- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അധോലോകമായി മാറിയ സീതത്തോട് സഹകരണ ബാങ്കിലെ ക്രമക്കേടിന്റെ കൂടുതൽ തെളിവുകൾ പുറത്ത്; സസ്പെൻസ് അക്കൗണ്ട് സൃഷ്ടിച്ച് തട്ടിയെടുത്തത് മൂന്നു കോടിയിൽപ്പരം രൂപ; സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെയും പേരിൽ പണം വക മാറ്റി; പ്രതിക്കൂട്ടിൽ സിപിഎം
പത്തനംതിട്ട: പുറമേ നിന്നുള്ള ഉദ്യോഗസ്ഥരെയും ഓഡിറ്റർമാരെയും ഭീഷണിപ്പെടുത്തി പരിശോധനകൾക്ക് തടയിടുന്ന, സിപിഎം നേതൃത്വത്തിൽ ഭരിക്കുന്ന സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സസ്പെൻസ് അക്കൗണ്ട് എന്ന പേരിൽ കൃത്രിമ അക്കൗണ്ട് സൃഷ്ടിച്ച് 2018 മാർച്ച് 31 വരെ തട്ടിയെടുത്തത് മൂന്നു കോടി പതിനേഴു ലക്ഷത്തി എഴുപത്തിയേഴായിരത്തി ഇരുന്നൂറ്റി ഇരുപത്തഞ്ച് രൂപ അമ്പത്തിയേഴ് പൈസയാണ്(3,16,77,225.50).
2018 മാർച്ച് 31 ന് ബാങ്കിന്റെ ആങ്ങമൂഴി ശാഖയിലേക്ക് റഫറൻസ് നമ്പർ 2544 പ്രകാരം മാറ്റിയിരിക്കുന്നത് 21,62,408 രൂപയാണ്. സെക്രട്ടറിയായ കെയു ജോസിന്റെ ഭാര്യ, ബന്ധുക്കൾ എന്നിവരുടെ പേരിൽ റഫറൻസ് നമ്പർ 1670 പ്രകാരം കൈപ്പറ്റിയിരിക്കുന്നത് 2,63,245 രൂപയും റഫറൻസ് നമ്പർ 668 ൽ 5,10, 100 രൂപയും നമ്പർ 1817 ൽ 2,05,685 രൂപയുമാണ്.
റഫറൻസ് നമ്പർ 2148 ൽ ആങ്ങമൂഴി ശാഖയിലേക്ക് 14 ലക്ഷം രൂപ മാറ്റിയതായി കാണുന്നു. റഫറൻസ് നമ്പർ 2015 ൽ പർച്ചേസ് അഡ്വാൻസായി ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ 19,48,603 രൂപ കൈപ്പറ്റിയതായി എഴുതിയിരിക്കുന്നു. ഈ കൈമാറ്റമെല്ലാം കൃത്രിമമായി സൃഷ്ടിച്ച സസ്പെൻസ് അക്കൗണ്ട് വഴിയാണ് നടന്നിരിക്കുന്നത്. കണക്കിലും വൻ കൃത്രിമം വരുത്തിയിട്ടുണ്ട്. ഒരു ബ്രാഞ്ചിൽ അഞ്ചു ലക്ഷം രൂപ മാത്രമേ പാടുള്ളൂ എന്ന ബൈലോ നിലനിൽക്കേയാണ് ഇത്ര വലിയ തുകകൾ അവിടേക്ക് മാറ്റിയതായി കാണിച്ചിട്ടുള്ളത്.
2015 മുതൽ 18 വരെയുള്ള വർഷങ്ങളിലെ രേഖകളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്.
ഒരു ബോർഡ് അംഗം വലിയ തുക നേരിട്ട് വാങ്ങാതെ സസ്പെൻസ് അക്കൗണ്ട് വഴി കൈപ്പറ്റിയതിലൂടെ ബോർഡ് അംഗങ്ങൾ മുഴുവൻ പേർക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് സൂചിപ്പിക്കുന്നു. ഇത്രയും വലിയ തട്ടിപ്പ് പുറത്തു വന്നിട്ടും പണാപഹരണം നടത്തിയ ജീവനക്കാർക്ക് മേൽ നടപടി സ്വീകരിക്കാതിരിക്കുന്നത് ബോർഡിന്റെ ഇടപെടൽ വ്യക്തമാക്കുന്നു.
സാധാരണ സസ്പെൻസ് അക്കൗണ്ടിൽ നിലനിർത്തുന്നത് ക്യാഷ് കൗണ്ടർ ക്ലോസ് ചെയ്യുമ്പോൾ ഏതെങ്കിലും എൻട്രി വിട്ടു പോയിട്ടുണ്ടെങ്കിൽ അതിന്റെ തുക മിച്ചമായി വരുന്നത് സൂക്ഷിക്കുന്നതിന് വേണ്ടിയാണ്. വിട്ടു പോയ എൻട്രി കണ്ടു പിടിക്കുന്നതോടെ പണം തിരികെ എടുത്ത് സസ്പെൻസ് അക്കൗണ്ട് ക്ലോസ് ചെയ്യുകയും ചെയ്യും. ഇവിടെ ഇത്തരമൊരു അക്കൗണ്ടിൽ വന്നിരിക്കുന്നത് കോടികളാണ്. അത് തട്ടിയെടുക്കുകയും ചെയ്തിരിക്കുന്നു.
കെയു ജനീഷ് കുമാർ എംഎൽഎ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോ എന്നിവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ബാങ്ക് ഭരണ സമിതി പ്രവർത്തിക്കുന്നതെന്നാണ് പറയപ്പെടുന്നത്. അധികയോഗ്യതയുള്ള ജനീഷിന്റെ ഭാര്യ അനുമോളെ ചട്ടം മറികടന്ന പ്യൂൺ തസ്തികയിലും ജോബി ടി ഈശോയെ നൈറ്റ് വാച്ച് മാൻ എന്ന നിലവിലില്ലാത്ത തസ്തികയിലും ബാങ്കിൽ നിയമിച്ചത് വിവാദമായിരുന്നു.
അനുമോളെ നിയമിക്കുക മാത്രമായിരുന്നില്ല, ചട്ടം മറി കടന്ന് സ്ഥാനക്കയറ്റം നൽകുകയും ചെയ്തിരുന്നു. വിവാദം കനത്തതോടെ അനുമോൾ രാജി വച്ചു. ജോബി ടി ഈശോയെ ഇല്ലാത്ത തസ്തികയിൽ നിന്ന് നീക്കം ചെയ്തുവെങ്കിലും അയാൾ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ഈ സ്റ്റേ വെക്കേറ്റ് ചെയ്യുവാനുള്ള എതിർ സത്യവാങ്മൂലം അഡ്വക്കേറ്റ് ജനറലിന് നൽകാൻ പോലും സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് പേടിയായിരുന്നു. സത്യവാങ്മൂലം നൽകേണ്ട എതിർ കക്ഷിയായ ജില്ലാ ജോയിന്റ രജിസ്ട്രാർ ഈ ചുമതല റാന്നി ഏആറിന് കൈമാറി തലയൂരി.
കോടികളുടെ വെട്ടിപ്പും ക്രമവിരുദ്ധ നിയമനങ്ങളും നടന്ന ഇവിടേക്ക് സഹകരണ വകുപ്പിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും അന്വേഷണത്തിന് ചെല്ലാൻ പാടില്ലെന്ന അലിഖിത നിയമം നിലനിൽക്കുകയാണ്. ഈ നിയമം മറികടന്ന് ചെന്നാൽ സ്ഥലം മാറ്റം ഉറപ്പ്. പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥരെ ഓഫീസിൽ കയറി ഭീഷണിപ്പെടുത്താനും ജീവനക്കാർക്ക് മടിയില്ല. സീതത്തോട് സഹകരണ ബാങ്കിൽ നടക്കുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ പരാതിയുമായി രംഗത്ത് വന്നത് സിപിഎമ്മിന്റെ സർവീസ് സംഘടനയായ എൻജിഓ യൂണിയൻ തന്നെയാണ്. ഇവിടെ നടക്കുന്ന സകല അഴിമതികളും അക്കമിട്ട് നിരത്തിയാണ് എൻജിഓ യൂണിയൻ റാന്നി ഏരിയാ പ്രസിഡന്റ് കേരളാ കോ-ഓപ്പറേറ്റീവ് യൂണിയൻ ജില്ലാ സെക്രട്ടറിക്ക് കത്തു നൽകിയത്.
പാർട്ടിയുടെ ഭരണ നിയന്ത്രണമുള്ള ഈ ബാങ്കിൽ അഴിമതിയും ക്രമക്കേടും നടത്തിയിട്ട് ഇതുമൂലമുണ്ടാകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ ചെല്ലുന്ന ഉദ്യോഗസ്ഥരെ പാർട്ടി വിരുദ്ധരായി ചിത്രീകരിച്ച് സ്ഥലം മാറ്റുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് റാന്നി ഏരിയാ പ്രസിഡന്റിന്റെ കത്തിൽ പറയുന്നു. പരിശോധനയ്ക്ക് ചെല്ലുന്ന ഉദ്യോഗസ്ഥർക്ക് മതിയായ രേഖകൾ, യഥാസമയം കൈമാറാൻ ഇവർ തയാറാകില്ല.
ഓഡിറ്റുമായി ബന്ധപ്പെട്ട അഞ്ച് ഓഡിറ്റർമാരെ ഇതിനോടകം സ്ഥലം മാറ്റി കഴിഞ്ഞു. കൂടാതെ എൻ.ജി.ഓ യൂണിയൻ നിയമിച്ചിട്ടുള്ള ഇൻസ്‌പെക്ടർമാരെ മാറ്റി പുതിയ ആൾക്കാരെ വച്ചു. ഇപ്പോൾ അഞ്ചാമത്തെ ഇൻസ്‌പെക്ടർ ആണ് സീതത്തോട് ബാങ്ക് ഉൾപ്പെട്ട വടശേരിക്കര യൂണിറ്റിൽ ജോലി ചെയ്യുന്നത്. മദ്യപിച്ച് ഓഫീസിൽ ചെന്ന ബാങ്ക് സെക്രട്ടറി ഓഡിറ്റർമാരെ ഭീഷണിപ്പെടുത്തിയെന്നും കത്തിലുണ്ട്. ഇങ്ങനെ പാർട്ടിയുടെ പേരിലുള്ള അമിതമായ ഇടപെടൽ ഓഫീസിന്റെ പ്രവർത്തനത്തെയും സർക്കാരിന്റെ പ്രതിഛായയെയും ബാധിക്കുന്നതാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്