മുബൈ: ബാൽതാക്കറയോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹുമാനം ചർച്ചയാക്കി ശിവസേനാ മുഖപത്രമായ സാമ്‌ന രംഗത്ത്. മഹായുതി സഖ്യത്തെ തകർത്തിട്ട് താക്കറെയെ പുകഴ്‌ത്തുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്നാണ് സാമ്‌നയുടെ ചോദ്യം. ഛത്രപതി ശിവജിയെ ഉയർത്തിക്കാട്ടി മഹാരാഷ്ട്രയിൽ മോദി നടത്തിയ പ്രചരണത്തിനും ശിവസേനാ മുഖപത്രം എഡിറ്റോറിയലിലൂടെ മറുപടി നൽകുന്നു.

അന്തരിച്ച ശിവസേന നേതാവ് ബാൽ താക്കറെയോടുള്ള ആദര സൂചകമായി ശിവസേനയ്‌ക്കെതിരെ ഒറ്റയക്ഷരം മിണ്ടില്ലെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെയാണ് സാമ്‌ന പ്രതികരിക്കുന്നത്. ബാൽ താക്കറെയോട് ഇത്രയും ബഹുമാനമുണ്ടായിരുന്നെങ്കിൽ അത് എന്തുകൊണ്ടാണ് സഖ്യം പിരിഞ്ഞപ്പോൾ കാണാതിരുന്നതെന്ന് ശിവസേനയുടെ മുഖ്യപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിൽ ചോദിക്കുന്നു. സാമ്‌നയിൽ രാജ്യസഭാ എംപി സഞ്ജയ് റൗത്ത് എഴുതിയ മുഖപ്രസംഗത്തിലാണ് വിമർശനം.

25 വർഷം നീണ്ട സഖ്യം പിരിയാൻ കാരണം ബിജെപിയാണ്. മഹാരാഷ്ട്രയെ വിഭജിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും വിദർഭ സംസ്ഥാനം രൂപീകരിക്കാനുള്ള ശ്രമങ്ങൾ ഇതിന്റെ ഭാഗമാണെന്നും റൗത്ത് പറയുന്നു. മഹാരാഷ്ട്രയെ വിഭജിക്കാനോ തളർത്താനോ ആരെയും അനുവദിക്കില്ലെന്നും മുഖപ്രസംഗത്തിലൂടെ ശിവസേന വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ മഹാരാഷ്ട്രയിൽ മോദി നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ ഛത്രപതി ശിവജിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. ഇതിനെതിരെയും മുഖപ്രസംഗത്തിൽ പരാമർശമുണ്ടായിട്ടുണ്ട്. ശിവജിയുടെ പാരമ്പര്യത്തിന്റെ മാഹാത്മ്യം ചോർത്തിയെടുത്ത് തിരഞ്ഞെടുപ്പിൽ വിജയിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ആരോപണം.

നിക്ഷേപങ്ങളും വ്യവസായങ്ങളും മുംബൈയ്ക്കു പകരം ഗുജറാത്തിൽ നടത്തുമെന്നു പറഞ്ഞ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിനെ വിമർശിച്ച ശിവസേന, മഹാരാഷ്ട്രയുടെ വളർച്ചയെ തടസപ്പെടുത്താനുള്ള ശ്രമമാണിതെന്ന് കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ സീറ്റ് വിഭജനത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് ശിവസേനയുമായുണ്ടായിരുന്ന 25 വർഷത്തെ സഖ്യത്തിന് ബിജെപി അവസാനം കുറിച്ചിരുന്നു.