- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടറാകാൻ ഈ ഫീസ് നൽകിയാൽ കുത്തുപാളയെടുക്കേണ്ടി വരും; ഫീസ് കമ്മിറ്റി 6.32 ലക്ഷം മുതൽ 7.65 ലക്ഷം വരെ നിശ്ചയിച്ചപ്പോൾ മാനേജ്മെന്റുകൾ ചോദിക്കുന്നത് മെറിറ്റ് സീറ്റിൽ 11 മുതൽ 22 ലക്ഷം വരെ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഉയർന്ന ഫീസ് നിരക്ക് നിശ്ചയിച്ച വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകരെ തന്നെ നിയോഗിക്കും. എല്ലാ വർഷവും അഡ്മിഷൻ താറുമാറാക്കാൻ ചില മാനേജുമെന്റുകൾ ശ്രമിക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇത് വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി വ്യക്തമാക്കി.
മാനേജ്മെന്റുകൾ ആവശ്യപ്പെടുന്ന ഫീസ് വിദ്യാർത്ഥികളെ അറിയിക്കണമെന്ന ഹൈക്കോടതി ഉത്തരവു പ്രകാരം 10 മെഡിക്കൽ കോളജുകളിലെ തുക കഴിഞ്ഞദിവസം പ്രവേശനപരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ചിരുന്നു.
കോടതിയുടെയോ കോടതി ചുമതലപ്പെടുത്തുന്നവരുടെയോ അന്തിമവിധി പ്രകാരമായിരിക്കും ഫീസ്. മെറിറ്റ് സീറ്റിൽ 11 - 22 ലക്ഷം രൂപയാണു മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നത്; എൻആർഐ സീറ്റിൽ 20- 34 ലക്ഷവും. മുന്നാക്ക സംവരണം, ന്യൂനപക്ഷ പദവിയുള്ള കോളജുകളിലെ 15 % അഖിലേന്ത്യാ ക്വോട്ട തുടങ്ങിയ കാര്യങ്ങളിലും അവ്യക്തത നിലനിൽക്കുന്നു.
കോളേജുകൾ ആവശ്യപ്പെടുന്ന ഫീസ് ഘടന പുറത്തുവന്നതോടെ താങ്ങാനാവാത്ത ഫീസെന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും പരാതിപ്പെട്ടു. ഏഴു സ്വാശ്രയ മെഡിക്കൽ കോളജുകൾ കൂടി പുതിയ ഫീസ് ഘടന ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുകയാണ്. സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 85% മെറിറ്റ് സീറ്റിൽ ഫീസ് നിർണയസമിതി നിശ്ചയിച്ചത് 6.32 ലക്ഷം മുതൽ 7.65 ലക്ഷം വരെ. മാനേജ്മെന്റുകൾ ഇപ്പോൾ ആവശ്യപ്പെടുന്നത് 11 മുതൽ 22 ലക്ഷം വരെയും
നവംബർ 13 ലെ ഹൈക്കോടതി വിധിയിൽ നിശ്ചയിച്ച ഫീസ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോളജുകൾ ആവശ്യപ്പെടുന്ന പരമാവധി ഫീസ് വരെ നൽകേണ്ടിവരുമെന്ന് വിദ്യാർത്ഥികളെ അറിയിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 10 കോളേജുകൾ ആവശ്യപ്പെട്ട ഉയർന്ന ഫീസ് ഘടന അറിയിച്ചുകൊണ്ട് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് വിജ്ഞാപനമിറക്കിയത്. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ കഴിഞ്ഞ വർഷങ്ങളിലെ ഫീസ് നിർണയിച്ചുള്ള ജസ്റ്റിസ് രാജന്ദ്രബാബു സമിതിയുടെ ഉത്തരവ് കഴിഞ്ഞ മെയ് 19ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ആശുപത്രികളുടെ വരവ് ഒഴിവാക്കി കോളജുകളുടെ വരവ് ചെലവ് കണക്കാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. എന്നാൽ ആശുപത്രികളുടെ വരവ് കൂടി ഫീസ് നിർണയത്തിന് പരിഗണിക്കാമെന്ന സുപ്രീംകോടതി വിധി നിലവിലുണ്ടെന്നും ഇത് കൂടി പരിഗണിച്ചാണ് ഫീസ് നിശ്ചയിച്ചതെന്നുമാണ് ഫീസ് നിർണയ സമിതിയുടെ വാദം. ആശുപത്രികളുടെ വരവ് സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ വരവ് ചെലവിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് താങ്ങാനാവാത്ത ഫീസ് ചുമത്തേണ്ടിവരും.ഇത് അംഗീകരിക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്. ഹൈക്കോടതി വിധി പ്രകാരം നേരത്തെ ഒരു തവണ പുതുക്കി നിശ്ചയിച്ച ഫീസ് ഘടന വീണ്ടും മാറ്റുന്നതിനോട് സർക്കാർ എതിരാണ്. ഈ സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ എ.എം ഷഫീഖ്, പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ