ബെംഗളൂരു: സെൽഫി എടുക്കുന്നതിനിടെ കോളേജ് വിദ്യാർത്ഥിക്ക് കുളത്തിൽ മുങ്ങി ദാരുണാന്ത്യം. സെൽഫി എടുക്കുന്ന തിരക്കിൽ ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരൻ വെള്ളത്തിൽ മുങ്ങിപോയത് സുഹൃത്തുക്കളും അറിഞ്ഞില്ല. സെൽഫി ഫ്രെയിമിൽ കൂട്ടുകാരൻ താഴുന്ന ദൃശ്യം ഉൾപ്പെട്ടെങ്കിലും ഇതൊന്നും അറിയാതെ സെൽഫി എടുത്ത് സുഹൃത്തുക്കൾ.

തെക്കൻ ബെംഗളൂരുവിലെ റാവഗോന്ദ്ലു ബെട്ടയിലാണ് സംഭവം. ജയനഗർ നാഷണൽ കോളേജിൽ നിന്നും എൻസിസി ട്രെക്കിങ് ക്യാമ്പിനെത്തിയ 24 അംഗ സംഘത്തിൽപ്പെട്ട ജി വിശ്വാസ്(17) ആണ് സെൽഫി ഭ്രമത്തിനിടെ ആരും അറിയാതെ ദാരുണമായി മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച മുതൽ ഇവർ റാവുഗൊഡ്ലുവിൽ ക്യാമ്പ് ചെയ്യുകയായിരുന്ന സംഘത്തിൽപെട്ട കുട്ടിയാണ് മരിച്ചത്.

ട്രക്കിങ്ങിനിടെ ഞായറാഴ്ച ഉച്ചയോടെ ക്യാമ്പിൽ നിന്നും ഇറങ്ങിയ പന്ത്രണ്ടംഗ സംഘം സമീപത്തെ കല്ല്യാണി ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തി. നീന്തൽ അറിയാത്ത വിശ്വാസും ഇവർക്കൊപ്പം ചേർന്നു. കുളിക്കിടെ സുഹൃത്ത് സംഘം നീന്തൽ കുളത്തിൽ നിന്നും സെൽഫി പകർത്താനും തുടങ്ങി. ഇതിനിടയിൽ നീന്തലറിയാത്ത വിശ്വാസ് വെള്ളത്തിലേക്ക് മുങഅങി താഴാൻ തുടങ്ങി. എന്നാൽ തങ്ങൾക്ക് പിറകിൽ കൂട്ടുകാരൻ മരണവെപ്രാളത്തിലാണെന്നറിയാതെ സംഘം സെൽഫി പകർത്തുന്നത് തുടർരുകയായിരുന്നു.

കുളത്തിൽ നിന്നും ഇവർ സെൽഫി പകർത്തുന്നതിനിടെയാണ് വിശ്വാസ് വെള്ളത്തിൽ മുങ്ങിപ്പോയത്. എന്നാൽ ഇത് സുഹൃത്തുക്കൾക്ക് മനസ്സിലായില്ല. നീന്തൽ കഴിഞ്ഞ കരയ്ക്ക് കയറിയപ്പോഴാണ് വിശ്വാസ് കൂട്ടത്തിലില്ലെന്ന് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞത്. തുടർന്ന് സെൽഫി ചിത്രങ്ങളും വീഡിയോയും പരിശോധിച്ചപ്പോഴാണ് സെൽഫിയുടെ പശ്ചാത്തലത്തിൽ വിശ്വാസ് മുങ്ങിപ്പോവുന്നതായി കണ്ടത്. വിദ്യാർത്ഥി സംഘം വിവരമറിയിച്ചതിനെ തുടർന്ന് ആധ്യാപകരും മറ്റും സ്ഥലത്തെത്തി പരിശോധന നടത്തി വിശ്വാസിന്റെ മൃതദേഹം കണ്ടെടുത്തു.

സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ വിശ്വാസിന്റെ പിതാവ് ഗോവിന്ദയ്യ രംഗത്തെത്തി. കോളേജ് അദ്ധ്യാപകരുടേയും എൻസിസി ചുമതലയുള്ളവരുടേയും ഉത്തരവാദിത്തക്കുറവാണ് അപകടത്തിനിടയാക്കിയതെന്ന് പിതാവ് ആരോപിച്ചു. ക്യാമ്പിന് പുറത്ത് പോകുമ്പോൾ സംഘത്തെ നിയന്ത്രിക്കേണ്ടതും നിരീക്ഷിക്കേണ്ടതും അദ്ധ്യാപകരുടെ ചുമതലയല്ലേയെന്നും ഗോവിന്ദയ്യ ചോദിച്ചു. കേസിൽ പൊലീസ് എൻസിസി യൂണിറ്റിന്റെ ചുമതലയുള്ള അദ്ധ്യാപകൻ ഗിരീഷിനോട് സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.