- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിമ്പിളാണ് സീനു ടീച്ചർ; ക്ലാസുകളും; ഹലോ ..ഹായ് സ്റ്റുഡന്റസ് എന്ന് പറഞ്ഞുതുടങ്ങിയാൽ ആരും കേട്ടിരുന്നുപോകും; ഹൈസ്കൂൾ ക്ലാസുകളിലെ സയൻസ് വിഷയങ്ങൾക്ക് സൗജന്യ ഓൺലൈൻ ട്യൂഷൻ എടുക്കുന്ന ഉദയഗിരിയിലെ സീനുടീച്ചർ യൂട്യൂബിൽ ഹിറ്റാകുന്നു; ഒരു ലോക്ഡൗൺ കൗതുകം സൂപ്പറായ കഥ
കണ്ണൂർ: മഴക്കാലമായി.സ്‌കൂളുകൾ തുറന്നു. മഴയിൽ കുതിർന്നു സ്‌കൂളിൽ പോകേണ്ട കാര്യമൊന്നുമില്ലല്ലോ. കോവിഡ് എല്ലാവരെയും വീട്ടിലിരുത്തിയിരിക്കുന്നു. എല്ലാവരും ലാപ്‌ടോപ്പുകളിലും, ടാബുകളിലും മൊബൈലുകളിലും ക്ലാസുകൾ നിരീക്ഷിക്കുന്നു. കുറിപ്പുകൾ എടുക്കുന്നു. കൊച്ചുകുട്ടികളും മുതിർന്ന കുട്ടികളും എല്ലാം സ്‌ക്രീനിൽ കണ്ണുനട്ടിരിക്കുന്ന കാഴ്ച. അപ്പോഴാണ് തെളിനീര് പോലെ ചില ക്ലാസുകൾ. കഴിഞ്ഞ വർഷത്തെ ഒരുടീച്ചറിനെ ഓർമയില്ലേ? ഓൺലൈൻ ക്ലാസിൽ ഹിറ്റായ ടീച്ചർ. എന്റെ തങ്കു പൂച്ചേ... മിട്ടു പൂച്ചേ... ഇനി എല്ലാവരും ഒരുമിച്ച് സ്‌നേഹത്തോടെ നീട്ടി വിളിച്ചേ...തങ്കു പൂച്ചേ...' കേരളം ഒന്നടങ്കം ഈ ടീച്ചറുടെ ക്ലാസിൽ ഹാജരായിരുന്നു. അത്ര മനോഹരമായിരുന്നു കോഴിക്കോട്ടുകാരി സായി ശ്വേത ടീച്ചറുടെ അവതരണം. ഇപ്പോഴിതാ വേറൊരു ടീച്ചർ കൂടി യൂടൂബിൽ ഹിറ്റാകുന്നു. കണ്ണൂർ ഉദയഗിരിയിലെ സീനു ടീച്ചർ. സൗജന്യമായി ട്യൂഷൻ ക്ലാസെടുക്കുന്നത് മുതിർന്ന കുട്ടികൾക്കാണെന്ന വ്യത്യാസം മാത്രം.
ഒന്നാം തരംഗത്തിൽ ലോക്ഡൗണിൽ എല്ലാവരും യൂടൂബിലും ഫേസ്‌ബുക്കിലും പാചകപരീക്ഷണങ്ങളുടെ തിരക്കിലായിരുന്നല്ലോ. വിഭവങ്ങൾ നന്നായി വിളമ്പിയാൽ ഹിറ്റാകുമെന്ന് പലർക്കും മനസ്സിലായി. സബ്‌സ്‌ക്രൈബിങ്ങും ബെൽ ബട്ടൺ അമർത്തലുമൊക്കെ തകൃതിയായി നടന്നു. ഏതായാലും സീനു ടീച്ചറും ആ വഴിയേ ആദ്യം നീങ്ങി. യൂടൂബ് ചാനലുണ്ടാക്കി ചില്ലറ കുക്കറി ഷോ ഒക്കെ ചെയ്തു. ആശിച്ച പോലെ ഹിറ്റാകാതെ വന്നപ്പോൾ നിരാശയായില്ല. പോസിറ്റീവായി കാര്യങ്ങളെ കാണുന്നതാണ് ഇഷ്ടം. ആയിടയ്ക്കായിരുന്നു ബിനുവുമായുള്ള സീനുവിന്റെ വിവാഹം. ലോക്ഡൗൺ ആയതുകൊണ്ട് പലർക്കും വിവാഹത്തിൽ പങ്കുചേരാനായില്ല. എന്നാൽ, നാട്ടുകാരെ കാണിച്ചുകളയാം എന്നുകരുതി കല്യാണ വീഡിയോ യൂട്യൂബിൽ ഇട്ടു. ഇതെല്ലാം പുതിയ ഒരു സംരംഭത്തിന്റെ തുടക്കമാകുമെന്ന് സീനു ടീച്ചർക്ക് തോന്നിയിരിക്കാം.
8, 9 10 ക്ലാസ് കുട്ടികൾക്ക് സൗജ്യമായി ട്യൂഷൻ ക്ലാസുകൾ എടുക്കുന്ന ഐഡിയ ഉദിച്ചതോടെ അതൊരു പുതിയ തുടക്കമായി. ബയോളജിയും, ഫിസിക്‌സും, കെമിസ്ട്രിയും ഒക്കെ സൗജന്യമായി കുട്ടികളിലേക്ക് എത്തുന്നു. ആദ്യം ബന്ധുക്കളുടെ ഗ്രൂപ്പുകളിലേക്ക് വീഡിയോ അയച്ചു. അവിടെ നിന്ന് അത് പടർന്ന് ഇപ്പോൾ വൈറലായി തുടങ്ങി. എ പ്ലസ് വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ തിരക്ക്. കുട്ടികളുടെ നല്ല പ്രതികരണം കൂടിയായതോടെ സീനു ടീച്ചർക്ക് ഉത്സാഹമായി.
ഈ ലോക്ഡൗൺ കാലത്ത് കുട്ടികളെ പരമാവധി സഹായിക്കണം എന്നാണ് സീനുവിന്റെ ആഗ്രഹം.' ഓൺലൈൻ ക്ലാസുകളിൽ പലപ്പോഴും കുട്ടികൾക്ക് പ്രോപ്പറായി പങ്കെടുക്കാൻ കഴിയാറില്ല. വൈദ്യുതി പ്രശ്‌നം, റേഞ്ച് പ്രശ്‌നം. യൂടൂബിൽ ഇങ്ങനെ ഒരുവീഡിയോ ഇടുകയാണെങ്കിൽ കുട്ടികൾക്ക് ഏതുസമയത്തും അതുകാണാനുള്ള സൗകര്യമുണ്ടാകും', സീനു പറഞ്ഞു.
ഭർത്താവ് ബിനുവാണ് വീഡിയോകളുടെ എഡിറ്റിങ്. രാത്രി മൂന്നുമണി വരെയൊക്കെ ഇരുന്നാണ് മിക്ക വീഡിയോകളും പൂർത്തിയാക്കുന്നത്. വിഷയത്തിന് ചേർന്ന ഗ്രാഫിക്‌സ് കൂടി ചേർത്താണ് വീഡിയോ തയ്യാറാക്കുന്നത്. ചാനൽ സബ്‌സ്‌ക്രൈബ് ചെയ്ത് ബെൽ ബട്ടൺ അമർത്തിയാൽ ക്ലാസുകളുടെ നോട്ടിഫിക്കേഷൻ കിട്ടും. ഹോം പേജിൽ കയറി പ്ലേലിസ്റ്റ് നോക്കിയാൽ ഓരോ ക്ലാസിലെയും പ്ലേലിസ്‌ററ് കാണാം. റിവിഷൻ അടക്കമുള്ള ക്ലാസുകളും വീഡിയോയിൽ വരുന്നുണ്ട്. ക്യത്യമായി ക്ലാസുകൾ പിന്തുടരണമെന്ന് മാത്രം. സീനുടീച്ചർ ഹിറ്റാകുമ്പോൾ കുട്ടികൾക്ക് ഗ്രേഡും കൂടണം. അതാണ് ദമ്പതികളുടെ മോഹം. ഏതായാലും ഡിമാൻഡ് വന്നാൽ, 8,9,10 ക്ലാസുകൾ കൂടാതെ മറ്റുക്ലാസുകളിലും സൗജന്യ ട്യൂഷൻ എടുക്കുമെന്നും ടീച്ചർ വാഗ്ദാനം ചെയ്യുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ