മലയാളത്തിലെ ചില പ്രമുഖ മാധ്യമങ്ങൾക്ക് 'സെലക്ടീവ് അംനേഷ്യ' ബാധിച്ചിരിക്കുകയാണെന്ന് സുഹൃദ്സംഭാഷണങ്ങളിൽ സംസാരവിഷയമായപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് വിഹഗമായ വിശകലനം ഈ ലേഖകൻ നടത്തിയത്.. കണ്ടെത്തിയ ചില കാര്യങ്ങൾ പൊതുസമക്ഷം പങ്കുവെയ്ക്കണമെന്നും തോന്നി. ഇനി പ്രബുദ്ധരായ വായനക്കാർ തീരുമാനിക്കു. മലയാള മാധ്യമങ്ങളിൽ, പ്രത്യേകിച്ചും 2014നു ശേഷം ആണ് ഈ രോഗം കാണാൻ തുടങ്ങിയത്. അതേക്കുറിച്ച് പലരും പലതവണ പ്രതിപാദിച്ചിട്ടുണ്ട്.

1. ഹരിയാനയിലെ ജുനൈദ് ഖാൻ എന്ന പതിനഞ്ചുകാരൻ ഓടുന്ന തീവണ്ടിയിൽ വച്ച് കൊല്ലപ്പെട്ട വാർത്ത മലയാള മാധ്യമരംഗത്തെ കിരീടം വെക്കാത്ത രാജാക്കന്മാരും റാണികളുമൊക്കെയായ വിനു, വേണു, ഷാനി, സിന്ധു തുടങ്ങിയവർ എങ്ങനെയാണ് ആഘോഷിച്ചതെന്നു എല്ലാവർക്കും അറിയാമല്ലോ? ഇതിനു കാരണക്കാരൻ മോദിയാണെന്നും മോദിയുടെ രാഷ്ട്രീയമാണ് ഇതിനൊക്കെ പ്രചോദനം എന്നും പറഞ്ഞു ഷാനിയും സിന്ധുവും ഉറഞ്ഞു തുള്ളിയകാര്യം 'പറയാതെ വയ്യ'. അതിനു ശേഷം പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി വന്നപ്പോൾ അതിൽ ബീഫ് എന്ന പരാമർശം ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല സീറ്റ് തർക്കം മൂലമാണ് കൊലപാതകം ഉണ്ടായതെന്നും തെളിഞ്ഞു. പക്ഷെ ഇക്കാര്യം പറഞ്ഞുകൊണ്ട് പ്രധാനമന്ത്രിയെയും ഭരണകക്ഷിയെയും ആക്രമിച്ച ഈ മാധ്യമസിങ്കങ്ങൾ വിധിവന്നപ്പോൾ മുകളിൽ പറഞ്ഞ രോഗലക്ഷണങ്ങൾ കാണിച്ചു. അങ്ങനെയൊരു വിധി വന്നോ എന്നുപോലും മലയാളികൾ അറിഞ്ഞോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. സത്യമറിയാൻ മലയാളികൾക്ക് ദേശീയമാധ്യമങ്ങൾ വായിക്കേണ്ട അവസ്ഥയാണിപ്പോൾ.

2. പിന്നെയാണ് 'കേരളമാധ്യമങ്ങളുടെ ബൈബിൾ' എന്നറിയപ്പെടുന്ന 'കാരവാൻ' ഒരു ബോംബ് പൊട്ടിച്ചത്, ജസ്റ്റീസ് ലോയയുടെ സ്വാഭാവികമരണം അസ്വാഭാവികമാണെന്നും അമിത്ഷാക്ക് അതിൽ പങ്കുണ്ടെന്നും മറ്റും അദ്ദേഹത്തിന്റെ സഹോദരി വെളിപ്പെടുത്തി എന്ന് കാരവാനിൽ ഒരു അന്വേഷണാത്മക ലേഖനം വന്നത്. 2014ൽ ജസ്റ്റിസ് ലോയ സുഹൃത്തായ ജഡ്ജിയുടെ വീട്ടിലെ വിവാഹത്തിനായി നാഗ്പൂരിൽ എത്തിയപ്പോൾ ഹൃദയാഘാതം വന്നു മരിക്കുകയാണുണ്ടായത്. അന്നദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ജഡ്ജിമാർ അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകുകയും അവിടെവച്ചദ്ദേഹം അന്തരിക്കുകയുമാണുണ്ടായത്. പക്ഷെ കാരവാൻ അതുകൊണ്ടൊന്നും നിന്നില്ല അദ്ദേഹത്തിന്റെ സഹോദരി മരണത്തിൽ സംശയമുണ്ടെന്ന് പറഞ്ഞും ഭാരതമാകെ കോളിളക്കമുണ്ടാക്കി. പാർലമെന്റിനെ പ്രക്ഷുബ്ധമാക്കി ഈ വാർത്ത.
കേരളത്തിലെ മാധ്യമപ്പടയുടെ കാര്യം പിന്നെ പറയാനുണ്ടോ? ഇവിടെയും തുടങ്ങി അന്തി ചർച്ചകളും കവർസ്‌റ്റോറികളും പറയാതെവയ്യകളും ഒക്കെ. അതിനിടയിൽ ജസ്റ്റിസ് ലോയയുടെ മകൻ പിതാവിന്റെ മരണത്തിൽ സംശയമില്ലെന്നും പറഞ്ഞുകൊണ്ട് പത്രസമ്മേളനം നടത്തി. പക്ഷെ മകനെ അമിത്ഷാ തെറ്റിധരിപ്പിച്ചതാണെന്നായി ഇവർ. ഉടനെ ജസ്റ്റിസ് ലോയയുടെ സഹോദരി വീഡിയോയിൽ വന്നു പറഞ്ഞു ഞാൻ കാരവാൻ ലേഖകനോട് പറയാത്തകാര്യങ്ങളാണ് അയാൾ അച്ചടിച്ചതെന്ന്. പക്ഷെ അതൊന്നും മലയാള മാധ്യമങ്ങളെ തൃപ്തരാക്കുമോ? ഒരിക്കലുമില്ല പിന്നെയും അന്തിചർച്ചകൾ തുടർന്നും ഡൽഹിയിൽ നിന്നും നിഷ്പപക്ഷ മാധ്യമപ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും ഒക്കെയായി ചർച്ചകൾ ഉത്സവമാക്കി. ഇക്കാര്യം പറഞ്ഞുകൊണ്ടാണ് നാൾ സുപ്രീം കോടതി ജഡ്ജിമാർ പത്രസമ്മേളനം നടത്തിയത് എന്നൊക്കെയായിരുന്നു ഭാഷ്യങ്ങൾ.

അവസാനം സുപ്രീംകോടതിയിൽ കോൺഗ്രസുകാരൻ പൂനാവാല കൊടുത്ത കേസ് കോടതി ഒരു തെളിവുമില്ലെന്ന് പറഞ്ഞുകൊണ്ട് തള്ളി. പക്ഷെ ആ വാർത്ത ചാനലുകളുടെ താഴെ സ്‌ക്രോളിങ് വാർത്തയായി ഒതുങ്ങിപ്പോയില്ലേ? എവിടെയായിരുന്നു ഈ നേരോടെ നിർഭയമായി നിഷ്പക്ഷരായ മാധ്യമക്കാർ? ജനങ്ങൾക്ക് അതറിയാനുള്ള അവകാശമില്ലേ? ഇല്ല. ഞങ്ങൾ തള്ളുന്നത് വിശ്വസിക്കൂ ഇങ്ങോട്ട് ചോദ്യം വേണ്ട എന്നതാണ് ഇവരുടെ എഡിറ്റോറിയൽ തീരുമാനം.

3. പിന്നീട് ഇവരുടെ ഭാഷയിൽ പറഞ്ഞാൽ രാജ്യത്തെ പിടിച്ചു കുലുക്കിയ സംഭവമാണ് കത്വയിലെ പെൺകുട്ടിയുടെ ഹീനമായ കൊലപാതകം. ഭാരതത്തിൽ ഇതിനുമുൻപും ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിൽ ഉള്ളവരാണ് ഇരകളെങ്കിൽ മാധ്യമലോകം സഡ കുടഞ്ഞെണീക്കും ആക്രോശിക്കും. പക്ഷെ ഇത്തരം കാര്യങ്ങൾ കേരളത്തിൽ നടന്നാലോ ഇവരറിഞ്ഞ മട്ടുണ്ടാകില്ല. ഉദാഹരണമായി കൊല്ലത്തിനടുത്ത് കുറച്ചുപേർ ചേർന്ന് കോഴി മോഷണക്കുറ്റം ആരോപിച്ചു ബംഗാളിയായ മണിക് റോയിയെ തല്ലിക്കൊന്നത്. മലയാളി മാധ്യമ സിംഹങ്ങൾ ഇക്കാര്യം അറിഞ്ഞതേയില്ല. എന്താണ് മണിക് റോയി ചെയ്ത കുറ്റം അയാൾ ഒരു ഹിന്ദുവായി എന്നതും മോഷണക്കുറ്റം (അവസാനം അത് മോഷണമല്ലെന്നു തെളിഞ്ഞു) ആരോപിച്ചത് പശുവിനെയല്ല കോഴിയെ ആണ് മോഷ്ടിച്ചത് എന്നതുമല്ലേ?

4. കേരളത്തിലെ കണ്ണൂരിൽ കമ്മ്യൂണിസ്റ്റുകാർ ഒരു പതിനാറുകാരിയെ പിച്ചിച്ചീന്തിയപ്പോൾ പ്രതികരിക്കാൻ ഇവരുടെ നാവ് അനങ്ങിയില്ല. അന്തിചർച്ചകളിൽ ഇതൊന്നും വിഷയമേ അല്ല. മാധ്യമക്കാർ ഉൾപ്പെട്ട പീഡനങ്ങളും ഇവർ തമസ്‌കരിച്ചു. ഉദാ: ഗൗരീദാസൻ നായരെന്ന ഇവരുടെ ഗുരുവിനെ #MeeToo ൽ രണ്ടു യുവതികൾ പീഡനക്കുറ്റം ആരോപിച്ചതോടെ #MeeTooവിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇവർ വിരാമമിട്ടു. ഇവരെയാണോ നാട്ടുകാരെ നിങ്ങൾ നിക്ഷപക്ഷരായ പത്രപ്രവർത്തകർ എന്ന് വിളിക്കേണ്ടത്?

5. രാഹുൽഗാന്ധി റഫേൽ ആയുധ ഉടമ്പടിയിൽ കേന്ദ്രസർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചപ്പോൾ ഇവർ വീണ്ടും വാളുമെടുത്തിറങ്ങിയിരുന്നല്ലോ. ആഴ്ചകൾ നീണ്ട ചർച്ചകൾ കാരവൻ മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റർ വിനോദ് കെ ജോസ്, മാധ്യമ നിരീകഷകൻ ബെൻസ്ടൺ ജോബ്, കെ ജെ ജേക്കബ് എന്ന ഇടതു മാധ്യമപ്രവർത്തകൻ ഇവരൊക്കെ സത്യം പറഞ്ഞാൽ വേണുവിനോടും വിനുവിനോട് ഷാനിക്കും ഒപ്പം അങ്ങ് ചാനലുകളിൽ അഴിഞ്ഞാടുകയായിരുന്നു. പക്ഷെ ഇന്ത്യയുടെ പരമോന്നത കോടതി ഈ കേസിൽ തുടർനടപടികൾ തള്ളിയ വാർത്തകളൊന്നും തന്നെ ഇവരിതുവരെ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. ഇനി ഈ വിധിയിലെ ഒരു അച്ചടിപ്പിശകിനെയെങ്കിലും ചൂണ്ടിക്കാട്ടി ഇവർ വീണ്ടും എത്തുമെന്ന് കരുതിയവർക്കൊക്കെ തെറ്റി. അവർക്ക് ചെളിയെറിയാൻ മാത്രമേ അറിയൂ അതിന് ക്ഷമ ചോദിക്കാൻ അറിയില്ല. ഇത് തന്നെയാണ് ഇന്നലെ വന്ന സജ്ജൻകുമാറിനെതിരെയുള്ള വിധിയും ഇവർക്ക് അറിയുകയേയില്ല. ഇത് വല്ല ബിജെപി നേതാവിനെതിരെ ആയിരുന്നെങ്കിലോ മാധ്യമ പൂരം കാണാമായിരുന്നു. ഗുജറാത്ത് കലാപത്തിനെ എങ്ങനെയാണ് ഈ മാധ്യമ ബുദ്ധിജീവികൾ കൊണ്ടാടിയതെന്നറിയാമല്ലോ?

വാൽക്കഷ്ണം : ഈ അവസരത്തിൽ ഷാനി യാദൃശ്ചികമായി ചർച്ചക്കിടയിൽ പറഞ്ഞ കാര്യം പറയാതെവയ്യ. ' ബിജെപിക്ക് അനുകൂലമായ വാർത്തകൾ പലപ്പോഴും ഇടത് മാധ്യമ സിൻഡിക്കേറ്റ് ചർച്ച ചെയ്യാതെ മാറ്റിവെക്കാറുണ്ടെന്ന് 'ഈ കേരളത്തിലെ മാധ്യമ അവതാരകരിലും പത്രക്കാരിലും കാണുന്ന ഈ രോഗത്തിനെക്കുറിച്ചുള്ള ചർച്ച ഏതെങ്കിലും ഒരു നിക്ഷ്പക്ഷ മാധ്യമം ഏറ്റെടുക്കുമോ എന്നുള്ള മിഥ്യാധാരണകളൊന്നുമില്ലാതെ നിർത്തുന്നു.