പത്തനംതിട്ട: സീതത്തോട് ബാങ്കിൽ നടന്ന കോടികളുടെ ക്രമക്കേടിൽ ഭരണ സമിതി, അംഗങ്ങൾ, സിപിഎം നേതാക്കൾ, ജീവനക്കാർ എന്നിവരുടെ പങ്ക് വ്യക്തം. സെക്രട്ടറി കെയു ജോസിന്റെ തലയിൽ മുഴുവൻ ഉത്തരവാദിത്തവും കെട്ടിവച്ച് പുറത്താക്കിയതിന് ശേഷം ഭരണ സമിതി അംഗങ്ങളും സിപിഎം നേതാക്കളും ചേർന്ന് നടത്തിയ പത്രസമ്മേളനത്തിൽ പുറത്തു വിട്ട ജില്ലാ ബാങ്കിന്റെ അന്വേഷണ റിപ്പോർട്ടിന്റെ ഭാഗം വസ്തുതകൾ മറച്ചു വച്ചു കൊണ്ടുള്ളത്.

ജോസിന്റെ ക്രമക്കേട് വിശദീകരിക്കുന്ന റിപ്പോർട്ടിന്റെ 19 മുതൽ 24 വരെയും 43-ാം പേജുകളുമാണ് പുറത്തു വിട്ടിരിക്കുന്നത്. ഇതിന്റെ ശേഷിക്കുന്ന പേജുകളിൽ ബാങ്കിന്റെ മുൻ സെക്രട്ടറി കെഎൻ സുഭാഷ്, നിലവിലെ പ്രസിഡന്റ് ടിഎ നിവാസ്, സിപിഎം നേതാക്കളായ പിആർ പ്രമോദ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് ചട്ടം ലംഘിച്ച് എത്തിയതും വക മാറ്റിയതുമായ ലക്ഷങ്ങളുടെ കണക്കുകൾ ഉണ്ട്.

ഇതിന് പുറമേ ഡയറക്ടർ ബോർഡ് അംഗങ്ങൾ സഹകരണ നിയമം ലംഘിച്ച മക്കളെ ബാങ്കിൽ ജോലിക്ക് നിയമിച്ചു, വായ്പയെടുത്തു കുടിശിക വരുത്തി എന്നിങ്ങനെ ഗുരുതരമായ പ്രശ്നങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് സീതത്തോട് മണ്ഡലം കമ്മറ്റി ആരോപിച്ചു. ജോസിനെ മാത്രം പ്രതിക്കൂട്ടിൽ നിർത്തി വിഷയത്തിൽ നിന്ന് തലയൂരാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് സീതത്തോട് മണ്ഡലം പ്രസിഡന്റ് രതീഷ് കെ. നായർ, ബ്ലോക്ക് വൈസ് പ്രസിഡന്റ്് ഷെമീർ തടത്തിൽ, യൂത്ത്കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്് ജോയൽ മുക്കരണത്ത് എന്നിവർ പറഞ്ഞു.

കോടികളുടെ തട്ടിപ്പ് ഇല്ലായ്മ ചെയ്യാൻ സിപിഎം ഫ്രാക്ഷൻ നേതൃത്വം നൽകുന്ന സഹകരണ വകുപ്പ് നടത്തുന്ന വഴി വിട്ട നീക്കങ്ങളുടെ ഞെട്ടിക്കുന്ന കഥകളും കോൺഗ്രസ് നേതാക്കൾ പുറത്തു വിട്ടു. സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാർ എംജി പ്രമീളയാണ് അട്ടിമറിക്ക് ചുക്കാൻ പിടിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. ബാങ്കിൽ ക്രമക്കേട് കണ്ടാൽ മൂന്നു വർഷത്തിനകം ആർബിട്രേഷൻ നടപടി സ്വീകരിച്ചിരിക്കണം. അല്ലാത്ത പക്ഷം നിയമ സാധുത നഷ്ടമാകും. ഈ കാലയളവ് മറികടക്കാൻ വളരെ വ്യക്തമായ ഗെയിം പ്ലാനാണ് സഹകരണ വകുപ്പും സിപിഎമ്മും ചേർന്ന് നടപ്പാക്കിയിരിക്കുന്നത്. 1.63 കോടിയുടെ തട്ടിപ്പ് മാത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അത്രയും കണ്ടെത്താൻ രണ്ടു വർഷത്തെ അന്വേഷണം വേണ്ടി വന്നു. 2019 ഡിസംബറിൽ മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ചട്ടം 65 പ്രകാരം അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ടു വർഷത്തിന് ശേഷമാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. ഇനി ഈ റിപ്പോർട്ടിന്മേൽ വിവാദമുണ്ടാക്കി ഒരു വർഷം കൂടി തള്ളി നീക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് നേതൃത്വം നൽകുന്നത് കെയു ജനീഷ്‌കുമാർ എംഎൽഎയും സിപിഎം ജില്ലാ നേതൃത്വവുമാണെന്ന് നേതാക്കൾ പറഞ്ഞു.

സീതത്തോട് ബാങ്കിനെതിരായ സമരം ശക്തമാക്കി മുന്നോട്ടു പോകാനാണ് തീരുമാനം. കെപിസിസി നേരിട്ട് സമരം നയിക്കും. ഇതിനായി പിടി തോമസ് എംഎൽഎയെ നിയോഗിച്ചു. ഹൈക്കോടതിയിൽ കേസു നടത്തുന്നത് ഉൾപ്പെടെ പിടി തോമസായിരിക്കും. സിപിഎമ്മിന് പ്രതിരോധത്തിനുള്ള ഏക മാർഗം കെയു ജോസിനെ കോൺഗ്രസ് സംരക്ഷിക്കുന്നുവെന്ന് പറയുന്നതാണ്. എന്നാൽ, ജോസിനെ ഒരു കാരണവശാലും തങ്ങൾ സംരക്ഷിക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. സിപിഎമ്മിന്റെ ഈ ആരോപണം ബാലിശമെന്ന് കണ്ട് കോൺഗ്രസ് തള്ളുകയും ചെയ്തു.

ജോസിനെതിരേ മാത്രമല്ല, മുൻ സെക്രട്ടറി കെഎൻ സുഭാഷ്, സിപിഎം പെരുനാട് ഏരിയാ കമ്മറ്റി അംഗം പിആർ പ്രമോദ്, ബാങ്ക് പ്രസിഡന്റ് ടിഎ നിവാസ് എന്നിവരുടെ സ്വന്തം അക്കൗണ്ടുകളിലേക്ക് ചട്ടവിരുദ്ധമായി പണം മാറ്റിയിട്ടുണ്ട് എന്ന് ചട്ടം 65 പ്രകാരം നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. ബാങ്ക് ഭരണ സമിതി അംഗങ്ങളായ സിപിഎം സീതത്തോട് ലോക്കൽ സെക്രട്ടറിയും മറ്റൊരു അംഗവും വായ്പയെടുത്ത് കുടിശിക വരുത്തിയിട്ടുണ്ട്. സഹകരണ നിയമം 44 പ്രകാരം ഡയറക്ടർ ബോർഡ് അംഗങ്ങൾ കുടിശിക വരുത്തിയാൽ അവർ അയോഗ്യരാകും. കൂടാതെ ഡയറക്ടർ ബോർഡ് അംഗത്തിന്റെ മകന് ഈ ബാങ്കിൽ ജോലി ചെയ്യുന്നുണ്ട്. ഇതും കുറ്റകരമായ ചട്ടലംഘനമാണ്.
ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ നാല് അംഗങ്ങൾ സിപിഐക്കാരാണ്. ഇവിടെ എടുത്തിട്ടുള്ള തീരുമാനങ്ങൾ ഒന്നും തങ്ങൾ അറിഞ്ഞിട്ടില്ലെന്ന് അവരും പറയുന്നു.

ബാങ്ക് ഭരണ സമിതിയുടെ അറിവോടെ വമ്പൻ ക്രമക്കേടാണ് നടന്നിട്ടുള്ളതെന്ന് കോൺഗ്രസ് ആരോപിച്ചു. മുൻ സെക്രട്ടറി കെഎൻ സുഭാഷിന്റെ കാലത്ത് ഭാര്യയുടെയും സഹോദരന്റെയും പേരിൽ സ്വർണ പണയ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ ആഭരണം പണയം വച്ചാൽ 84,000 രൂപ മാത്രമേ വായ്പ നൽകാവൂ. ഇവിടെ സുഭാഷിന്റെ ബന്ധുക്കൾക്ക് 1.10 ലക്ഷം വരെയാണ് നൽകിയിരിക്കുന്നത്. വാഹനം ചെല്ലുന്ന വഴിയില്ലാത്ത ഏക്കർ കണക്കിന് ഭൂമി ഈടായി വാങ്ങി 40 ലക്ഷം രൂപ വരെ വായ്പ നൽകിയിട്ടുണ്ട്. ഇതിപ്പോൾ നിഷ്‌ക്രിയ ആസ്തിയായി മാറി. വഴിയില്ലാത്ത ഈ ഭൂമിക്ക് കൂടി വന്നാൽ നാലു ലക്ഷം രൂപയാണ് മതിപ്പു വില. അതിനാണ് 40 ലക്ഷം വരെ വായ്പ നൽകിയിരിക്കുന്നത്. ഈ ഭൂമി ജപ്തി ചെയ്താൽ ബാങ്കിന്റെ മുതലും പലിശയും തിരിച്ചു കിട്ടില്ല.

കെയു ജോസ് മാത്രമാണ് ക്രമക്കേട് നടത്തിയതെന്നുള്ള ഭരണ സമിതിയുടെയും ജില്ലാ നേതൃത്വത്തിന്റെയും വാദങ്ങൾ അഴിമതി മൂടി വച്ച് എംഎൽഎ ഉൾപ്പെടെയുള്ള സിപിഎം പ്രാദേശിക നേതൃത്വത്തെ രക്ഷിച്ചെടുക്കാനായിട്ടാണ് എന്നും കോൺഗ്രസ് ആരോപിച്ചു.
എസ്ബി അക്കൗണ്ട് 3351-ലേക്ക് സസ്പെൻസ് അക്കൗണ്ടിൽ നിന്ന് രണ്ടുലക്ഷം രൂപ മുൻ സെക്രട്ടറി മാറ്റിയതായി കാണിച്ചിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഈ അക്കൗണ്ട് സിപിഎം ഏരിയാ കമ്മറ്റി അംഗവും സീതത്തോട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ പിആർ പ്രമോദിന്റെ പേരിലുള്ളതാണ്.

ജില്ലാ സഹകരണ ബാങ്കിന്റെ 2019 ഫെബ്രുവരി 13 ലെ അന്വേഷണ റിപ്പോർട്ടിൽ കൃഷി ഭവൻ അഡ്വാൻസ് നിന്നും 2018-19 വർഷത്തിൽ സിപിഎം ഏരിയ സെക്രട്ടറിയും ബാങ്ക് പ്രസിഡന്റുമായ ടിഎ നിവാസിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് 75,000 രൂപ മാറ്റിയെന്ന് പറയുന്നു. ഇത് വളം ഇടപാടിലെ കമ്മീഷനാണ്. ഈ അക്കൗണ്ടിലേക്ക് നിരവധി തവണ പണം സസ്പെൻസ് അക്കൗണ്ടിൽ നിന്നും വക മാറ്റിയിട്ടുണ്ട്.
ബാങ്കിൽ നടന്ന ക്രമക്കേട് ഏഴു വർഷമായിട്ടും അറിഞ്ഞിട്ടില്ലെന്നാണ് ഭരണ സമിതി പറയുന്നത്. പ്രസിഡന്റ്, സെക്രട്ടറി, അക്കൗണ്ടന്റ്, കാഷ്യർ എന്നിവർ അറിയാതെ അസിസ്റ്റന്റ് സെക്രട്ടറി ജോസ് പണം തിരിമറി നടത്തി എന്ന് പറയുന്നത് ബാലിശമാണ്.

ബാങ്ക് കമ്പ്യൂട്ടർവൽക്കരിച്ചതാണെങ്കിലും ലഡ്ജർ സൂക്ഷിക്കുന്നുണ്ട്. കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്നതിനൊപ്പം ലഡ്ജറിലും കണക്ക് എഴുതി സൂക്ഷിക്കാറുണ്ട്. ഇതിൽ കാഷ്യറും സെക്രട്ടറിയും ഒപ്പിടേണ്ടതുണ്ട്. ബാങ്ക് പ്രസിഡന്റ് ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഈ കണക്ക് പരിശോധിക്കണം. അതൊന്നും നടക്കാതെ അസിസ്റ്റന്റ് സെക്രട്ടറി മാത്രം തട്ടിപ്പു നടത്തിയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ട്.
ബാങ്കിന്റെ മുൻ സെക്രട്ടറിയും സിപിഎം ആങ്ങമൂഴി ലോക്കൽ കമ്മറ്റി അംഗവും സിഐടിയുപഞ്ചായത്ത് സെക്രട്ടറിയും മുൻ സീതത്തോട് ലോക്കൽ സെക്രട്ടറിയുമായ കെഎൻ സുഭാഷിന്റെ കാലത്ത് വമ്പൻ അഴിമതിയാണ് നടന്നിരിക്കുന്നത്. സിപിഎം നേതാക്കളുടെ തട്ടിപ്പ് വ്യക്തമാക്കുന്ന സഹകരണ വകുപ്പ് റിപ്പോർട്ട് ഉണ്ടായിട്ടും കണ്ണടച്ച് ഇരുട്ടാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.

ക്രമക്കേട് പുറത്തു വന്നതു മുതൽ ബാങ്കിലേക്ക് എത്തുന്ന നിക്ഷേപങ്ങൾ ദുരൂഹമാണ്. ബാങ്കിന്റെ പ്രവർത്തന പരിധിക്ക് വെളിയിൽ നിന്ന് കോന്നി എംഎൽഎയുടെയും ബിനാമികളുടെയും മാഫിയകളുടെയും കരാറുകാരുടെയും സഹായത്തോടെ സാമ്പത്തിക പ്രതിസന്ധി മറി കടക്കാനുള്ള ശ്രമമാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ബാങ്ക് രേഖകളിൽ കൃത്രിമം കാട്ടി ഉറവിടം മറച്ചു വയ്ക്കുന്നു. ബാങ്കിന്റെ ധനസ്ഥിതി സംബന്ധിച്ച് പുറത്തു വിടുന്നത് വ്യാജകണക്കുകളാണ്. വായ്പകളിൽ പകുതിയും നിഷ്‌ക്രിയ ആസ്തികളാണ്. ജില്ലാ സഹകരണ ബാങ്കിൽ മാത്രം ഏഴരക്കോടി രൂപയുടെ ബാധ്യത ഉണ്ട്. നബാർഡ് സഹായത്തോടെ നിർമ്മിച്ചിരിക്കുന്ന ആസ്തികളുടെ ബാധ്യത തുടരുകയാണ്. എംഎൽഎയാണ് ബാങ്കിന്റെ പ്രതിസന്ധി മറികടക്കാൻ ഓടി നടക്കുന്നത്. വൻതുക ഡെപ്പോസിറ്റ് ചെയ്തവർ അത് മടക്കി ചോദിക്കുമ്പോൾ ഒന്നുകിൽ മാസങ്ങൾ കഴിഞ്ഞുള്ള തീയതി വച്ച് ചെക്ക് നൽകും. അല്ലെങ്കിൽ എംഎൽഎ അവരെ വിളിച്ച് സാവകാശം ചോദിക്കുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.