ന്യൂയോർക്ക്: അമേരിക്കൻ മലങ്കര അതിഭദ്രാസന സതേൺ റീജൺ, സെന്റ് മേരീസ് വിമൻസ് ലീഗിന്റേയും സെന്റ് പോൾസ് മെൻസ് ഫെലോഷിന്റെയും സംയുക്ത ഏകദിന സെമിനാർ ഏപ്രിൽ 16നു (ശനി) മസ്‌കിറ്റ് മാർ ഗ്രിഗോറിയോസ് ദേവാലയത്തിൽ നടക്കും.

രാവിലെ 10നു മാർ ഗ്രീഗോറിയോസ് പള്ളി ഗായക സംഘം പ്രാർത്ഥനാ ഗാനം ആലപിക്കുന്നതോടെ പരിപാടിക്കു തുടക്കം കുറിക്കും. വികാരി ഫാ. പോൾ തോട്ടക്കാട് സ്വാഗതം ആശംസിക്കും.

'അവൻ ഭക്തനും തന്റെ സകല ഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിനു വളരെ ധർമ്മം കൊടുത്തും എപ്പോഴും ദൈവത്തോട് പ്രാർത്ഥിച്ചും പോന്നു. അപ്പോ : 10-2 ' എന്നതായിരിക്കും. ഈ സെമിനാറിന്റെ പ്രധാന ചിന്താ വിഷയം. പ്രഗത്ഭ വാഗ്മിയും വചന പ്രഘോഷകനുമായ ഫാ. എൽദോ പൈലി (വികാരി, സെന്റ് മേരീസ് ചർച്ച് ഡെൻവർ) മുഖ്യ പ്രഭാഷണം നടത്തും.

റവ. വി. എം. തോമസ് കോർ എപ്പിസ്‌കോപ്പാ (വൈസ് പ്രസിഡന്റ് സെന്റ് മേരീസ് വിമൻസ് ലീഗ്), ഫാ. ബിനു ജോസഫ് (സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ്, വൈസ് പ്രസിഡന്റ്) എന്നിവർ സംസാരിക്കും.

സെന്റ് മേരീസ് വിമൻസ് ലീഗിന്റേയും സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പിന്റേയും നാളിതുവരെയുള്ള പ്രവർത്തന റിപ്പോർട്ട് അന്നമ്മ ബാബു (റീജണൽ കോഓർഡിനേറ്റർ, വിമൻസ് ലീഗ്) ബിജു ഇട്ടൻ, സാജു മോൻ മത്തായി (റീജണൽ കോർഡിനേറ്റേഴ്‌സ്, മെൻസ് ഫെലോഷിപ്പ്) എന്നിവർ യോഗത്തിൽ അവതരിപ്പിക്കും. വിവിധ ദേവാലയങ്ങളിലെ ഗായക സംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങൾ പരിപാടിക്കു കൊഴുപ്പേകും. ഉച്ചകഴിഞ്ഞു നടക്കുന്ന ബൈബിൾ ക്വിസ് പ്രോഗ്രാമിലെ വ്യത്യസ്തയാർന്ന ഒരിനമായിരിക്കും. തികച്ചും ആത്മീയത നിറഞ്ഞു നിൽക്കുന്ന ഈ കൂട്ടായ്മയിലേക്ക് ഈ റീജണിലെ എല്ലാ പ്രവർത്തകരേയും സ്വാഗതം ചെയ്യുന്നതായി കോഓർഡിനേറ്റർമാർ അറിയിച്ചു.

സെമിനാറിന്റെ നടത്തിപ്പിനായി റവ. ഫാ. പോൾ തോട്ടക്കാട്ട് (വികാരി) പ്രിൻസ് ജോൺ (ചർച്ച് സെക്രട്ടറി), ഷോൺ ജോർജ് (ട്രഷറർ, സി.പി. പൗലോസ് (മെൻസ് ഫെലോഷിപ്പ് സെക്രട്ടറി), ഷീലാ ജോർജ് (വിമൻസ് ലീഗ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു.