കൊച്ചി: കൊച്ചി മെട്രോ റെയിൽവേയ്ക്ക് പാവപ്പെട്ടവന്റെ ഭൂമി ഏറ്റെടുക്കുമ്പോൾ യാതൊരു ദാക്ഷിണ്യവും അധികൃതർ കാണിക്കാറില്ല. എതിർപ്പുമായി രംഗത്തെത്തുന്നത് ഉന്നതനാണെങ്കിൽ അവന് വേണ്ട് എത്രത്തോളം താഴാൻ സാധിക്കുമോ അത്രയും താഴാൻ സർക്കാർ തയ്യാറാകും എന്നതിന്റെ ഒടുവിലത്തെ തെളിവായി ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കാൻ ധാരണാപത്രം ഒപ്പിട്ടതിലൂടെ സംഭവിച്ചത്. രണ്ട് വർഷത്തോളമായി കൊച്ചിയിലെ പ്രമാണിയായ വനിതാ വ്യവസായി ബീന കണ്ണന്റെ ഉടമസ്ഥതയിലുള്ള 32.7 സെന്റ് ഭൂമി മെട്രോയ്ക്ക് വേണ്ടി ഏറ്റെടുക്കാൻ ശ്രമം ആരംഭിച്ച്. ഓരോ തവണയും തൊടു ന്യായങ്ങൾ പറഞ്ഞ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ കബളിപ്പിക്കുകയായിരുന്നു അവർ. പത്രങ്ങൾക്ക് കോടികൾ പരസ്യം നൽകുന്നയാളാണ് എന്നതുകൊണ്ട് ശീമാട്ടിയുടെ പേര് പറയാൻ പോലും ഈ വിഷയത്തിൽ പത്രമുത്തശ്ശിമാർ മടിച്ചിരുന്നു. ഒടുവിൽ, ചരിത്രത്തിൽ ആദ്യമായി സ്ഥലം ഏറ്റെടുക്കാതെ ഭൂവുടമയുമായി ധാരണാപത്രം ഇന്നലെയാണ് ഒപ്പുവച്ചത്. കാശുള്ളവന് മുന്നിൽ കമിഴ്ന്നടിച്ചു വീണ സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ഇരമ്പുകയാണ്. ഭൂമിയിന്മേലുള്ള പൂർണ്ണായ അധികാരം ഇല്ലാതെ ധാരണാപത്രം തയ്യാറാക്കിയതിൽ കെഎംആർഎല്ലിനും കടുത്ത പ്രതിഷേധമുണ്ട്.

തങ്ങൾക്ക് പൂർണ്ണാധികാരമുള്ള വിധത്തിൽ ഭൂമി വിട്ടുകിട്ടണമെന്നാണ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതെന്നാണ് കെഎംആർഎൽ വൃത്തങ്ങൾ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ശീമാട്ടിയുമായോ ബീനാ കണ്ണനുമായോ ഇനിയൊരു ചർച്ചക്ക് കെഎംആർഎൽ തയ്യാറല്ല. ഭൂമി ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കാൻ സർക്കാറാണ് ശ്രമിക്കേണ്ടത്. അത് പ്രകാരം കഴിഞ്ഞ ഡിസംബർ 29ന് ജില്ലാ കലക്ടറോട് കെഎംആർഎൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ തുടർ നടപടികൾ ഒന്നുമുണ്ടാകാതെ പോകുകയാണ് ഉണ്ടായത്. ഏറ്റെടുക്കൽ എങ്ങനെ വേണമെന്നത് സംബന്ധിച്ച എംഒയു തയ്യാറാക്കി നൽകിയത് കെഎംആർഎൽ ആണ്. ടെക്‌സ്റ്റെയിൽസിനോട് ചേർന്നുള്ള മെട്രോയുടെ തൂണുകളിൽ ശീമാട്ടിയുടെ പരസ്യം പതിക്കാനും കാർ പാർക്കിംഗിനും ലാൻഡ് സ്‌കേപ്പിംഗിനും അധികാരം നൽകിയാണ് പുതിയ ധാരണാപത്രം തയ്യാറാക്കിയിരിക്കുന്നത്. എങ്ങനെ ആയാലും മെട്രോ നിർമ്മാണത്തിന് ഭൂമി ഏറ്റെടുത്തു നൽകേണ്ടത് ജില്ലാ ഭരണകൂടവും റെവന്യൂ ഡിപ്പാർട്ട്‌മെന്റുമാണെന്നുമാണ് കെഎംആർഎൽ അധികൃതർ വ്യക്തമാക്കിയത്.

ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കുന്നതിലെ അനാസ്ഥക്കെതിരെ വൻ വിമർശനം ഉയർന്നപ്പോഴാണ് 48 മണിക്കൂറിനകം ബലമായി സ്ഥലം ഏറ്റെടുക്കുമെന്ന് ജില്ലാ അധികൃതർ അറിയിച്ചത്. പക്ഷെ ഇപ്പോൾ ശീമാട്ടി മുന്നോട്ട് വച്ച നിർദ്ദേശം കണക്കിലെടുത്ത് ധാരണാപത്രം ഒപ്പിടാനാണ് സർക്കാർ തീരുമാനിച്ചത്. ഇതിന് റെവന്യൂ വകുപ്പാണ് കൂട്ടുനിന്നത്. അതേസമയം കൊച്ചിയിലെ പ്രമുഖ വ്യവസായിയെ പിണക്കാതിരിക്കാൻ ഭരണകക്ഷിയിലെ ഉന്നതനായ നേതാവും ഇടപെടൽ നടത്തി. കൊച്ചിയിലെ കോൺഗ്രസുകാരുടെ പ്രിയപ്പെട്ടവളായ ബീന കണ്ണനെ പിണക്കാതിരിക്കണമെന്ന് കൊച്ചിൻ കോർപ്പറേഷനിലെ പ്രമുഖരും പറഞ്ഞിരുന്നു. നേരത്തെ മെട്രോ കാലുകളിൽ ശീമാട്ടിയുടേത് മാത്രമായ പരസ്യം പതിക്കാൻ അവസരം നൽകണമെന്നായിരുന്നു ഇവർ വാദിച്ചത്. കൂടാതെ ടെകസ്റ്റെയിൽസിലേക്കുള്ള വഴിയും വിട്ടു നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർക്കായി മാത്രം പ്രത്യേകം ഇളവ് നൽകാൻ സാധിക്കില്ലെന്ന ഘട്ടത്തിലാണ് ബീന കണ്ണനുമായുള്ള ചർച്ച കെഎംആർഎൽ ഉപേക്ഷിച്ചത്. പുതിയ ധാരണ പ്രകാരം ഭൂമി ഉടമസ്ഥാവശം കെഎംആർഎല്ലിന് വിട്ടുകൊടുക്കില്ല. തൂണുകളിൽ പരസ്യം സ്ഥാപിക്കാൻ ശീമാട്ടിക്ക് മുൻഗണനയും നൽകും.

ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് നടപടി ക്രമങ്ങൾ ഇന്ന് തന്നെ പൂർത്തിയാക്കാനാണ് നീക്കം നടക്കുന്നത്. ഉന്നതങ്ങളിൽ സ്വാധീനമുള്ള ശീമാട്ടിയുടെ ഭൂമി ബലംപ്രയോഗിച്ച് ഏറ്റെടുത്താൽ അത് തങ്ങൾക്ക് ക്ഷീണമാണെന്ന് ഉടമസ്ഥർ തന്നെ പറഞ്ഞതോടെ കോൺഗ്രസ് നേതൃത്വവും ഇവർക്ക് അനുകൂലമായി തീരുമാനം കൈക്കൊള്ളുകയായിരുന്നു. ആലുവ മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള 16 കിലോമീറ്റർ സ്ഥലത്ത് ഇവിടെ മാത്രമാണ് ഇനി സ്ഥലം വിട്ടുകിട്ടാനുള്ളത്. പലയിടങ്ങളിലും സ്ഥലം ബലമായി പിടിച്ചെടുത്തപ്പോഴും ശീമാട്ടി സിൽക്‌സിന്റെ സ്ഥലം മാത്രം ആരും തൊട്ടാതിരുന്നത് ഉന്നത സ്വാധീനത്തിന്റെ മാത്രം തെളിവായിരുന്നു. ബാനർജി റോഡിൽ ഗാന്ധിഭവൻ വരേയും എം.ജി. റോഡിന്റെ തുടക്കത്തിലും മെട്രോയുടെ തൂണുകൾ പാർത്തിയായിക്കഴിഞ്ഞു. ശീമാട്ടി വിട്ടുനൽകേണ്ട 32 സെന്റിൽ മാത്രം തൂണുകൾ ഉയർന്നിരുന്നില്ല.

ശീമാട്ടിയുടെ തൊട്ടടുത്ത സ്ഥലങ്ങൾ പോലും ബലംപ്രയോഗിച്ച് ഇടിച്ചു നിരത്തിയ മെട്രോ അധികൃതർ എന്നാൽ ഉന്നതന്റെ മുന്നിൽ മുട്ടുമടക്കുകയാണ് ഉണ്ടായത്. 25 വർഷമായി താമസിക്കുന്ന അല്ലിയമ്മ എന്ന സ്ത്രീയുടെ വീട് നേരത്തെ കൊച്ചിൻ കോർപ്പറേഷൻ ഒരു സുപ്രഭാതത്തിൽ ഇടിച്ചു നിരത്തിയിരുന്നു. കൂടാതെ വികസനത്തിന്റെ പേര് പറഞ്ഞ് അത്താഴ പട്ടിണിക്കാരെ കുടിയിറക്കിയ സംഭവങ്ങൾ നിരവധിയാണ് താനും. ശീമാട്ടിക്ക് മാത്രം പ്രത്യേക പരിഗണന നൽകിയ റവന്യൂ അധികൃതരുടെ നീക്കത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

സിഐടിയു ജില്ലാ സെക്രട്ടറി കെഎൻ ഗോപിനാഥ് ശീമാട്ടി വിഷയത്തിലെ സർക്കാർ നിലപാടിനെതിരെ രംഗത്തെത്തി. നിയമം എല്ലാവർക്കും ഒരുപോലെ ആകണമെന്നും മറ്റുള്ള സ്ഥലങ്ങൾ ഏറ്റെടുത്തത് പോലെ കൊച്ചി മെട്രോയ്ക്ക് വേണ്ടി ശീമാട്ടിയുടെ സ്ഥലവും ഏറ്റെടുക്കണം. ശീമാട്ടിക്കും ഉടമകൾക്കുമായി മറ്റൊരു നിയമം ഇവിടെ ഇല്ലെന്നും ഗോപിനാഥ് മറുനാടൻ മലയാളിയോട് പറഞ്ഞു. പച്ചാളം മേൽപ്പാലത്തിനായി യാതാരു മുന്നറിയിപ്പും പാക്കേജുമില്ലാതെ കുടിയൊഴിപ്പിക്കുമ്പോൾ ഇല്ലാത്ത വികാരം വൻകിടക്കാരനോട് മാത്രം തോന്നുന്നത് സർക്കാറിന്റെ നയങ്ങൾ മൂലമാണെന്നതിന്റെ തെളിവാണ്. ഇതിനെതിരെ സംഘടന ശക്തമായി രംഗത്ത് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സൈബർ ലോകത്തും ശീമാട്ടിക്കെതിരായ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഡൗൺ ശീമാട്ടി ഹാഷ് ടാഗുകളിൽ പ്രതിഷേധം ശക്തമായി ഉയർന്നിട്ടുണ്ട്.