- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരുടെ ലൈംഗികാവയവം ചെത്തികളയണമെന്ന് ആവേശത്തോടെ പ്രസംഗിച്ച മാഡം; കേട്ട് അന്ധാളിച്ചത് വനിതാ ക്ഷേമ സമിതി അധ്യക്ഷയുടെ വീട്ടിൽ നിന്നും ചായയുമായി എത്തിയ പതിനാലുകാരി; സെലിൻ പോൾ കുടുങ്ങിയ കഥ
കൊച്ചി: പതിനാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും അടിമയെ പോലെ പണിയെടുപ്പിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് പ്രതി ചേർത്ത വനിതാ ക്ഷേമസമിതി പ്രസിഡണ്ട് സെലിൻ പോൾ സ്ത്രീ സമത്വത്തിനും സ്ത്രീശാക്തീകരണത്തിനും മുൻപന്തിയിൽ നിന്നിരുന്ന നേതാവ്. കഴിഞ്ഞ വനിതാ ദിനത്തിൽ ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണത്തിൽ ഇവർ സ്ത്രീകൾക്ക് വേണ്ടി നടത്തിയ പ്രസംഗമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
സ്ത്രീകൾ അബലകളല്ല, പുരുഷന്മാർക്കൊപ്പം നിൽക്കേണ്ടവരാണ്. സ്ത്രീകൾക്കെതിരെ എന്ത് അതിക്രമമുണ്ടായാലും അത് വച്ചു പൊറുപ്പിക്കരുത്. പൊലീസ് സ്റ്റേഷനുകളിൽ അറിയിക്കുകയോ അതുമല്ലെങ്കിൽ എന്നെ പോലെയുള്ളവരെ അറിയിക്കുകയോ ചെയ്യണം. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരുടെ ലൈംഗികാവയവം ചെത്തികളയണമെന്നും മറ്റും ആവേശത്തോടെയാണ് സെലിൻ പോൾ പ്രസംഗിച്ചത്. ഈ പരിപാടിയിൽ ചായ വിളമ്പാനെത്തിയ പീഡനത്തിരയായ പെൺകുട്ടിയും ഈ പ്രസംഗം കേട്ടു. സെലിൻ പോളിന്റെ വീട്ടിൽ നിന്നുമാണ് പരിപാടിക്ക് ചായ എത്തിച്ചത്.
സ്ത്രീകൾക്കായി നിലവിലുള്ള നിയമത്തെ പറ്റിയും അവർക്ക് ലഭിക്കുന്ന അംഗീകാരത്തെപറ്റിയും സെലിൻ പോൾ പ്രസംഗിക്കുമ്പോൾ ഇത് കേട്ട് അന്തം വിട്ടു നിൽക്കുകയായിരുന്നു പെൺകുട്ടി. ഒരു സ്ത്രീക്ക് ഇത്രയേറെ പരിരക്ഷ ഈ നാട്ടിൽ കിട്ടും എന്നത് പുതിയ അറിവായിരുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റ് അസിസ്റ്റന്റ് റീജിയണൽ ഡയറക്ടർ ഡോ.വി.ടി ജലജകുമാരിയുടേതടക്കമുള്ള പ്രസംഗം പെൺകുട്ടി ചായ വിളമ്പുന്നതിനിടയിൽ കേട്ടു. ഇതോടെയാണ് താൻ അനുഭവിക്കുന്ന ക്രൂരതയുടെ ആഴം മനസ്സിലായത്. സ്ത്രീകൾക്ക് ശക്തമായ നിയമ സംവിധാനം ഈ നാട്ടിലുണ്ട് എന്ന് ബോധ്യപ്പെട്ടത്. ഈ ധൈര്യമാണ് പൊലീസ് അന്വേഷിക്കാനെത്തിയപ്പോൾ എല്ലാം തുറന്നു പറയാൻ പെൺകുട്ടിയെ പ്രാപ്തയാക്കിയത്.
എറണാകുളം വനിതാ സെല്ലിൽ നിന്നും എത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ പെൺകുട്ടി പറഞ്ഞ ദുരിത കഥ ആരുടെയും കരളലിപ്പിക്കുന്നതായിരുന്നു. 14 വയസ്സുള്ളപ്പോൾ കർണ്ണാടകയിൽ നിന്നും തന്നെ കൊണ്ടുവന്നതാണെന്നും വീട്ടുവേലയ്ക്കായിട്ടാണ് നിർത്തിയിരുന്നത് എന്നും പെൺകുട്ടി പറഞ്ഞു. രണ്ടു നിലകളുള്ള വീടിന് പെയിന്റ് ചെയ്യിപ്പിക്കുക, വീട്ടിലെ മുഴുവൻ ജോലികൾ ചെയ്യിപ്പിക്കുക, കാറ്ററിങ് സർവ്വീസിനായി ഭക്ഷണം ഒറ്റക്ക് പാകം ചെയ്യിപ്പിക്കുക തുടങ്ങീ ഭാരമുള്ള ജോലികളാണ് ചെയ്യിപ്പിച്ചിരുന്നത്.
രാവിലെ 5 മണിക്ക് തുടങ്ങുന്ന ജോലി അവസാനിക്കുന്നത് രാത്രി 12 മണിയോടെയാകും. കൂടാതെ പോളിൻ പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിക്കും. ഇത്തരത്തിൽ കൊടിയ പീഡനത്തിനിരയായ പെൺകുട്ടി പലവട്ടം വീട്ടിൽ നിന്നും ഇറങ്ങി ഓടി അയൽ വീടുകളിൽ അഭയം പ്രാപിച്ചിരുന്നു. എന്നാൽ അവിടെ നിന്നും വീണ്ടും ഇവർ പെൺകുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് അടിമയെ പോലെ പണിയെടുപ്പിക്കുകയും ശാരീരിക പീഡനം നടത്തുകയുമായിരുന്നു.
ചക്കയിടാനും പേരക്ക പറിക്കാനും മറ്റും പെൺകുട്ടിയെ മരത്തിൽ കയറ്റും. വാഷിങ് മെഷീൻ ഉപയോഗിക്കാതെ തുണി കഴുകിപ്പിക്കും. കോഴികളെ തീറ്റുക, കോഴിക്കൂട് വൃത്തിയാക്കിക്കുക, വീടു മുഴുവൻ കഴുകി വൃത്തിയാക്കുക എന്നിങ്ങനെ ജോലികളുടെ കൂമ്പാരം തന്നെയായിരുന്നു ഈ കൗമാരക്കാരിക്ക് ഇവർ നൽകിയത്. നീളമുള്ള തലമുടി മുറിപ്പിച്ചത് തലയിൽ എണ്ണ തേക്കാതിരിക്കാനാണെന്ന് അയൽക്കാർ പറയുന്നു. പൊട്ടിയ ചെരുപ്പു മാറ്റി പുതിയത് വാങ്ങി നൽകുകയോ പുതിയ വസ്ത്രങ്ങൾ നൽകുകയോ ചെയ്തിട്ടില്ല. ഒരു പൗരന്റെ മുഴുവൻ മൗലികാവകാശങ്ങളുടെയും ലംഘനമാണ് ഇവിടെ നടന്നിരുന്നത് എന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് മനസ്സിലായതോടെയാണ് കേസെടുത്തതും പോളിനെ അറസ്റ്റ് ചെയ്തതും.
പൊലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നതിങ്ങനെയാണ്. 2015 മുതൽ പെൺകുട്ടി കൊടിയ പീഡനത്തിരയായി വരികയായിരുന്നു. രാത്രികാലങ്ങളിൽ പോൾ ഹാളിൽ കിടക്കുന്ന പെൺകുട്ടിയുടെ കൂടെ കിടന്ന് നെഞ്ചിൽ അമർത്തിയും സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും മറ്റും ചെയ്ത് പീഡനം നടത്തി. ഇക്കാര്യം പോളിന്റെ ഭാര്യ സെലിൻ പോളിനോട് പറഞ്ഞപ്പോൾ നിന്റെ കുഴപ്പം കൊണ്ടാണ് എന്ന് പറഞ്ഞ് വഴക്കു പറഞ്ഞു. കൂടാതെ വീട്ടിൽ ചെയ്യുന്ന ജോലികൾ ശരിയായി ചെയ്യുന്നില്ല എന്ന് പറഞ്ഞ് മോശമായി പെരുമാറുകയും ചെയ്തു എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. പോക്സോ, അന്യായമായി കതടങ്കലിൽ വച്ചു, ജുവനൈൽ ജെസ്റ്റിസ് ആക്ട് 75 തുടങ്ങീവകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പെൺകുട്ടി അനുഭവിക്കുന്ന ദുരിത ജീവിതം മനസ്സിലാക്കിയ ആരോ വനിതാ സെല്ലിന് രഹസ്യമായി നൽകിയ പരാതിയെ തുടർന്നാണ് പോളിനെ അറസ്റ്റ് ചെയ്തത്. പോളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സെലിൻ ഒളിവിൽ പോയി. ഇവർക്ക് കഴിഞ്ഞ ദിവസം കോടതി മുൻകൂർ ജാമ്യം നൽകി. പെൺകുട്ടിയെ പൊലീസ് വനിതാ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.