അടിമാലി: യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസുടമയെയും ഡ്രൈവറെയും വീണ്ടും ചോദ്യംചെയ്യാൻ ഹാജരാകണമെന്ന വ്യവസ്ഥയിൽ വിട്ടയച്ചു. കൊല നടത്തിയ തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷ് പിടിയിലായെങ്കിലും കൊലയ്ക്കു പിന്നിലെ കാരണങ്ങൾ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. സെലീനയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന രണ്ടുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്. ഇവർക്ക് സെലീനയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നാണ് സൂചന. റിമാൻഡിലായ ഗിരോഷിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. മാറിടം മുറിച്ചെടുത്ത പൈശാചിക നടപടിയോടെയുള്ള കൊലപാതകത്തിന് മറ്റ് കാരണങ്ങളുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

കൊല്ലപ്പെട്ട യുവതിയുമായും പ്രതി ഗിരോഷുമായും വർഷങ്ങളായി ബന്ധമുള്ള ബസുടമ, കൊലപാതകം നടന്ന ദിവസം അടിമാലിയിൽ ഉണ്ടായിരുന്നു. 2010 മുതലാണ് സെലീനയുമായി ബസുടമക്ക് ബന്ധം. വേർപിരിയാൻ തീരുമാനിച്ച ബസുടമയെയും ഭാര്യയെയും കൗൺസലിങ്ങിലൂടെ ഒന്നിപ്പിച്ചത് സാമൂഹികപ്രവർത്തക കൂടിയായ സെലീനയാണ്. തൊടുപുഴയിൽ എത്തിയാൽ സെലീന ഇവരുടെ വീട്ടിലെത്തുന്നത് പതിവായിരുന്നു. ഇരുമ്പുപാലം പതിനാലാംമൈൽ ചാരുവിള പുത്തൻവീട്ടിൽ സിയാദിന്റെ ഭാര്യ സെലീനയെ (38) കൊലപ്പെടുത്തി മാറിടം മുറിച്ചെടുത്ത കേസിലെ പ്രതി തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷിന്റെ (30) സുഹൃത്തുക്കളായ ഇവരെ കൊലക്കേസിൽ ഗൂഢാലോചന സംശയിച്ചാണ് പൊലീസ് ചോദ്യം ചെയ്തത്. എന്നാൽ, ചോദ്യം ചെയ്യലിൽ വ്യക്തമായ തെളിവ് ലഭ്യമായില്ല.

ബുധനാഴ്ച രാത്രി പിടികൂടിയ ബസുടമയെയും ഡ്രൈവറെയും വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് വിട്ടയച്ചത്. സെലീനയെ ഗിരോഷ് കൊലപ്പെടുത്തുന്നതിന് മുമ്പും ശേഷവും ഇവരെ നിരവധി പ്രാവശ്യം വിളിക്കുകയും അറസ്റ്റിലായതിന് പിന്നാലെ ഇവർ അടിമാലിയിലെത്തിയതുമാണ് സംശയത്തിനിടയാക്കി. കസ്റ്റഡിയിലായവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന സൂചനകളും ലഭിച്ചിരുന്നു.ചോദ്യം ചെയ്യലിൽ ഇവർ ഉൾപ്പെട്ട മറ്റുചില സംഭവങ്ങളിലെ നിർണായക വിവരങ്ങൾ സംബന്ധിച്ച് വിവരം ലഭിച്ചതായി പൊലീസ് സൂചന നൽകി. ഇവരെ വിട്ടയക്കാൻ പൊലീസിനുമേൽ ശക്തമായ സമ്മർദവും ഉണ്ടായി. ഇവരെ വീണ്ടും ചോദ്യംചെയ്യുമെന്ന് അടിമാലി സി.ഐ പി.കെ. സാബു പറഞ്ഞു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ പതിനാലാം മൈലിൽ മുഴുവൻ മറ്റത്തിൽ നേഴ്‌സറിക്ക് സമീപമുള്ള വീടിന് പിന്നിലായാണ് സെലീനയുടെ മൃതദേഹം കണ്ടെത്തിയത്.

വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം. വീടിനു പിന്നിൽ നിന്നു സെലീന വസ്ത്രങ്ങൾ കഴുകുന്നതിനിടെ ചൊവ്വാഴച ഉച്ചയ്ക്ക് 2.16 ഓടെയാണ് പ്രതി ഗിരോഷ് വീട്ടിലെത്തിയത്. കൊലപാതകം നടത്തിയ ശേഷം എട്ടു മിനിറ്റിനുള്ളിൽ പ്രതി പുറത്തിറങ്ങി. ഇയാൾ ബൈക്കിൽ കയറി പോകുന്ന ദൃശ്യങ്ങൾ സമീപത്തുള്ള കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ കൊലയിൽ ഒരാൾ മാത്രമേ നേരിട്ട് പങ്കെടുത്തിട്ടുള്ളൂവെന്ന് പൊലീസ് കണക്കുകൂട്ടുന്നു. ഗിരോഷ് നേരത്തെ ഒരു പീഡനശ്രമ കേസിൽ കുടുങ്ങിയിരുന്നു. ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ച പെൺകുട്ടി സാമൂഹ്യ പ്രവർത്തകയായ സെലീനയുടെ സഹായം തേടി. പിന്നീട് ഈ ആദിവാസി പെൺകുട്ടിയെ ഗിരോഷ് കല്ല്യാണം കഴിക്കുകയും ചെയ്തു.

ഈ സംഭവം മുതലെടുത്ത് സെലീന ഗിരോഷിനെ ഭീഷണിപ്പെടുത്തി 1.08 ലക്ഷം രൂപ വാങ്ങിയിരുന്നു. ഗിരോഷിന്റെ കുടുംബ വസ്തു ഈടു വച്ച് രണ്ടു ലക്ഷം രൂപകൂടി ഗിരോഷ് നൽകി. വായ്പ തിരിച്ചടയ്ക്കൽ മുടങ്ങിയതോടെ ഗിരോഷും സെലീനയും തമ്മിൽ വഴക്കായി. വസ്തുവിനു ജപ്തി നോട്ടിസും വന്നു. ഭാര്യയുടെ പ്രസവ ചെലവുകൾക്കായി സുഹൃത്തിന്റെ കൈയിൽനിന്നു വാങ്ങിയ 5000 രൂപ ഗിരോഷ് സ്വന്തം അക്കൗണ്ടിലിട്ടെങ്കിലും സ്വകാര്യ ധനകാര്യ സ്ഥാപനം ഈ പണം വായ്പയുടെ തിരിച്ചടവിലേക്ക് കൂട്ടിച്ചേർത്തു. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ഗിരോഷ് സെലീനയുടെ അടുത്തെത്തി പണം തിരിച്ചുചോദിച്ചു. എന്നാൽ പണം തിരികെ നല്കാൻ അവർ തയാറാകാത്തതാണ് കൊലയിലേക്കു നയിച്ചതെന്നാണ് പ്രതി പറയുന്നത്.