വെള്ളറട: അമ്പൂരി കണ്ടംതിട്ട ജിപിൻഭവനിൽ സെൽവ മുത്തു(52) കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന ഭാര്യ സുമലത (ഷീബ40) കുറ്റം സമ്മതിച്ചു. സഹികെട്ടാണ് കൊല ചെയ്തതെന്നാണ് സുമലത പൊലീസിനോട് പറഞ്ഞത്. ഭർത്താവ് മർദ്ദിക്കുന്നത് പതിവായിരുന്നു, സഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കൊല നടത്തിയതെന്നാണ് ഷീബ നെയ്യാർ ഡാം പൊലീസിനോട് വ്യക്തമാക്കിയത്.

തലേന്ന് രാവിലെയും മർദിച്ചു. പുലർച്ചെ 2ന് ശേഷമായിരുന്നു കൊലപാതകം. കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്ന സെൽവമുത്തുവിന്റെ തലയിൽ ഉലക്കകൊണ്ട് ശക്തമായി അടിച്ചു. ഈ അടിയുടെ ആഘാതത്തിൽ ബോധം നശിച്ചു. തലയോടും പൊട്ടി. കട്ടിലിന്റെ വശത്ത് നിന്നുകൊണ്ടാണ് അടിച്ചത്. തുടർന്ന് റബർ തടിയുടെ കഷണം കൊണ്ട് വീണ്ടും മൂന്നുവട്ടം തലയ്ക്കടിച്ചു. അതിനുശേഷം കട്ടിലിൽ ഇരുന്ന് കറിക്കത്തികൊണ്ട് കഴുത്തറത്തു.

തുണികൊണ്ട് മൃതദേഹം മൂടിയ ശേഷം കത്തികഴുകി ചണംചാക്കിൽ പൊതിഞ്ഞ് വീടിന്റെ പിന്നിലെ തോട്ടത്തിലേക്കെറിഞ്ഞു. ഇതിനിടെ ഭിന്നശേഷിക്കാരനായ മകൻ ജിത്തു ശുചിമുറിയിൽ പോയി തിരികെ എത്തിയപ്പോൾ കിടന്നുറങ്ങിക്കൊള്ളാൻ നിർദേശിച്ചു. റബർ ടാപ്പിങ്ങിന് പോകുന്നതിനായി പുലർച്ചെ 3ന് സെൽവമുത്തു അലാം വയ്ക്കാറുണ്ട്.

ഇത് ഓഫാക്കി വച്ചശേഷം നേരം പുലരുന്നതുവരെ സുമലത വീടിന്റെ വരാന്തയിൽ ഇരുന്നു. രാവിലെയാണ് സമീപ വീട്ടിൽ എത്തി ടാപ്പിങ് കത്തികൊണ്ട് ഭർത്താവിന് പരുക്കേറ്റെന്നും ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടത്. പൊലീസ് ഇന്നലെ സുമലതയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സെൽവമുത്തുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു.