പത്തനംതിട്ട: ഓപ്പറേഷൻ വേണ്ടാാാ..എനിമ മതി...ഉള്ളടക്കം എന്ന സിനിമയിലെ ജഗതിയുടെ ഹിറ്റായ ഡയലോഗ് ആണിത്. ഏതാണ്ടിതേ പോലെയാണ് പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആയി തുടർച്ചയായി നാലാം വർഷവും തെരഞ്ഞെടുക്കപ്പെട്ട ബൈജു എം. മീരയും പറയുന്നത്-സ്ഥാനക്കയറ്റം വേണ്ടാ..അതനുസരിച്ചുള്ള ശമ്പളം മതീീീീ...

കാരണം സ്ഥാനക്കയറ്റം കിട്ടിയാൽ ബൈജു ഗ്രേഡ് എഎസ്ഐയാകും. അപ്പോൾ അസോസിയേഷന് പുറത്തു പോകേണ്ടി വരും. യു.ഡി.എഫ് ഭരിക്കുന്ന ഒരു വർഷം അസോസിയേഷൻ പ്രസിഡന്റ് എന്ന ചക്കരക്കുടത്തിൽ കൈയിട്ടു നക്കാൻ കഴിയാതെ വരും. കരഞ്ഞു കൂവി ജില്ലാ പൊലീസ് മേധാവിയുടെ കാലുപിടിച്ച് തസ്തിക വേണ്ടെന്ന് വയ്പിച്ചിരിക്കുകയാണ് ഇപ്പോൾ ബൈജു. എന്നാൽ, ഗ്രേഡ് എസ്.ഐയുടെ ശമ്പളം വേണം താനും. ബൈജുവിന്റെ നടപടിയിൽ അസോസിയേഷനുള്ളിൽ തന്നെ പ്രതിഷേധം പുകയുകയാണ്.

ആലിൻ കായ് പഴുത്തപ്പോൾ കാക്കയ്ക്ക് വായ്‌പ്പുണ്ണ് എന്നു പറഞ്ഞതു പോലെയായിരുന്നു ബൈജുവിന്റെ കാര്യം. കാത്തു കാത്തിരുന്ന സ്ഥാനക്കയറ്റം ഇദ്ദേഹത്തിന് ലഭിച്ചത് പൊലീസ് അസോസിയേഷൻ ജില്ലാ കമ്മറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക കൊടുക്കുന്ന അവസാനതീയതിയിലാണ്. നിലവിൽ സിവിൽ പൊലീസ് ഓഫീസറായ നേതാവിന് ഗ്രേഡ് എഎസ്ഐയായിട്ടാണ് സ്ഥാനക്കയറ്റം ലഭിച്ചത്. ഇതോടെ പൊലീസ് അസോസിയേഷനിൽ നിന്ന് ഇദ്ദേഹം ഔട്ട്. ഇനി വേണമെങ്കിൽ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനിൽ ചേരാം എന്ന അവസ്ഥ വന്നു. പണി മാനത്തു കണ്ട ബൈജു അതിന് മുമ്പ് തന്നെ മറുപണി തുടങ്ങിയിരുന്നു.

സ്ഥാനക്കയറ്റം വേണ്ടാ, ഗ്രേഡ് എഎസ്ഐയുടെ ശമ്പളം മാത്രം മതി എന്ന നിലപാട് നേതാവ് സ്വീകരിച്ചു. തനിക്ക് അണികളെ സേവിച്ചും സംരക്ഷിച്ചും മതി വരുന്നില്ലത്രേ. പൊലീസുകാർക്ക് മാത്രം മൽസരിക്കാൻ കഴിയുന്ന അസോസിയേഷൻ തെരഞ്ഞെടുപ്പിലേക്ക് നാമനിർദേശപത്രിക കൊടുത്ത് എതിരില്ലാതെ വിജയിച്ചു നിൽക്കുന്ന സമയത്താണ് ഇരുട്ടടി പോലെ ബൈജുവിന് സ്ഥാനക്കയറ്റം ലഭിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ഏറെ നാളായി സ്ഥാനക്കയറ്റത്തിനായി ശ്രമിച്ചു വരികയായിരുന്നു ഇദ്ദേഹം. സ്ഥാനക്കയറ്റം ലഭിച്ച തസ്തിക വേണ്ടെന്നും താൻ ഗ്രേഡ് എഎസ്ഐയുടെ ശമ്പളം കൈപ്പറ്റിക്കൊണ്ട് സീനിയർ സിവിൽ പൊലീസ് ഓഫീസറായി തുടർന്നു കൊള്ളാമെന്നും പറഞ്ഞ് നേതാവ് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു.

ഇതോടെ ജില്ലാ പൊലീസ് മേധാവി ആശയക്കുഴപ്പത്തിലായി. ഇയാളെ പിണക്കിയാൽ, എസ്‌പിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല പണി കിട്ടും. അതു കൊണ്ട് എസ്‌പി പൊലീസ് ആസ്ഥാനവുമായി ബന്ധപ്പെട്ടു. ഉചിതമായ തീരുമാനം എസ്‌പിക്ക് എടുക്കാമെന്നാണ് അവിടെ നിന്ന് ലഭിച്ച മറുപടി. ഒടുവിൽ നേതാവ് പറയുന്നതു പോലെ എസ്‌പിക്ക് ചെയ്തു കൊടുക്കേണ്ടി വന്നു. യു.ഡി.എഫ് അനുകൂല ചായ്‌വുള്ള പൊലീസ് അസോസിയേഷന് ഇനി ഒരു വർഷം കൂടി കാലാവധിയുണ്ട്. ഭരണം ഉള്ളപ്പോൾ അസോസിയേഷന്റെ നേതൃസ്ഥാനം ഒരു ചക്കരക്കുടമാണ്. പ്രയോജനങ്ങൾ നിരവധിയുണ്ട്. പൊലീസ് അസോസിയേഷന്റെ താക്കോൽ സ്ഥാനത്ത് വന്നാൽ ജില്ലാ പൊലീസ് മേധാവിയേക്കാൾ വില കിട്ടും.

ജില്ലയിലെ പൊലീസുകാരുടെ സ്ഥലംമാറ്റവും ചുമതലകളുമൊക്കെ തീരുമാനിച്ചു കൊണ്ടിരിക്കുന്നത് ഈ നേതാവാണ്. ഇദ്ദേഹം പട്ടിക കൊടുക്കും. അധികൃതർ ഒപ്പിടും. ഇദ്ദേഹത്തിന്റെ നിർദേശാനുസരണമാകും പൊലീസ് മേധാവി പോലും പ്രവർത്തിക്കുന്നതെന്ന് പറയുന്നു. ഇത്രയും സ്വാധീനമുള്ള പദവി വിട്ടുകളയാനുള്ള മടി കൊണ്ടാണ് നേതാവ് സ്ഥാനക്കയറ്റം വേണ്ടെന്ന് പറഞ്ഞിരിക്കുന്നത്. എന്നാൽ, ഗ്രേഡിന് അനുസരിച്ചുള്ള ശമ്പളം വേണം താനും. സ്ഥാനക്കയറ്റത്തിന് വേണ്ടി നേരത്തേ നിരവധി നിവേദനങ്ങൾ നൽകിയ നേതാവാണ് അതു കിട്ടിയപ്പോ വേണ്ടെന്ന് പറയുന്നത്. തന്റെ പാർട്ടിയിലുള്ളവരെയും വേണ്ടപ്പെട്ടവരെയും പ്രധാന സ്റ്റേഷനുകളിൽ നിയമിക്കുകയും എതിർക്കുന്നവരെ സ്ഥലം മാറ്റി പീഡിപ്പിക്കുകയും ചെയ്യുന്നത് പൊലീസ് അസോസിയേഷൻ നേതാക്കളുടെ പതിവാണ്.

അത് എൽ.ഡി.എഫ് ആണെങ്കിലും യു.ഡി.എഫ് ആണെങ്കിലും. തങ്ങളുടെ കൂട്ടത്തിലുള്ളവർ എന്തു തെറ്റ് ചെയ്താലും അവരെ സംരക്ഷിക്കാനും ഇവർ മുന്നിട്ടിറങ്ങും. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌പിയുടെ വീട്ടിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനൊപ്പം ചേർന്ന് മോഷണമുതൽ വിറ്റ് ഒരു പങ്ക് കൈക്കലാക്കിയ ഗ്രേഡ് എസ്.ഐ സലിം, കൈക്കൂലിക്കേസിൽ വിജിലൻസ് പിടിയിലായ പത്തനംതിട്ട സ്റ്റേഷനിലെ പൊലീസുകാരൻ സാജുദ്ദീൻ എന്നിവർക്ക് അനുകൂലമായ നിലപാട് നേതാവ് സ്വീകരിച്ചത് അസോസിയേഷൻ അംഗങ്ങളിൽ തന്നെ അതൃപ്തി ഉണ്ടാക്കിയിരുന്നു. ഇതിന് പുറമേ വനംവകുപ്പിന്റെ വാഹനം ദുരുപയോഗം ചെയ്ത് അസോസിയേഷൻ നേതാക്കൾ ഗവിയിലേക്ക് ടൂർ പോയതും വിവാദമായിരുന്നു.

ഇതിന്റെ ചിത്രങ്ങൾ ഇവർ തന്നെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ഡി.ജി.പിക്ക് ചിലർ പരാതി നൽകി. ഇതേപ്പറ്റി അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഇവർക്ക് അനുകൂലമായ റിപ്പോർട്ടാണ് നൽകിയത്. എന്നാൽ, വനംവകുപ്പ് ഇവരെ വെറുതേ വിടാൻ തയാറായിട്ടില്ല. ഡെപ്യൂട്ടേഷനിൽ വനംവകുപ്പിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് വിട്ടു നൽകിയിട്ടുള്ള റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെ വാഹനത്തിലാണ് അസോസിയേഷൻ നേതാക്കൾ കഴിഞ്ഞ വർഷം ഗവിയിലേക്ക് ടൂർ പോയത്. ഇവരിൽ ഒരാൾ ഒഴികെ ആർക്കും വനംവകുപ്പുമായി ബന്ധമില്ലാത്ത പൊലീസുകാർ ആയിരുന്നു. ഈ സ്ഥിതിക്ക് വാഹനം ദുരുപയോഗം ചെയ്ത പൊലീസുകാർക്കെതിരേ നടപടി വേണ്ടിയിരുന്നു. ഭരണസ്വാധീനം ഉപയോഗിച്ചാണ് ഇവർ നടപടിയിൽ നിന്ന് താൽകാലികമായി രക്ഷപ്പെട്ടു നിൽക്കുന്നത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് വന്നപ്പോഴേക്കും ഗ്രേഡ് എഎസ്ഐ ആയ ബൈജു വീണ്ടും സീനിയർ സിവിൽ പൊലീസ് ഓഫീസറായി. പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അണികളുടെ നിർബന്ധം മൂലമാണ് താൻ സ്ഥാനക്കയറ്റം പോലും ഉപേക്ഷിച്ചത് എന്നാണ് ബൈജു പറയുന്നത്. എന്നാൽ, ബൈജു സ്ഥാനം ഒഴിയണമെന്നാണ് എതിർ വിഭാഗത്തിന്റെ വാദം.