തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശന വിഷയത്തിൽ മാനേജ്‌മെന്റുകളും സർക്കാറും തമ്മിൽ നടത്തിയ ചർച്ച പാളി. ഇതോടെ സ്വാശ്രയ വിഷയത്തിലെ സമവായ ചർച്ചകൾ വീണ്ടും പാളി. മെറിറ്റ് സീറ്റിലെ ഫീസിളവും സ്‌കോളർഷിപ്പും അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റ് അസോസിയേഷൻ ഭാരവാഹികൾ മാദ്ധ്യമങ്ങളെ അറിയിച്ചു. ഇതോടെ ഇന്ന് പ്രശ്‌നത്തിൽ സമവായം ഉണ്ടാകില്ലെന്ന വ്യക്തമായതോടെ നിരാഹാര സമരം നടത്തുന്ന എംഎൽഎമാരായ ഷാഫി പറമ്പിലും ഹൈബി ഈഡനും സമരം അവസാനിപ്പിച്ചു. ആരോഗ്യനില മോശമായ ഇവരെ രണ്ട് പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നിരാഹാരം അവസാനിപ്പിച്ച എംഎൽഎമാർക്ക് പകരമായി വി ടി ബൽറാം എംഎൽഎയും റോജി എം ജോൺ എംഎൽഎയും നിരാഹാര സമരം ഏറ്റെടുത്തു. ലീഗ് എംഎൽഎമാരും അനുഭാവ സത്യാഗ്രഹവുമായി രംഗത്തുണ്ട്. ഏഴ് ദിവസമാണ് ഹൈബിയും ഷാഫിയും നിരാഹാര സമരത്തിലേക്ക് കടന്നത്. സർക്കാറിന്റെ നിഷേധ നിലപാടിനെതിരെ സമരം ശക്തമാക്കാനാണ് ഇപ്പോൾ പ്രതിപക്ഷത്തിന്റെ തീരുമാനം.

സ്വാശ്രയ കോളേജുകളിലെ ഫീസ് സംബന്ധിച്ച് മാനേജ്‌മെന്റ് പ്രതിനിധികൾ മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും മാറിമാറി ചർച്ച നടത്തിയിരുന്നു. എന്നാൽ സമരം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ ഉണ്ടാകാതെ വന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഫീസിളവ് നൽകി സമരം ഒത്തുതീർപ്പാക്കാമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും നിലവിലെ അവസ്ഥയിൽ നിന്ന് മാനേജ്‌മെന്റുകൾ പിന്നോട്ട് പോവാൻ തയ്യാറാവാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നാണ് വിലയിരുത്തുന്നത്.

മൂന്ന് മണിയോടെ നടന്ന ചർച്ചയിൽ പ്രശ്‌നം പരിഹരിക്കാൻ നിങ്ങൾക്ക് എന്തെങ്കിലും നിർദ്ദേശം മുന്നോട്ട് വെക്കാനുണ്ടോയെന്ന് മുഖ്യമന്ത്രി മാനേജ്‌മെന്റ് പ്രതിനിധികളോട് ചോദിക്കുകയായിരുന്നു. എന്നാൽ തങ്ങൾക്ക് ഒരു നിർദേശവുമില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ അറിയിച്ചതോടെയാണ് ചർച്ച ധാരണയാവാതെ പിരിഞ്ഞത്. ഫീസിളവുമായി ബന്ധപ്പെട്ട് ഒരു കാര്യവും സർക്കാരും മാനേജ്‌മെന്റുകളും ചർച്ച ചെയ്തില്ലെന്നും നടന്നത് മുൻകൂട്ടി നിശ്ചയിച്ച ചർച്ച മാത്രമാണെന്നുമാണ് മാനേജ്‌മെന്റ് പ്രതിനിധികൾ പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇനിയൊരു ചർച്ചയുമില്ലെന്നും ഇവർ അറിയിച്ചു.

നേരത്തെ ആരോഗ്യമന്ത്രിയുമായി മാനേജ്‌മെന്റ് പ്രതിനിധികൾ നടത്തിയ ചർച്ചയിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകാനാണ് ധാരണയായി എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഈ വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ അറിയിച്ചു. മൂന്ന് ലക്ഷം വരെ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികൾക്കാണ് മാനേജ്‌മെന്റുകൾ സ്‌കോളർഷിപ്പ് നൽകുമെന്നായിരുന്നു വാർത്തകൾ വന്നത്.

ഇന്നും സ്വാശ്രയ വിഷയത്തിൽ പ്രതിപക്ഷം നിയമസഭിയിൽ ബഹളം വച്ചിരുരുന്നു. എംഎൽഎമാർ നിരാഹാരം തുടരുമ്പോൾ സഭയിൽ തുടരാനാകില്ലെന്ന് വ്യക്തമാക്കി സഭാ നടപടികൾ ബഹിഷ്‌ക്കരിക്കുകയും ചെയ്തു. ചോദ്യോത്തര വേള ബഹിഷ്‌ക്കരിച്ച പ്രതിപക്ഷം രാവിലെ തന്നെ സഭ വിട്ടിറങ്ങുകയായിരുന്നു. മാനേജ്‌മെന്റുകളുമായുള്ള ചർച്ച സ്വാഗതാർഹമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കുകയുണ്ടായി. മെറിറ്റ് സീറ്റിൽ ഫീസ് ഇളവ് നൽകാൻ മാനേജ്‌മെന്റ് തയ്യാറാണെന്ന സൂചന വന്നതിനെ തുടർന്ന് പ്രതിപക്ഷം മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധം മയപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ വൈകുന്നേരത്തോടെ സമവായ ചർച്ചകളും പാളുകയായിരുന്നു. സ്വാശ്രയ വിഷയത്തിൽ സമവായം ഉണ്ടാകാതെ വന്നതോടെ ഷാഫിയും ഹൈബി ഈഡനും സമരം തുടരാമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. എന്നാൽ, യുഡിഎഫ് നേതാക്കൾ ഇതിന് അനുവദിച്ചില്ല. ഇവരുടെ ആരോഗ്യനില വഷളായിരുന്നു. ഡോക്ടർമാർ ഇടയ്ക്കിടെ ഇരുവർക്കും ഒപ്പമുണ്ടായിരുന്നു.