യാത്ര അവിടെ നിന്നും ആരംഭിച്ചു.

ശരണ്യയുടെ അസുഖത്തിന്റെ സ്റ്റേജ് ഘട്ടവും കഴിയുമ്പോഴൊന്നും അവിടെ അവസാനിപ്പിക്കാമെന്ന് തോന്നിയിട്ടില്ല. പക്ഷെ ഓരോ സർജറിയും വരുമ്പോൾ ടെൻഷനായിരുന്നു, എവിടെ നിന്നും പണം സംഘടിപ്പിക്കുമെന്ന്. വലിയ ദൈവാനുഗ്രഹം എന്തെന്നാൽ അവൾക്ക് വേണ്ടി ആരുടെ മുന്നിൽ കൈനീട്ടിയിട്ടുണ്ടോ, അവിടെ നിന്നെല്ലാം സഹായം ലഭിച്ചിട്ടുമുണ്ട്. അതുകൊണ്ട് ട്രീറ്റ്മെന്റിന് നമുക്കൊരിക്കലും ഒരു മുടക്കം വന്നിട്ടില്ല.

ട്രീറ്റ്മെന്റിന്റെ ഒരുഘട്ടത്തിന് ശേഷമാണോ ആളുകൾ ഇത് അറിയാൻ തുടങ്ങിയത്?

ശരണ്യയ്ക്ക് അസുഖമാണെന്ന കാര്യം അസുഖത്തിന്റെ തുടക്കത്തിൽ തന്നെ എല്ലാവരും അറിഞ്ഞു. പക്ഷെ ബാക്കി വിശദാംശങ്ങളൊന്നും ഞങ്ങൾ ആരോടും പറഞ്ഞിരുന്നില്ല. ഏഴാമത്തെ സർജറിയുടെ സമയത്താണെന്ന് തോന്നുന്നു നമ്മുടെ ആരുടെയും കയ്യിൽ ഒരു രൂപപോലും ബാക്കിയില്ല. തികച്ചും ശൂന്യം. ആരോടും ഇനി സഹായം ചോദിക്കാനും ബാക്കിയില്ല. എന്നാലും നേരത്തെ സഹായിച്ച പലരോടും വീണ്ടും സഹായം ചോദിച്ചു. നേരത്തെ സഹായിച്ചിരുന്നതുകൊണ്ട് അവരാരും തയ്യാറായില്ല. അങ്ങനെയാണ് സോഷ്യൽ മീഡിയയിൽ വരാമെന്ന് ഞങ്ങൾ തീരുമാനിക്കുന്നത്. ഞാനത് ശരണ്യയുടെ അമ്മയോട് പറയുമ്പോൾ ശരണ്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. ലൈംലൈറ്റിൽ നിന്നിരുന്ന ഒരു കുട്ടി തന്റെ ദുരിതാവസ്ഥ പറഞ്ഞ് പൊതുസമൂഹത്തിന് മുന്നിൽ വന്ന് സഹായത്തിനായി അപേക്ഷിക്കുകയെന്നത് അവൾക്കൊരിക്കലും ഉൾക്കൊള്ളാൻ പറ്റുമായിരുന്നില്ല.

എനിക്കാണെങ്കിൽ മറ്റൊരു മാർഗവും ഉണ്ടായിരുന്നുമില്ല. ഒടുവിൽ ഞാൻ സൂരജ് പാലാക്കാരനോട് സംസാരിച്ചിട്ട്, ശരണ്യയെ കൊണ്ടുവരാതെ ഞാൻ വീഡിയോ ചെയ്യാൻ തീരുമാനിച്ചു. ഈ വീഡിയോ കൊണ്ട് പത്ത് രൂപ പോലും കിട്ടില്ലെന്ന് അന്ന് സൂരജ് പാലാക്കാരൻ എന്നോട് പറഞ്ഞു. കാരണം അന്നുവരെ ഇത്തരമൊരു ചാരിറ്റി വീഡിയോ പാലാക്കാരനും ചെയ്തിട്ടില്ല, ഞാനും ചെയ്തിട്ടില്ല, വീഡിയോയിൽ ശരണ്യയെ കാണിക്കുന്നതുമില്ല. പക്ഷെ അവളുടെ അവസ്ഥ ദൈവം മനസിലാക്കിയിട്ടായിരിക്കാം, ഞങ്ങളെയൊക്കെ അത്ഭുതപ്പെടുത്തിക്കൊണ്ട് വീഡിയോ വൈറലായി. ഞങ്ങൾക്ക് ആവശ്യമുള്ളത്രയും പണം ആളുകൾ അയച്ചുതന്നു. പിന്നെ ഞങ്ങൾക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അതുവരെ അവർക്ക് സ്വന്തം വീട് എന്നൊരു സ്വപ്നം പോലും ഉണ്ടായിരുന്നില്ല. അങ്ങനെയൊരു കാര്യം അവരോട് ആദ്യമായി പറയുന്നത് ഞാനാണ്. ആദ്യം ശരണ്യയുടെ അമ്മ സമ്മതിച്ചില്ല. ശരണ്യയുടെ ട്രീറ്റ്മെന്റ് നടക്കട്ടെ. മറ്റൊരു കാര്യവും ഇപ്പോൾ ആലോചിക്കണ്ട എന്ന നിലപാടിലായിരുന്നു അവർ. എന്നാൽ ശരണ്യയെയും കൊണ്ട് ഇനി മറ്റൊരു വാടകവീട്ടിലേയ്ക്ക് കൂടി ചേച്ചി മാറാൻ പാടില്ലെന്ന് പറഞ്ഞ് നിർബന്ധിച്ചാണ് വീട് വയ്ക്കാൻ ഞാൻ സമ്മതിപ്പിച്ചത്.

അപ്പോൾ അവർക്ക് അന്നുവരെ സ്വന്തമായി വീട് പോലും ഇല്ലാതിരുന്നോ?

സ്വന്തമായി വീടില്ലാത്ത നിരവധിപേർ സിനിമാമേഖലയിൽ ഉണ്ട് സാർ. വീട് ഉള്ളവരാകട്ടെ അതിന്റെ കടക്കെണിയിലുമായിരിക്കും. കുറച്ച് സിനിമാക്കാരെ ഇന്റെർവ്യൂ ചെയ്താൽ സാറിനത് മനസിലാകും. സ്റ്റാറ്റസ് കീപ്പ് ചെയ്യാനുള്ള നെട്ടോട്ടത്തിലാണ് പല സിനിമാക്കാരും. അതല്ലാതെ സാമ്പത്തിക അടിത്തറ പലരുടെയും ഭയങ്കര മോശമാണ്.

അതിന് ശേഷം ശരണ്യയുടെ ചികിൽസയ്ക്കുള്ള ഫണ്ടിനൊന്നും തടസമുണ്ടായില്ലേ?

ഇല്ല. അതിന്റെ ചെറിയൊരു പൈസയെടുത്താണ് അവർക്ക് വീട് വച്ചത്. അതും പിന്നെ വിവാദമായി. കൊട്ടാരം പോലത്തെ വീട് വച്ചു എന്നായിരുന്നു ആരോപണം. ശരിക്കും ഒരു കുന്നിന് മുകളിലാണ് വീട് നിൽക്കുന്നത്. താഴെ നിന്ന് നോക്കുമ്പോൾ ഭയങ്കര ഉയരമുള്ള, മൂന്നുനില വീടായി തോന്നും. പക്ഷെ ശരിക്കും അടുത്തുചെന്ന് നോക്കുമ്പോഴെ കൃത്യമായി അറിയാൻ പറ്റു.

ആദ്യം 900 സ്‌ക്വയർഫീറ്റുള്ള ഒരു വീടാണ് ഉദ്ദേശിച്ചത്. പക്ഷെ അമേരിക്കയിൽ നിന്നുള്ള രണ്ട് ചെറുപ്പക്കാരാണ് 900 പോര, കുറച്ചുകൂടി നല്ല വീട് ആ കുട്ടിക്കുണ്ടാകണമെന്ന് പറഞ്ഞത്. 900 സ്‌ക്വയർ ഫീറ്റിന്റെ പണം ഇതിൽ നിന്നെടുത്തപ്പോൾ ബാക്കി 500 സ്‌ക്വയർ ഫീറ്റിന്റെ പണം അവരാണ് തന്നത്. ഗോൾഡൻ ബിൽഡേഴ്സിലെ ബിജു വെറും 23 ലക്ഷം രൂപകയ്ക്ക് ഞങ്ങൾക്ക് മുഴുവൻ പണിയും തീർത്തു തന്നു.

വീടിന് സ്നേഹസീമ എന്ന പേരിടുന്നതിനെ പറ്റി നേരത്തെ അറിയാമായിരുന്നോ?

ശരണ്യയേയും എന്നെയും പറ്റി വനിതയിൽ വന്ന ഒരു ആർട്ടിക്കിളിന് അവർ പേര് കൊടുത്തിരുന്നത് സ്നേഹസീമ എന്നാണ്. അത് അന്ന് അവളുടെ മനസിൽ കയറിയതായിരിക്കാം. വീടിന് ആദ്യം ശിവ വച്ചുതുടങ്ങുന്ന ഒരു പേരായിരുന്നു തീരുമാനിച്ചിരുന്നത്. കോതമംഗലം പീസ് വാലിയിലെ ചികിൽസ കഴിഞ്ഞ് ശരണ്യയും അമ്മയുമൊക്കെ തൃപ്പൂണിത്തുറയിലെ എന്റെ വീട്ടിലിരിക്കുമ്പോഴാണ് ശരണ്യ എന്നോട് വീടിന്റെ പേരിടുന്നതിൽ എന്തെങ്കിലും അഭിപ്രായമുണ്ടോ എന്ന് ചോദിക്കുന്നത്. എനിക്ക് പ്രത്യേകിച്ച് അഭിപ്രായങ്ങളൊന്നുമില്ല, മോളുടെ ഇഷ്ടമാണ് പ്രധാനമെന്ന് ഞാൻ പറഞ്ഞു. അങ്ങനെയെങ്കിൽ ഞാനൊരു പേര് പറയാം, എതിരു പറയരുതെന്ന് ശരണ്യ പറഞ്ഞു. പറഞ്ഞോളു എന്ന് ഞാനും ശരണ്യയുടെ അമ്മയും ആവശ്യപ്പെട്ടപ്പോഴാണ് സ്നേഹസീമ എന്ന പേര് ആദ്യമായി ശരണ്യ പറയുന്നത്. സത്യത്തിൽ ഞാൻ അതുകേട്ട് കരഞ്ഞുപോയി. അതിന് ശേഷം ഞാനവളുടെ കാല് പിടിച്ചുപറഞ്ഞു ആ പേര് ഇടരുതെന്ന്. കാരണം അതുകേൾക്കുന്നവർ ഞാൻ പറഞ്ഞ് ഇടിപ്പിച്ചെന്നല്ലേ പറയൂ. പക്ഷെ അവൾ ആ പേരിൽ ഉറച്ചുനിന്നു. അങ്ങനെയാണ് ആ വീടിന് ആ പേര് കിട്ടിയത്.

പീസ് വാലിയിലെ ചികിൽസ എങ്ങനെയുണ്ടായിരുന്നു?

അവിടത്തെ ഫിസിയോതെറാപ്പിസ്റ്റുകളെയൊക്കെ തൊഴണം. രാവിലെ 3 മണിക്കൂറും വൈകിട്ട് 3 മണ്്ക്കൂറും, ദിവസം 6 മണിക്കൂറാണ് ഫിസിയോതെറാപ്പി. അവളിനി ഒരിക്കലും എഴുന്നേൽക്കില്ലെന്ന് പലരും പറഞ്ഞതാണ്. പക്ഷെ അവിടേയ്ക്ക് എടുത്തുകൊണ്ടുപോയ ശരണ്യ തിരികെ നടന്നാണ് വന്നത്.

പുതിയവീട്ടിൽ ശരണ്യ എത്രകാലം ജീവിച്ചു?

കഴിഞ്ഞ ഒക്ടോബർ മുതൽ ഈ ഓഗസ്റ്റ് വരെ. ഓരോ ആറുമാസം കൂടുമ്പോഴും ഈ അസുഖം വന്നുകൊണ്ടിരിക്കുകയാണല്ലോ. ആദ്യമൊക്കെ ഒന്നരവർഷവും ഒന്നേകാൽ വർഷവും ഒരുവർഷവുമൊക്കെയായിരുന്നു. പിന്നീട് ഓരോ ആറേഴ് മാസത്തിലും അത് വരാൻ തുടങ്ങി.

ആദ്യം തലവേദനയായിട്ടാണ് അത് തുടങ്ങിയത്. അസ്ട്രോ ബ്ലാസ്ട്രോമ എന്ന ട്യൂമറാണ്. ആദ്യം ആരംഭിച്ച് കുറച്ചുകഴിഞ്ഞ് അത് പടരാൻ തുടങ്ങി. ശരണ്യ തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എത്ര വേദന ഉണ്ടെങ്കിലും ആ വേദന പുറത്തുകാണിക്കാതെ ഫീനിക്സ് പക്ഷിയെ പോലെ ഓരോ തവണയും പുറത്തുവന്നവളാണ് അവൾ. അതുപോലെ തന്നെ പൂർണമായും രോഗമുക്തയായി അവൾ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. 12 സർജറികൾ കഴിഞ്ഞു. പക്ഷെ കഴിഞ്ഞ രണ്ട് മാസമായി ആ പ്രതീക്ഷ നശിച്ചിരുന്നു. മാർച്ചിലെ സർജറി കഴിഞ്ഞപ്പോൾ തന്നെ ഇത്തിരി പ്രശ്നമായിരുന്നു. ശ്രീചിത്രയിലെ എച്ച്ഒഡി മാത്യു സാർ ഉള്ളതുകൊണ്ടാണ് അവൾ ഇത്രയുംകാലം ജീവിച്ചിരുന്നത്. സാർ പറഞ്ഞു, ഇനി ആർസിസിയിലേയ്ക്ക് മാറ്റി റേഡിയേഷൻ ആരംഭിക്കാം എന്ന്. അങ്ങനെ അഞ്ച് റേഡിയേഷൻ കഴിഞ്ഞു. ജൂൺ മൂന്നാം തീയതി കീമോതെറാപ്പി തുടങ്ങാം എന്ന് പറഞ്ഞിരിക്കുമ്പോഴാണ് മെയ് അവസാനം കോവിഡ് ബാധിക്കുന്നത്. കോവിഡ് വരാതിരിക്കാൻ ശരണ്യയുടെ അമ്മ വളരെയധികം ശ്രദ്ധിച്ചിരുന്നു. എന്നിട്ടും എങ്ങനെ വന്നെന്ന് അറിയില്ല. ആരോഗ്യമുള്ളവർക്ക് കോവിഡ് വന്നാൽ തന്നെ എന്തായിരിക്കും അവസ്ഥയെന്ന് നമുക്കെന്ന് അറിയാലോ. അപ്പോൾ ഇത്രയും സുഖമില്ലാത്ത കുട്ടിക്ക് വന്നാലോ. എന്നിട്ടും അവൾ കോവിഡിനെ അതിജീവിച്ചു, ന്യുമോണിയയെ അതിജീവിച്ചു. സുഖമായി വീട്ടിൽ എത്തിയ ശേഷമാണ് സോഡിയം ലെവൽ കുറഞ്ഞ് പിആർഎസിലേയ്ക്ക് കൊണ്ടുപോകുന്നത്. അപ്പോഴാണ് മരണം സംഭവിക്കുന്നത്.

ചികിൽസയുടെ ഭാഗമായി സീമയുടെ ആഭരണങ്ങൾ പോലും പണയം വയ്ക്കേണ്ടി വന്നെന്ന് ഇടയ്ക്ക് നന്ദു പറഞ്ഞിരുന്നു.

അതൊക്കെ തിരിച്ചെടുക്കാം സാറെ. എങ്ങനെയായാലും മുന്നോട്ടുപോയല്ലേ പറ്റൂ. ഇനി അതിനെകുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കാം സാറെ.

മരണമറിഞ്ഞ ശേഷം സീമ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് എന്നോട് ആരോ പറഞ്ഞിരുന്നു?

എന്റെ മകൻ അപ്പുവാണ് ആ വീഡിയോ എടുത്തത്. എന്റെ ഫോൺ സൈലന്റായിരുന്നു. ഫോണെടുത്ത് നോക്കുമ്പോൾ ഈ വീഡിയോയും, ഞാൻ ഇത് ഇടുകയാണെന്നുള്ള അവന്റെ വോയിസ് മെസേജും. ദയവ് ചെയ്ത് ഇത് ഇടല്ലേ എന്ന് അവന് മറുപടി കൊടുത്തപ്പോഴേയ്ക്കും അവൻ വിളിച്ചു പറഞ്ഞു വീഡിയോ ഇട്ടിട്ട് 35 മിനിറ്റായെന്ന്. എങ്ങനെ ഭക്ഷണം കഴിക്കാൻ പറ്റും സാർ. ഏഴാം തീയതി മുതൽ ഞാൻ ആശുപത്രിയിലുണ്ട്. ഞങ്ങൾക്ക് ഇനിയൊന്നും ചെയ്യാനില്ലെന്ന് ഡോക്ടർമാർ പറയുമ്പോഴും എന്തെങ്കിലും വഴിയുണ്ടോ എന്ന് ഞാനും ശരണ്യയുടെ അനിയനും ഡോക്ടറോട് ചോദിച്ചുകൊണ്ടിരിക്കുകയാണ്. ശരണ്യയെ കൈവിടാൻ ഞങ്ങൾക്കാർക്കും മനസില്ല. അങ്ങനെയുള്ളപ്പോൾ ആ മരണം എങ്ങനെ ഉൾക്കൊള്ളാൻ പറ്റും.

ശരണ്യയുടെ അമ്മയോട് മരണം അറിയിച്ചിരുന്നോ?

ഇല്ല. 12.40 ന് ഡോക്ടർമാർ പറയുന്നു ശരണ്യ മരിച്ചെന്ന്. ആ സമയം ചേച്ചി ശരണ്യയ്ക്ക് വൈകിട്ടേയ്ക്കുള്ള ഭക്ഷണം എടുക്കാൻ പോയിരിക്കുകയാണ്. എങ്ങനെ പറയാൻ പറ്റും. ചേച്ചി വിളിക്കുമ്പോഴൊക്കെ വിഷമമൊക്കെ കടിച്ചമർത്തി സാധാരണപോലെ സംസാരിക്കുകയാണ് ഞാൻ. ഇതിനിടെ മരണവിവരം എങ്ങനെയോ ചോർന്നു. ചേച്ചിയെ നേരിട്ട് കണ്ട് കാര്യം പറയാൻ ആശുപത്രിയിൽ നിന്നും പുറപ്പെട്ടവർ പട്ടത്തെത്തിയപ്പോൾ ചേച്ചിയുടെ കയ്യിലുള്ള ശരണ്യയുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വരുന്നു. ശരണ്യയുടെ ഫോട്ടോ കണ്ട് ചേച്ചി തുറന്നു നോക്കിയപ്പോൾ ആദരാഞ്ജലികൾ പോസ്റ്റ്. ആലോചിച്ചു നോക്കൂ, ഒരമ്മ എങ്ങനെ അത് സഹിക്കും. അതിന് ശേഷം അവിടെ വലിയ പ്രശ്നങ്ങളാണ് നടന്നത്. ചേച്ചിയുടെ സമനില തെറ്റുംപോലെയൊക്കെയായി. കാരണം ആ ഷോക്കുണ്ടായ സമയത്ത് സമാധാനിപ്പിക്കാൻ അവിടെ ആരുമുണ്ടായിരുന്നില്ല. അതിന് ശേഷം ചേച്ചി ആശുപത്രിയിൽ വന്നപ്പോൾ ഞാനും ശരണ്യയുടെ നാത്തൂനുമൊക്കെ മാറിനിൽക്കുകയായിരുന്നു. ചേച്ചിയുടെ അടുത്ത് പോകാനോ ചേച്ചിയെ അഭിമുഖീകരിക്കാനോ ഒന്നും ഞങ്ങൾക്ക് ധൈര്യമില്ലായിരുന്നു.

സീമാ ജി. നായർക്ക് ആരായിരുന്നു ശരണ്യ?

എന്റെ എല്ലാമായിരുന്നു. ഒരാളുടെ ആപത്ത് കാലത്ത് മറ്റൊന്നും പ്രതീക്ഷിക്കാതെ അയാളുടെ കൈപിടിച്ച് ഞാൻ മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു. എന്തെല്ലാം പ്രതിസന്ധികളുണ്ടായിരുന്നിട്ടും ഞാൻ ആ കൈ വിട്ടില്ല. അങ്ങനെ ഒപ്പം സഞ്ചരിച്ചയാൾ നമ്മുടെ ആരെല്ലാമോ അല്ലെ സാറെ. എനിക്കെന്റെ അപ്പുവിനെ പോലെ തന്നെയായിരുന്നു ശരണ്യയും.

ഇനി എന്താണ് ശരണ്യയ്ക്ക് വേണ്ടി മനസിൽ ബാക്കിയുള്ളത്?

അവൾക്ക് ജീവിക്കണമെന്നും ഇനിയും അഭിനയിക്കണമെന്നുമുള്ള ആഗ്രഹം ഉണ്ടായിരുന്നു. അത് സാധിച്ച് കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്നാൽ ഇത്തരമൊരു അസുഖം വരുമ്പോൾ വീട്ടുകാർ സാമ്പത്തിക ബാധ്യത ഉണ്ടാകുമോ എന്നത് പോലുള്ള ആശങ്കകൾ അവൾക്കുണ്ടാകാം. എന്നാൽ അത്തരം വിഷമങ്ങൾ ഇല്ലാതെ അവളെ യാത്രയാക്കാൻ സാധിച്ചു എന്നതിൽ സംതൃപ്തിയുണ്ട്.