ജിദ്ദ: സൗദി വിമാനത്താവളത്തിലെത്തുന്നവർക്ക് യാത്രാനടപടികൾ ഇനി ഞൊടിയിടയിൽ സാധ്യമാക്കാം. രാജ്യത്തെ വിമാനത്താവളങ്ങൾ വഴി യാത്രചെയ്യുന്നവർക്കും തിരിച്ചു വരുന്നവർക്കും യാത്രാനടപടികൾ പൂർത്തിയാക്കുന്നതിന് സെൽഫ് സർവീസ് മെഷീനുകൾ കൊണ്ടുവരാനാണ് സൗദി അധികൃതർ തയ്യാറെടുക്കുന്നത്.

വിമാനത്താവളത്തിലെ പാസ്പോർട്ട് വിഭാഗം ഉദ്യോഗസ്ഥരെ സമീപിക്കുന്നതിന് പകരം ഈ മെഷീനിലൂടെ സ്വന്തമായി യാത്രാനടപടികൾ പൂർത്തിയാക്കാനും സീൽ പതിച്ച രേഖ നൽകാനും സാധിക്കും. വളരെ കുറഞ്ഞ സമയംകൊണ്ട് സെൽഫ് സർവീസ് യന്ത്രത്തിലൂടെ യാത്രാനടപടികൾ പൂർത്തിയാക്കാം.

യാത്രക്കാർക്ക് പാസ്പോർട്ടോ ഇഖാമയോ സെലക്ട് ചെയ്ത് ഐഡി നമ്പർ എന്റർ ചെയ്യുകയോ മെഷീനിലുള്ള സ്‌കാനർ വഴി പാസ്പോർട്ട് സ്‌കാൻ ചെയ്യുകയോ ചെയ്താൽ വിവരങ്ങൾ സ്‌ക്രീനിൽ തെളിയും. ശേഷം യാത്രക്കാരന്റെ ഫോട്ടോയും വിരലടയാളവും എടുക്കും. ഇതോടെ യാത്രപുറപ്പെടാനും യാത്രകഴിഞ്ഞ് പുറത്തുവരുവാനുമുള്ള അനുമതി രേഖ ഇഷ്യൂ ചെയ്യും.
ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽറിയാദ് കിങ് ഖാലിദ് ഇന്റർനാഷനൽ വിമാനത്താവളത്തിലും പിന്നീട് മറ്റ് വിമാനത്താവളങ്ങളിലും യന്ത്രം സ്ഥാപിക്കുമെന്ന് വീഡിയോയിലൂടെ നാഷനൽ ഡാറ്റ സെന്റർ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.