ന്യൂഡൽഹി: തന്നെയും കുടുംബത്തേയും ചോദ്യം ചെയ്യലിന്റെ പേരിൽ സിബിഐ നിരന്തരം പീഡിപ്പിച്ചതായി മുൻ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ബി.കെ.ബൻസലിന്റെ ആത്മഹത്യാ കുറിപ്പ്. ബൻസലിന്റെ ആത്മഹത്യാകുറിപ്പിൽ പേര് പരാമർശിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് വ്യക്തമായാൽ കർശന നടപടിയുണ്ടാകുമെന്നും സിബിഐ വ്യക്തമാക്കി. ഡിഐജി ഉൾപ്പെടെ അഞ്ച് സിബിഐ ഉദ്യോഗസ്ഥർക്കെതിരേയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. ആത്മഹത്യാക്കുറിപ്പിൽ അന്വേഷണം നടത്തുമെന്ന് സിബിഐ അറിയിച്ചു.

തന്റെ ഭാര്യയേയും മകളേയും സിബിഐ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിയതായി ബൻസൽ ആരോപിക്കുന്നു. ഇരുവരേയും സിബിഐയിലെ രണ്ട് വനിതാ ഉദ്യോഗസ്ഥർ മർദ്ദിച്ചതായി അയൽക്കാർ തന്നോട് പറഞ്ഞെന്ന് ബൻസൽ പറയുന്നു. തന്നേയും മകനേയും കൊല്ലുമെന്നും സിബിഐ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ആത്മഹത്യാ കുറിപ്പിൽ ബൻസൽ ആരോപിക്കുന്നു. മകനോടൊപ്പമാണ് ബൻസൽ ജീവനൊടുക്കിയത്. ബൻസലിന്റെ ഭാര്യയും മകളും നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

നിങ്ങളുടെ ഭാവി തലമുറകൾ എന്റെ പേര് കേട്ടാൽ ഭയപ്പെടുമെന്ന് ആത്മഹത്യാകുറിപ്പിൽ സിബിഐ ഉദ്യോഗസ്ഥരോട് ബൻസൽ പറയുന്നു. ഡൽഹിയിലെ അപ്പാർട്ട്‌മെന്റിലാണ് 59കാരനായ ബൻസലിനേയും മകൻ യോഗേഷിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ബൻസലിനേയും മകനേയും സിബിഐ ചോദ്യം ചെയ്തിരുന്നു. രണ്ട് മാസം മുമ്പ് ബൻസൽ ജയിലിലായിരിക്കെ ഇതേ ഫ്‌ലാറ്റിൽ തന്നെയാണ് ഭാര്യ സത്യഭാമയേയും മകൾ നേഹയേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

സിബിഐ ഡി.ഐ.ജി സഞ്ജീവ് ഗൗതം, വനിതാ ഓഫിസർമാരായ രേഖ സാങ്‌വാൻ, അമൃത കൗർ എന്നിവർക്കെതിരെയാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശമുള്ളത്. ഇവർക്കെതിരെ സിബിഐ അഴിമതി വിരുദ്ധ വിഭാഗം വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആരോപണങ്ങൾ അന്വേഷിക്കുമെന്നും കുറ്റക്കാരായി കണ്ടെത്തിയാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും അഴിമതി വിരുദ്ധ വിഭാഗം അറിയിച്ചു. റെയിഡിന്റെ ഭാഗമായി വീട്ടിലെത്തിയ ഓഫിസർമാർ തന്റെ ഭാര്യയെയും മകളെയും ഉപദ്രവിച്ചു കൊണ്ടേയിരുന്നു. ഒഫിസർമാരുടെ പീഡനം അവർക്ക് താങ്ങാനാകുന്നതിലും അപ്പുറത്തായിരുന്നു. അതുകൊണ്ടാണ് അവരും ആത്മഹത്യ ചെയ്തത്. താൻ കുറ്റക്കാരനാണെങ്കിൽ എന്തിന് ഭാര്യയെയും മകളെയും ഉപദ്രവിക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ ബൻസാൽ ചോദിക്കുന്നുണ്ട്.

കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ബി.കെ ബൻസലിനെ ജൂലായ് 17ന് കൈക്കൂലി കേസിൽ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. മുംബയിലെ ഒരു സ്ഥാപനത്തിനെതിരായ അന്വേഷണം ഒഴിവാക്കാൻ ഒമ്പത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. ബൻസലിന്റെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തുകയും ചെയ്തു. ഇതേ തുടർന്നാണ് ബൻസലിന്റെ ഭാര്യയും മകളും ആത്മഹത്യ ചെയ്യുന്നത്. സിബിഐ തങ്ങളെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി ഇരുവരും ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചിരുന്നു.