കോഴിക്കോട്: മതങ്ങളെയും ആചാരങ്ങളെയും വിമർശിക്കുകയെന്നത് സകലർക്കും ഭയമുള്ള കാര്യമാണ്.മതേതര സമൂഹമാണെന്ന് പറയുമ്പോഴും ചേലാകർമ്മവും കുത്തിയോട്ടവും അടക്കമുള്ള മതജന്യമായ ആചാരങ്ങളെ വിമർശിക്കാൻ മടിച്ച് നിൽക്കുന്ന പൊതുസമൂഹത്തെ അമ്പരപ്പിക്കുന്നതായിരുന്നു ഇന്നലെ കോഴിക്കോട്ട് നടന്ന 'മതിയാക്കൂ,ആചാരങ്ങളിലെ ബാലപീഡനം' എന്ന സെമിനാർ.എഴുത്തുകാരൻ ആനന്ദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സംവിധായകൻ അലിഅക്‌ബർ അടക്കമുള്ളവർ ചേലാകർമ്മമെന്ന പ്രാകൃത ആചാരത്തെ അതിരൂക്ഷമായാണ് വിമർശിച്ചത്.

അമ്പതുവർഷം കഴിഞ്ഞിട്ടും അഞ്ചാംവയസ്സിൽ നടന്ന ചേലാകർമ്മത്തിന്റെ ഭീതിതമായ ഓർമ്മകൾ മാറിയിട്ടില്‌ളെന്ന് പറഞ്ഞാണ് അലിഅക്‌ബർ അനുഭവം വിവിരിച്ചത്.'ഒരു ദിവസം കൂട്ടുകാർ പറഞ്ഞാണ് എന്റെ ചേലാകർമ്മമാണെന്ന് അറിഞ്ഞത്.ഞാൻ പേടിച്ച് ഓടി ഒരു റബ്ബർ കാട്ടിൽ ഒളിച്ചു.എന്നാൽ അയൽവാസികളായ ഏതാനും ദ്രോഹികൾ എന്നെ കണ്ടത്തെി തൂക്കിയെടുത്തുകൊണ്ടുപോയി.എന്റെ കരച്ചിൽകണ്ട് ഉമ്മാക്ക് അലിവ് തോന്നി അവൻ കൊച്ചുകുട്ടിയല്ലേ എന്ന് പറഞ്ഞെങ്കിലും ജേഷ്ഠൻ വെറുതെ വിട്ടില്ല.ചെലവ് കുറക്കാൻ വേണ്ടി മറ്റ് രണ്ട് സഹോദരന്മാർക്കൊപ്പം എന്നെയും കെട്ടിവലിച്ച് കൊണ്ടുപോയി.എന്റെ കൈയും കാലും വായയും പൊത്തിപ്പിടിച്ച് ഓസാൻ മൂർച്ചയുള്ള കത്തികൊണ്ട് ജനനേന്ദ്രിയത്തിന്റെ മുൻഭാഗം അറുത്ത് തള്ളുകയായിരുന്നു.അതിന്റെ വേദന 50 വർഷം കഴിഞ്ഞിട്ടും പോയിട്ടില്ല.'-അലി അക്‌ബർ പറഞ്ഞു.

ഇപ്പോൾ ഞാൻ പറയുന്നത് എനിക്ക് എന്റെ മുറിച്ചുമാറ്റിയ സാധനം തിരിച്ചുകിട്ടണമെന്നാണ്.കാരണം എന്റെ സമ്മതമില്ലാതെയാണ് ഇത് ചെയ്തത്.എന്റെ ജേഷ്ഠനും നാട്ടുകാർക്കുമെതിരെ കേസ് എടുക്കാൻവേണ്ടി ഏത് കോടതിയിലും ഞാൻ പോകും. പരാതിക്കാരൻ ഇല്ല എന്ന് പറഞ്ഞ് നിങ്ങൾക്ക് തടിതപ്പാൻ കഴിയില്ല.പക്ഷേ കേസ് ഏറ്റെടുക്കാൻ വക്കീലില്ല.-അലി അക്‌ബർ ചൂണ്ടിക്കാട്ടി.

മുസ്ലിം സമുദായത്തിലെ ചില പുരുഷന്മാർ ഇങ്ങനെ മാറിമാറി പെണ്ണുകെട്ടുന്നതിന് പിന്നിലും ചേലാകർമ്മം വഴിയുള്ള ലൈംഗിക സുഖ നിഷേധമാണെന്നും അലിഅക്‌ബർ കൂട്ടിച്ചേർത്തു.ഏറ്റവും സെൻസറ്റീവായ അഗ്രചർമ്മം ഛേദിക്കപ്പെടുന്നതോടെ വികാരപരമായ നിർജ്ജീവാവസ്ഥ ലൈംഗിക സുഖം വല്ലാതെ കുറക്കുകയാണ് ചെയ്യുന്നത്.എന്നാൽ ഇത് സ്ത്രീകളുടെ കുഴപ്പമാണെന്ന് കരുതി ഇവർ മാറിമാറി പെണ്ണ് കെട്ടുകയാണെന്നും അലി അക്‌ബർ കൂട്ടിച്ചേർത്തു.

ചടങ്ങ് ഉദ്ഘാടനം ചെയ്ത എഴുത്തുകാരൻ ആനന്ദ് മതത്തിന്റെ പേരിൽ മാത്രമല്ല ശാസ്ത്രം തെറ്റായി വ്യാഖ്യാനിച്ചും ചേലാകർമ്മം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി.1971ൽ അമേരിക്കയിലൊക്കെ 90 ശതാമാനം പുരുഷന്മാരും ചേലാകർമ്മത്തിന് വിധേയരായത് ഡോക്ടർമാരുടെ മൗനവും ശാസ്ത്രത്തിന്റെ പേരിലുള്ള തെറ്റായ പ്രചാരണവും മൂലമാണ്.ഇതുകൊണ്ട് യാതൊരു ഫലവുമില്ല എന്ന തുടർച്ചയായ പഠനങ്ങളുടെയും ബോധവത്ക്കരണത്തെയും തുടർന്ന് ഇപ്പോൾ അമേരിക്കയിൽ പത്തുശതമാനത്തിൽ താഴെയായി ചേലാകർമ്മത്തിന്റെ നിരക്ക് കുറക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖുർആനിൽ എവിടെയും ചേലാകർമ്മത്തെക്കുറിച്ച് പറയുന്നില്‌ളെന്നും ഇബ്രാഹീം നബി 80ാംവയസ്സിൽ കോടലികൊണ്ട് ചേലാകർമ്മം ചെയ്തുവെന്ന കഥ പിൽക്കാലത്തുണ്ടായ കെട്ടുകഥ മാത്രമാണെന്ന് തുടർന്ന് സംസാരിച്ച ഖുർആൻ സുന്നത്ത് സൊസൈറ്റി നേതാവ് ഡോ.ജലീൽ പുറ്റെക്കാട്ട് പറഞ്ഞു.അതിനാൽ ചേലാകർമ്മം അനിസ്ലാമികമാണ്.ചേകന്നുർ മൗലവി ഈ ആശയമാണ് മുന്നോട്ടുവെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിരവധി പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ചേലാകർമ്മംമൂലം എന്തെങ്കിലും ഗുണം ഉണ്ടെന്ന് കണ്ടത്തൊനായിട്ടില്‌ളെന്ന് ഡോ.കെ.പി മോഹനൻ ചൂണ്ടിക്കാട്ടി.ലൈംഗിക സംവേദനത്വം കുറയുന്നു തുടങ്ങിയ ദോഷവശങ്ങളാണ് ചേലാകർമ്മം മൂലമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ബാലാവകാശ നിയമപ്രകാരം കുത്തിയോട്ടവും ചേലാകർമ്മവും ഗരുഡൻതൂക്കവും അടക്കമുള്ള ആചാരങ്ങൾ നിരോധിക്കുകയും കേസ് എടുക്കുയും ചെയ്യാവുന്നതാണെങ്കിലും ഇതിനായി ആരും മുന്നോട്ട് വരുന്നില്‌ളെന്ന് തുടർന്ന് സംസാരിച്ച നിയമ വിദഗ്ധരും അഭിപ്രായപ്പെട്ടു.ഷമ്മാസ് ജംഷീർ,സാമൂഹിക പ്രവർത്തക വി.പി സുഹ്‌റ,,അഡ്വ.മരിയ വയനാട്,ഷീബാ മുംതാസ്,ചലച്ചിത്ര നിരൂപകൻ റാഫി,എഴുത്തുകാരനും പ്രഭാഷകനുമായ ഷൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു.

പ്രോഗ്രസീവ് മുസ്ലിം വിമൺസ് ഫോറം,മൂവ്‌മെന്റ് എഗൈസ്റ്റ് ചൈൽഡ് അഭ്യൂസ്,മൂവ്‌മെന്റ് എഗൈസ്റ്റ് സർക്കുംസിഷൻ,സെക്യുലർ സൊസൈറ്റി കോഴിക്കോട് എന്നീ സംഘടനകൾ ചേർന്നാണ് ചടങ്ങ് നടത്തിയത്.ജനാധിപത്യ മഹിളാഅസോസിയേഷൻ നേതാവ് പി.കെ സൈനബ, അന്വേഷി പ്രസിഡന്റ് കെ.അജിത,നോവലിസ്റ്റ് ടി.പി രാജീവൻ എന്നിവർ പരിപാടിക്ക് എത്താമെന്ന് പറഞ്ഞെങ്കിലും മുന്നറിയിപ്പില്ലാതെ പിന്മാറുകയായിരുന്നെന്നും സംഘാടകരിൽ ചിലർ ആരോപിക്കുന്നുണ്ട്.