- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ വകുപ്പ് അന്വേഷണത്തിന്റെ സാങ്കേതികത്വത്തിൽ കടിച്ചുതൂങ്ങി ഭരണസമിതി; ക്രമക്കേടിൽ പേരു വന്നത് രണ്ടു സെക്രട്ടറിമാരുടെ; ബലിയാടാക്കിയത് കെ യു ജോസിനെ മാത്രം; എന്തു ചോദിച്ചാലും ചട്ടം മാത്രം പറഞ്ഞ് രക്ഷപ്പെടാനും ശ്രമം; ജോസിന്റെ തലയിൽ കുറ്റം മുഴുവൻ വച്ചു കെട്ടാനുള്ള ജനീഷ്കുമാറിന്റെ നീക്കം പൊളിച്ചു
പത്തനംതിട്ട: സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടിന്റെ ഉത്തരവാദിത്തം കെയു ജനീഷ്‌കുമാർ എംഎൽഎയ്ക്കും അദ്ദേഹത്തിന്റെ കൂട്ടാളികൾക്കുമാണെന്ന് കാട്ടി സസ്പെൻഷനിലായ സെക്രട്ടറി കെയു ജോസ് മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തു വന്നതോടെ മുഖം രക്ഷിക്കാൻ വേണ്ടി പത്രസമ്മേളനം വിളിച്ച ബാങ്ക് ഭരണ സമിതി വെട്ടിലായി. കുറ്റം മുഴുവൻ ജോസിന്റെ തലയിൽ കെട്ടി വയ്ക്കാൻ വേണ്ടി എംഎൽഎയുടെ നിർദ്ദേശ പ്രകാരം പ്രസ് ക്ലബിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ബാങ്ക് പ്രസിഡന്റും സിപിഎം നേതാക്കളും വിയർത്തു. സഹകരണ വകുപ്പിന്റെ ചട്ടം 65 പ്രകാരമുള്ള അന്വേഷണ റിപ്പോർട്ട് എന്നൊരു പല്ലവി ആവർത്തിക്കാനേ ഇവർക്ക് കഴിഞ്ഞുള്ളു. മാധ്യമ പ്രവർത്തകരുടെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങൾ ചട്ടം 65 പരിചയാക്കി തടുക്കാനുള്ള ശ്രമമാണ് നടന്നത്.
2012-18 കാലഘട്ടത്തിൽ നടന്ന ക്രമക്കേടിൽ മുൻ സെക്രട്ടറി എൻ. സുഭാഷും അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ജോസും കുറ്റക്കാരാണെന്നാണ് പറയുന്നത്.
സുഭാഷും ജോസും ചേർന്ന് 1,62,8900 രൂപയുടെ തിരിമറിയാണ് നടത്തിയത്. 1,40,49,235 രൂപയാണ് ജോസ് അപഹരിച്ചതായി കണ്ടെത്തിയിട്ടുള്ളത്. മുൻ സെക്രട്ടറി എൻ. സുഭാഷ് 1564000 രൂപ തിരിച്ചടച്ചു. 2019 മെയ് മാസമാണ് സുഭാഷ് വിരമിച്ചത്. ഈ സമയം കുറവു വന്ന പണം അദ്ദേഹം അത് തിരിച്ചടച്ചു. അതു കൊണ്ടാണ് സുഭാഷിനെതിരേ നടപടിയില്ലാത്തത് എന്നാണ് ഭരണ സമിതി അംഗങ്ങൾ പറയുന്നത്. മോഷണം നടത്തിയ ആൾ മോഷ്ടാവല്ലേ, നിങ്ങൾ എന്തു കൊണ്ട് സുഭാഷിന്റെ പേരിൽ പൊലീസിൽ പരാതി നൽകിയില്ല. എസ്‌പിക്ക് നൽകിയിരിക്കുന്ന പരാതി ഇപ്പോഴത്തെ സെക്രട്ടറി ജോസിന്റെ പേരിലല്ലേ എന്നും ചോദ്യം ഉയർന്നു.
ബാങ്ക് ഗാർഹികാന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ചട്ടം 67 പ്രകാരം സഹകരണ വകുപ്പിന്റെ മറ്റൊരു അന്വേഷണം കൂടി നടക്കുന്നുണ്ടെന്നും ഭരണ സമിതി പ്രസിഡന്റ് ടിഎ നിവാസ് പറഞ്ഞു. ഈ അന്വേഷണത്തിൽ സുഭാഷോ അന്നത്തെ ബാങ്ക് പ്രസിഡന്റോ കുറ്റക്കാരനാണെന്ന് കണ്ടാൽ നിയമ നടപടിയുണ്ടാകുമെന്നും പറയുന്നു.
തട്ടിപ്പ് നടന്ന ഏഴു വർഷം ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി, മറ്റു ജീവനക്കാർ, ഓഡിറ്റിങ് ടീം, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ എന്തു ചെയ്യുകയായിരുന്നുവെന്ന ചോദ്യത്തിനും മറുപടിയായി പറഞ്ഞത് ചട്ടം 65.
ജോസ് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടിലേക്കാണ് പണം വകമാറ്റിയത്. 1.56 കോടി രൂപ തിരിച്ചടച്ചുവെന്ന് ജോസ് രേഖ ഹാജരാക്കിയിരുന്നു. എന്നാൽ, പണം അടയ്ക്കാതെ വ്യാജ രസീത് നൽകുകയായിരുന്നു ജോസെന്ന് കണ്ടെത്തിയെന്നും പ്രസിഡന്റ് ടിഎ നിവാസ്, സിപിഎം പെരുനാട് ഏരിയാ കമ്മറ്റിയംഗങ്ങളായ പിആർ പ്രമോദ്, ജോബി ടി. ഈശോ, ജില്ലാ പഞ്ചായത്തംഗം ലേഖാ സുരേഷ്, സിപിഎം സീതത്തോട് ലോക്കൽ സെക്രട്ടറി കെ.കെ. മോഹനൻ എന്നിവർ പറഞ്ഞു.
ജോസ് തിരിമറി നടത്തിയതിന് തെളിവുകളുണ്ടെന്നും സ്വീകരിച്ചിട്ടുള്ള നടപടികൾ നിയമാനുസൃതമാണെന്നും സഹകരണ വകുപ്പിന്റെ ചട്ടം 65 പ്രകാരം നടത്തിയ പരിശോധനയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തതെന്നും നേതാക്കൾ പറഞ്ഞു. പണം തിരിമറി നടത്തിയതിന് ജോസിനെതിരേ നടപടി ആവശ്യപ്പെട്ട് ഭരണ സമിതി പരാതി നൽകിയിട്ടുണ്ട്.
ക്രമക്കേട് കണ്ടെത്തിയപ്പോൾ തന്നെ ജോസിനെ സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു. സസ്പെൻഷൻ കൂടി വന്നതോടെ പാർട്ടിയെയും ബാങ്ക് ഭരണ സമിതിയെയും കരിവാരിത്തേക്കാൻ ജോസ് ശ്രമിക്കുകയാണ്. ജനീഷ്‌കുമാർ എംഎൽഎയ്ക്കും പാർട്ടിയുടെ നേതാക്കൾക്കുമെതിരേ അടിസ്ഥാന രഹിതമായ ആരോപണമാണ് ഇദ്ദേഹം ഉന്നയിക്കുന്നത്. ട്രാൻസ്ഫർ എൻട്രി മുഖേനെയാണ് തട്ടിപ്പ് നടന്നത്. ഈ വിവരം കാഷ്യർ അറിഞ്ഞിട്ടില്ല. ഓഡിറ്റിങ്ങിലും കണ്ടെത്താൻ പ്രയാസമാണ്. തട്ടിപ്പ് നടന്ന വിവരം ഭരണ സമിതിക്ക് കണ്ടെത്താൻ കഴിയാതെ പോയതും ഇതു കൊണ്ടാണ്.
ബാങ്കിന്റെ ഇന്റേണൽ ഓഡിറ്റർ കൂടിയായിരുന്നു ജോസ്. ഇതു കാരണം ഓഡിറ്റ് റിപ്പോർട്ടിൽ പണം നഷ്ടമായ വിവരം വന്നില്ല. എക്സ്റ്റേണൽ ഓഡിറ്റർമാർക്കും ഈ വിവരം കിട്ടിയില്ല. ജില്ലാ സഹകരണ ബാങ്കിൽ നിന്ന് വന്ന ടീം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. തട്ടിപ്പ് നടത്തിയതിന് ശേഷം കോൺഗ്രസുകാർക്കൊപ്പം ചേർന്ന് ബാങ്കിനും നേതാക്കൾക്കുമെതിരേ ജോസ് കുപ്രചാരണം നടത്തുകയാണ്. വിവാദം സൃഷ്ടിച്ച് അന്വേഷണം വഴി തിരിച്ചു വിടുന്നതിന് വേണ്ടിയാണ് എംഎൽഎയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്നും നേതാക്കൾ പറഞ്ഞു.
ക്രമക്കേട് നടക്കുന്ന സമയത്ത് ബാങ്കിന്റെ ആങ്ങമൂഴി ശാഖാ മാനേജർ ആയിരുന്നു ജോസ്. തന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് താൻ അറിയാതെ പണം വകമാറ്റുകയും എംഎൽഎയും സംഘവും പിന്നീട് അത് പിൻവലിക്കുകയും ആയിരുന്നുവെന്നാണ് ജോസ് പറയുന്നത്. കാലാകാലങ്ങളിൽ നടന്ന തട്ടിപ്പിന്റെ ചെറിയൊരു കണിക പോലും ഭരണ സമിതിക്കോ ജീവനക്കാർക്കോ കണ്ടെത്താൻ കഴിയാതിരുന്നത് എന്തെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ഭരണ സമിതിക്ക് കഴിഞ്ഞതുമില്ല.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്