1972ൽ അമേരിക്കയിലെത്തിയ ഗുജറാത്തി ദമ്പതികളുടെ മകളായിപ്പിറന്ന് അമേരിക്കയിലെ ശ്രദ്ധേയായ നടിയും പ്രൊഡ്യൂസറുമായിത്തീർന്ന പ്രതിഭയാണ് ശീതൾ സേത്ത്. യുഎസിലെ ന്യൂജേഴ്‌സിയിലുള്ള ഫിലിപ്പ്‌സ്ബർഗിലാണ് ജനനം. ലുക്കിങ് ഫോർ കോമഡി ഇൻ ദി മുസ്ലിം വേൾഡ്, ഐ കാണ്ട് തിങ്ക് സ്‌ട്രെയിറ്റ്, ദി വേൾഡ് അൺസീൻ തുടങ്ങിയവ അവരുടെ ശ്രദ്ധേയമായ സിനിമകളിൽ ചിലതാണ്. സിഎച്ച്‌ഐ ഹെയർ കെയർ, റീബോക്ക് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മോഡലായും ഇവർ തിളങ്ങിയിട്ടുണ്ട്.

മാക്‌സിം മാഗസിനിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ അമേരിക്കനും ശീതളായിരുന്നു. രാഷ്ട്രീയത്തിൽ സജീവതാൽപര്യമുള്ള ശീതൾ ബിഗ് ബ്രദേർസ് ബിഗ് സിസ്റ്റേർസ് ഓഫ് ഗ്രേറ്റർ ലോസ് എയ്ൻജൽസിൽ ബിഗ് സിസ്റ്ററെന്ന നിലയിൽ ഭാഗഭാക്കായിരുന്നു. ഇതിന് പുറമെ വുമൺ വോയ്‌സസ് പോലുള്ള സംഘടകളെ അവർ പ്രമോട്ട് ചെയ്യുന്നുമുണ്ട്.

ഗുജറാത്തി ദമ്പതികളുടെ മൂന്ന് പെൺകുട്ടികളിൽ രണ്ടാമതായാണ് ശീതൾ ജനിച്ചത്. ശീതളിന് 12 വയസ്സുള്ളപ്പോൾ അവരുടെ കുടുംബം പെൻസിൽ വാനിയയിലെ ബെത്ത്‌ലഹേം നഗരത്തിലേക്ക് മാറി. യുവതിയായതോടെ കുടുംബത്തോടൊപ്പം ശീതൾ ഇടയ്ക്കിടെ ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന ശീതളിന് മാതൃഭാഷയായ ഗുജറാത്തിയും നന്നായി വഴങ്ങും. ഇതിന് പുറമെ ഹിന്ദി, ഫ്രഞ്ച്, സ്പാനിഷ് എന്നീ ഭാഷകളും ഇവർ പഠിച്ചിട്ടുണ്ട്.

ചെറുപ്പത്തിൽ ഇവർ അഭിനയത്തെ സ്‌നേഹിക്കുകയും ടിവി കാണാൻ അതീവ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അക്കാലത്ത് പഠനത്തിനായിരുന്നു മുഖ്യ പരിഗണന നൽകിയിരുന്നത്. മൾട്ടികൾച്ചറൽ ഡാൻസ് പഠിച്ചിരുന്നു ശീതൾ പഠനകാലത്ത് അത്‌ലറ്റിക്‌സിൽ പ്രത്യേകിച്ച് ബാസ്‌കറ്റ് ബോളിൽ ഭാഗഭാക്കായിരുന്നു. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ സ്‌കൂൾ നാടകങ്ങൾക്കായുള്ള ഓഡിഷനിൽ പങ്കെടുക്കാൻ കൂട്ടുകാർ നിർബന്ധിക്കുകയും അതിലൂടെ സ്ലൈറ്റ് ഇൻഡൽജൻസസ് എന്ന നാടകത്തിൽ മുഖ്യ വേഷം ലഭിക്കുയും ചെയ്തു. പഠനത്തിലും സ്‌പോർട്‌സിലും മികവ് പുലർത്തിയിരുന്നെങ്കിലും അഭിനയമാണ് തന്റെ മേഖലയെന്ന് ശീതൾ പിന്നീട് തിരിച്ചറിയുകയായിരുന്നു.

1999ലെ എബിസിഡി എന്ന സിനിമയിൽ മധുർ ജാഫ്രി, ആസിഫ് മാൻഡവി എന്നിവർക്കൊപ്പം മുഖ്യവേഷത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു ശീതളിന്റെ അരങ്ങേറ്റം. ഹൂസ്റ്റൺ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഇൻഡി ഫീച്ചർ ഫിലിം കാറ്റഗറിയിൽ മികച്ച ചിത്രമായിത്തീർന്നു. ഹോളിവുഡ് റിപ്പോർട്ടർമാരിൽ നിന്നും പ്രശംസയും നേടിയെടുത്തു. ഇതിലെ അഭിനയത്തിലൂടെ ശീതൾ ഏവരുടെയും പ്രശംസ നേടിയെടുത്തു. ഈ കഥാപാത്രത്തിന്റെ പേരിൽ അവർ വിമർശനങ്ങളും നേരിടേണ്ടി വന്നു. എന്നാൽ അതിലെ കഥാപാത്രത്തെ താൻ യഥാതഥമായി അവതരിപ്പിക്കുക മാത്രമെ താൻ ചെയ്തിരുന്നുള്ളുവെന്നാണ് ശീതൾ അന്ന് ഇതിനോട് പ്രതികരിച്ചത്.

2001ൽ അമേരിക്കൻ ചായ് എന്ന സിനിമയിൽ ഒരു നർത്തകിയുടെ വേഷമായിരുന്നു ശീതളിന്. 2001ലെ സ്ലാംഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ഓഡിയൻസ് അവാർഡ് നേടാൻ ചിത്രത്തിന് കഴിഞ്ഞു. ഇതിനെത്തുടർന്ന് ശീതളിന് സിനിമകളിൽ വ്യത്യസ്തമായ റോളുകൾ ലഭിക്കുകയും ടെലിവിഷനിലും അവസരങ്ങൾ കിട്ടുകയും ചെയ്തു. വിങ്‌സ് ഓഫ് ഹോപ്പ് എന്ന സിനിമയിലെ കഥാപാത്രം ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ്. ഇതിലൂടെ അവർക്ക് സിനെവ്യൂ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു.

2005ൽ ലുക്കിങ് ഫോർ കോമഡി ഇൻ ദി മുസ്ലിം വേൾഡ് എന്ന ചിത്രത്തിൽ ആൽബർട്ട് ബ്രൂക്കിന്റെ നായികയായി തിളങ്ങി. ഇതിൽ മായ എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചിരുന്നത്. ഡൽഹിയിൽ വച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ഇതിനെത്തുടർന്ന് എൻബിസി ടിവി സീരിസായ സിംഗിൾസ് ടേബിളിൽ മാർട്ടിന എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ശീതളിന് അവസരമുണ്ടായി. ഷാമിം സരീഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രങ്ങളായ ഐ കാണ്ട് തിങ്ക് സ്‌ട്രെയിറ്റ്, ദി വേൾഡ് അൺ സീൻ എന്നിവയിൽ അഭിനയിക്കാൻ ശീതളിന് അവസരം ലഭിച്ചു.

ലെസ്‌ബിയൻ ജീവിതം ചിത്രീകരിച്ച ഈ ചിത്രങ്ങളിൽ ലിസ റേയ്‌ക്കൊപ്പമുള്ള ജോഡിയായാണ് ശീതൾ മികച്ച പ്രകടനം കാഴ്ച വച്ചത്. ലോകമാകമാനമുള്ള വിവിധ ചലച്ചിത്രോത്സവങ്ങളിൽ നിരവധി ബെസ്റ്റ് ഫീച്ചർ ഫിലിം അവാർഡുകൾ നേടിയെടുക്കാൻ ഐ കാണ്ട് തിങ്ക് സ്‌ട്രെയിറ്റിന് സാധിച്ചു. ദി വേൾഡ് അൺസീൻ ടൊറൻരോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുയും നാല് ബെസ്റ്റ് ഫീച്ചർ അവാർഡുകൾ നേടുകയും ചെയ്തിരുന്നു. തൽഫലമായി ഈ ചിത്രങ്ങളിലൂടെ ശീതൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. സൗത്ത് ആഫ്രിക്കയിൽ ചിത്രീകരിക്കപ്പെട്ട ദി വേൾഡ് അൺസീൻ 2008ലെ സൗത്ത് ആഫ്രിക്കൻ ഫിലിം ആൻഡ് ടെലിവിഷൻ അവാർഡിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും 11 സാഫ്റ്റാസ് പുരസ്‌കാരങ്ങൾ നേടുകളുയും ചെയ്തു. വേൾഡ് അൺസീനിലെ അഭിനയത്തിന് ശീതളിന് മൂന്ന് ബെസ്റ്റ് ആക്ട്രസ് പുരസ്‌കാരങ്ങൾ ലഭിക്കുകയുമുണ്ടായി.

എ പാക്കറ്റ് ഫുൾ ഓഫ് ഡ്രീംസ്, വിങ്‌സ് ഓഫ് ഹോപ്പ്‌സ്, ഇന്ത്യൻ കൗ ബോയ്, ഡാൻസിങ് ഇൻ ട്വിലൈറ്റ്, ദി ട്രബിൾ വിത്ത് റൊമാൻസി, ഫസ്റ്റ് ഫീയർ, വൈ ഐ ആം ഐ ഡുയിങ് ദിസ്, സ്റ്റേൽമാറ്റ്, ത്രീ വെയിൽസ്, യെസ് വി ആർ ഓപ്പൺ, ദി വിസ്ഡം ത്രീ, എന്നീ സിനിമകളിലും ശീതൾ അഭിനയിച്ചുണ്ട്. ഇതിന് പുറമെ 2012ൽ പുറത്തിറങ്ങിയ റൈൻ എന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസറും ശീതളായിരുന്നു. ദി ഏജൻസി, ലൈൻ ഓഫ് ഫയർ, സ്‌ട്രോംഗ് മെഡിസിൻ, ദി പ്രൗഡ് ഫാമിലി, നിപ്പ് ട്രക്ക്, റോയൽ പ്ലയിൻസ് തുടങ്ങിയവ ശീതൾ അഭിനയിച്ച ശ്രദ്ധേയമായ ചില ടിവി സീരീസുകളാണ്.