പത്തനംതിട്ട: സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ അഴിമതി കോടികളുടെ അഴിമതി മൂടിവയ്ക്കാനുള്ള സിപിഎമ്മിന്റെയും കെയു ജനീഷ് കുമാർ എംഎൽഎയുടെയും നീക്കത്തിന് തിരിച്ചടി. ബാങ്കിൽ നടന്ന ക്രമക്കേടുകളും അനധികൃത നിയമനങ്ങളും സംബന്ധിച്ച് സഹകരണ നിയമപ്രകാരം അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിടുമ്പോൾ വെട്ടിലാകുന്നത് അന്വേഷണ സംഘങ്ങളെ ബാങ്കിൽ നിന്ന് അകറ്റി അധോലോകം പോലെ പ്രവർത്തിച്ചിരുന്ന സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതിയാണ്.

ബാങ്കിലെ അഴിമതിക്കെതിരേ സമര പ്രഹസനം നടത്തി വന്ന കോൺഗ്രസിനും ബിജെപിക്കും കൂടിയുള്ള അടിയാണ് ഈ വിധി. കോൺഗ്രസുകാരെ ഭീഷണിപ്പെടുത്തിയും ബിജെപിക്കാരെ സ്വാധീനിച്ചുമാണ് സമരത്തിൽ നിന്ന് സിപിഎമ്മും എംഎൽഎയും അകറ്റിയതെന്ന ആക്ഷേപം നില നിൽക്കുന്നതിനിടെ സ്വതന്ത്ര കർഷക സംഘടനയായ കിഫയുടെ നേതൃത്വത്തിൽ ബാങ്ക് സഹകാരികളെ ഏകോപിപ്പിച്ചു നടത്തിയ നിയമപോരാട്ടത്തിന്റെ ഭാഗമായാണ് ഹൈക്കോടതിയെ സമീപിച്ചത്.

ബാങ്കിന്റെ മുൻ പ്രസിഡന്റ് സി.കെ. പുരുഷോത്തമൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.അഴിമതി ആരോപണങ്ങളിൽ സഹകരണ നിയമം 65 പ്രകാരം സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ സിപിഎമ്മും ജനീഷ് അടക്കമുള്ള നേതാക്കളും നെട്ടോട്ടം തുടങ്ങി. ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ടു നഷ്ടമായ തുക ഭരണസമിതി അംഗങ്ങളിൽ നിന്ന് സഹകരണ നിയമം 68 പ്രകാരം ഈടാക്കാനും ഉത്തരവിട്ടതായി സി.കെ. പുരുഷോത്തമനും കിഫ ജില്ലാ ചെയർമാൻ ജോളി കാലായിലും പറഞ്ഞു.

ജനീഷ് കുമാർ എംഎൽഎയുടെ ഭാര്യയ്ക്ക് പ്യൂൺ തസ്തികയിൽ നൽകിയ നിയമനം അന്വേഷിക്കണം. പ്യൂൺ തസ്തികയിൽ നിയമനത്തിനുള്ള ചട്ടം മറി കടന്നാണ് ജനീഷിന്റെ ഭാര്യയെ നിയമിച്ചത്. പിന്നീട് സ്ഥാനക്കയറ്റവും നൽകി. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇത് വിവാദമായതോടെ ഭാര്യയെ കൊണ്ട് രാജി വയ്പിച്ച് ജനീഷ് തലയൂരുകയായിരുന്നു. ബാങ്കിന് നഷ്ടം വന്ന തുക കാലാകാലങ്ങളിൽ ഇരുന്ന ഭരണ സമിതി അംഗങ്ങളിൽ നിന്ന് വകുപ്പ് 68 പ്രകാരം ഈടാക്കണമെന്ന ഹർജിക്കാരന്റെ ആവശ്യവും കോടതി അംഗീകരിച്ചു. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോയെ ബാങ്കിൽ നൈറ്റ് വാച്ചർ തസ്തികയിൽ നിയമിച്ച അഴിമതിയും അന്വേഷിക്കണം. ബാങ്കിന്റെ മുൻ സെക്രട്ടറി കെഎൻ സുഭാഷിന്റെ പ്രവർത്തനങ്ങൾ അന്വേഷിക്കാനും ഉത്തരവിൽ പറയുന്നുണ്ട്.

നിയമ നടപടിക്ക് നേതൃത്വം നൽകിയ സിപിഎം പ്രാദേശിക നേതാവായിരുന്ന സി.കെ. പുരുഷോത്തമൻ 1997 - 2001 കാലയളവിൽ സീതത്തോട് ബാങ്ക് പ്രസിഡന്റായിരുന്നു. ഇക്കാലയളവിൽ ബാങ്കിനെ മൂന്നാംക്ലാസ് പദവിയിലേക്ക് ഉയർത്തിക്കൊണ്ടി വന്നിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ 2008 എത്തിയപ്പോഴേക്കും ബാങ്കിന്റെ പദവി ആറാം ക്ലാസിലേക്ക് താഴ്ന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അഴിമതിയും കെടുകാര്യസ്ഥതയും വെളിവായത്. ബാങ്കിലെ അഴിമതികളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ജോയിന്റ് രജിസ്ട്രാർക്ക് 2018ൽ താൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സിപിഎം തന്നെ പുറത്താക്കിയെന്നും പുരുഷോത്തമൻ പറഞ്ഞു.

രാഷ്ട്രീയ നേതൃത്വത്തിന്റെ അഴിമതികൾ മറച്ചുവച്ച് കേവലമൊരു ബാങ്ക് ഉദ്യോഗസ്ഥനെതിരെ മാത്രം നടപടി സ്വീകരിച്ച് യഥാർഥ കൊള്ളക്കാരുടെ മുഖംരക്ഷിക്കാനുള്ള രാഷ്ട്രീയ സ്വാധീനത്തിൽപെട്ട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവെന്നും കിഫ ഭാരവാഹികൾ പറഞ്ഞു. സിപിഎമ്മിലെ ചില പ്രാദേശിക നേതാക്കൾ തങ്ങളുടെ അന്യായമായ ധനസമ്പാദനത്തിനു വേണ്ടി ബാങ്കിനെ കൊള്ളയടിച്ചതായും മുൻ പ്രസിഡന്റ് പറഞ്ഞു. 824 കോടി രൂപയുടെ നിക്ഷേപവും 50 കോടി രൂപ വായ്പയുമായി മലയോര മേഖലയിൽ കർഷകരുടെ ആശ്രയമായി വളർന്നുവന്ന ബാങ്കാണ് തകർച്ചയുടെ വക്കിലെത്തിയതെന്നും കിഫ ചൂണ്ടിക്കാട്ടി.

2019 ഡിസംബർ 31നു സഹകരണനിയമം 65 പ്രകാരം അന്വേഷണത്തിന് രജിസ്ട്രാർ ഉത്തരവിട്ടിരുന്നു. 2018ൽ വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ ബാങ്കിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും അനധികൃത നിയമനവും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽകൂടി ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ബാങ്ക് സെക്രട്ടറിയെ കുറ്റക്കാരനായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി ആയിരുന്ന കെ.യു. ജോസിനെതിരെ നടപടി ഉണ്ടായി. എന്നാൽ ജോസ് സെക്രട്ടറിയായി ചുമതലയേൽക്കുന്നതിനു മുമ്പേ ബാങ്കിൽ ഗുരുതരമായ ക്രമക്കേടുകളും അനധികൃത നിയമനവും നടന്നിരുന്നു.

അക്കാലയളവിലെ സെക്രട്ടറിയെ ഒഴിവാക്കുകയും ഭരണസമിതിയെ വെള്ളപൂശുകയും ചെയ്തുകൊണ്ടാണ് ജോയിന്റെ രജിസ്ട്രാർ റിപ്പോർട്ട് നൽകിയത്. പ്യൂൺ, നൈറ്റ് വാച്ചർ തസ്തികകളിൽ നടത്തിയ രാഷ്ട്രീയ നിയമനങ്ങൾ അന്വേഷിക്കണമെന്നാവശ്യവും ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം അംഗീകരിച്ചാണ് കോടതി ഉത്തരവ് നൽകിയിരിക്കുന്നതെന്നും നീതിയുക്തമായ അന്വേഷണത്തിലൂടെ തട്ടിപ്പുകൾ പുറത്തുവരുമെന്നും പുരുഷോത്തമനും ജോളി കാലായിലും പറഞ്ഞു.