തിരുവനന്തപുരം: ഇത്തവണ സ്വാശ്രയ എൻജിനീയറിങ് മാനേജ്‌മെന്റുകൾ 50 ശതമാനം സീറ്റ് സർക്കാരിന് വിട്ടുനൽകും. പല കോളേജുകളിലും കഴിഞ്ഞ വർഷം പഠിക്കാൻ ആളില്ലാത്ത അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരുമായി കൈകോർക്കാമൻ മാനേജ്‌മെന്റുകളെത്തുന്നത്.

പ്ലസ് ടു ഫലത്തിനുമുമ്പ് ആദ്യമായി സ്വാശ്രയ എൻജിനീയറിങ് കോളജുകളുമായി വിദ്യാർത്ഥി രക്ഷാകർതൃ സൗഹൃദ കരാർ ഉണ്ടായത് ഈ പശ്ചാത്തലത്തിലാണ്. 50 ശതമാനം സീറ്റുകൾ സർക്കാരിനു വിട്ടുനൽകും. കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയിൽ മാറ്റമില്ല. പഠനം ഇടയ്ക്ക് ഉപേക്ഷിച്ചു പോകേണ്ടി വരുന്ന വിദ്യാർത്ഥികൾ നൽകേണ്ടിയിരുന്ന ലിക്വിഡേറ്റഡ് ഡാമേജസ് ഒഴിവാക്കി. ഒറിജിനൽ മാർക്ക് ലിസ്റ്റും അനുബന്ധ രേഖകളും പരിശോധനയ്ക്കു ശേഷം വിദ്യാർത്ഥികൾക്കു മടക്കി നൽകുമെന്നും കരാറിൽ പറയുന്നു. അങ്ങനെ എല്ലാം വിദ്യാർത്ഥി സൗഹൃദം.

97 കോളേജുകൾക്കു വേണ്ടി കേരള സെൽഫ് ഫിനാൻസിങ് എൻജീനിയറിങ് കോളജ് മാനേജ്‌മെന്റ് പ്രസിഡന്റ് ബിജു രമേശ്, സെക്രട്ടറി മധു എന്നിവരും സർക്കാരിനു വേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി ജെയിംസ് രാജുമാണു കരാറിൽ ഒപ്പുവച്ചത്. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥിന്റെയും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിന്റെയും സാന്നിദ്ധ്യത്തിലാണ് കരാർ ഒപ്പിട്ടത്. ഒറ്റ നോട്ടത്തിൽ എല്ലാം മാനേജ്‌മെന്റിന്റെ കൃപയാണെന്ന് തോന്നും. എന്നാൽ കോളേജുകളിൽ കുട്ടികളെത്താത്തതിനെ തുടർന്ന് പല കോളേജുകളും പൂട്ടൽ ഭീഷണിയാണ്. ഇത് മറികടക്കാനാണ് അമ്പത് ശതമാനം സർക്കാരിന് നൽകുന്നത്.

പഠിക്കാൻ വിദ്യാർത്ഥികളെ കിട്ടാത്തതിനാൽ എഞ്ചിനിയറിങ് കോളേജുകൾ പലയിടത്തും കൂട്ടത്തോടെ അടച്ചുപൂട്ടുകയാണ്. കുട്ടികളില്ലാത്തതിനാൽ ഈ വർഷം ഇല്ലാതാകുന്നത് 90,918 സീറ്റുകളാണ്. കോളേജുകൾ നൽകുന്ന വിദ്യാർത്ഥികളുടെ എണ്ണക്കണനുസരിച്ച് ദേശീയ സാങ്കേതികവിദ്യാഭ്യാസ കൗൺസിലാണ് സീറ്റുകൾ കുറക്കുന്നത്. 2016 മുതൽ പ്രതിവർഷം ശരാശരി 75000 എഞ്ചിനിയറിങ് സീറ്റുകളാണ് ഇല്ലാതായത്. കേരളത്തിൽ കഴിഞ്ഞ അധ്യയനവർഷം ഇല്ലാതായത് 1828 സീറ്റുകൾ. പ്രവേശനം കുത്തനെ കുറഞ്ഞതോടെ രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി അടച്ചുപൂട്ടിയത് 75 സ്ഥാപനങ്ങൾ. ഇത് തിരിച്ചറിഞ്ഞാണ് കേരളത്തിൽ മാനേജ്‌മെന്റുകൾ 50 ശതമാനം സീറ്റ് സർക്കാരിന് നൽകുന്നത്.

സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ തന്നെ കണക്കനുസരിച്ച് 2017മാർച്ചിൽ എഞ്ചിനിയറിങ് പാസായ എട്ട് ലക്ഷം വിദ്യാർത്ഥികളിൽ 60 ശതമാനത്തിനും ക്യാമ്പസ് റിക്രൂട്ട്‌മെന്റ് കിട്ടിയിട്ടില്ല. കൂണു പോലെയുള്ള കോളേജുകൾ കാരണം വിദ്യാഭ്യാസ നിലവാരം ഇടിഞ്ഞതാണ് ഇതിന് കാരണം. ഐഐടി,എൻഐടി തുടങ്ങിയ മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം വർധിച്ചിട്ടുണ്ട്. കൗൺസിൽ നിയമപ്രകാരം അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും തുടർച്ചയായ അഞ്ച് വർഷങ്ങളിൽ മുപ്പത് ശതമാനത്തിൽ താഴെ പ്രവേശനം നടക്കുന്നതുമായ കോളേജുകൾ അടച്ചു പൂട്ടണമെന്നാണു നിർദ്ദേശം. ഇത്തരത്തിൽ ഏകദേശം 150 കോളേജുകളാണ് കൗൺസിൽ നിയമപ്രകാരം വർഷത്തിൽ അടച്ചു പൂട്ടേണ്ടി വരുന്നത്.

2014-15 മുതൽ 2017-18 കാലയളവുവരെ 410 കോളേജുകളാണ് അടച്ചു പൂട്ടാൻ അനുമതി നൽകിയത്. അതിൽ ഇരുപതോളം കോളേജുകളും കർണ്ണാടകയിലാണ്. 2016-17 വർഷത്തിലാണ് കൂടുതൽ കോളേജുകൾ പ്രവർത്തനം നിർത്താൻ ഉത്തരവിട്ടത്. തെലങ്കാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ കൂടുതൽ കോളേജുകളും. നിലനിൽപ് ഭീഷണി നേരിടുന്ന സ്വകാര്യ എഞ്ചിനിയറിങ് കോളേജുകളിൽ പലതും അടച്ചു പൂട്ടലിന്റെ വക്കിലാണ് അല്ലാത്തവ പോളിടെക്നിക്കുകളും ആർട്സ് കോളേജുകളുമാക്കി പ്രവർത്തിക്കുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ മാറ്റങ്ങൾ.