ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ റെയിൽവേ മന്ത്രിയുമായ ജാഫർ ഷെരീഫ് (85) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 1991ലെ നരസിംഹറാവു മന്ത്രിസഭയിലാണ് അദ്ദേഹം റെയിൽവേ വകുപ്പ് കൈകാര്യം ചെയ്തത്.

വെള്ളിയാഴ്ച കാറിലേക്ക് കയറുന്നതിനിടെ വീണതിനേത്തുടർന്നാണ് ഷെരീഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇദ്ദേഹത്തെ പെർമനന്റ് പേസ്‌മേക്കർ ഘടിപ്പിക്കുന്നതിനായി ഓപ്പറേഷൻ തീയറ്ററിലേക്ക് പ്രവേശിപ്പിച്ചതിനു പിന്നാലെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

കർണാടക സ്വദേശിയായ ജാഫർ ഷെരീഫ് നിജലിംഗപ്പയടെ അനുയായിയായി ആണ് രാഷ്ട്രീയത്തിൽ എത്തിയത്. കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരാഗാന്ധി വിഭാഗത്തിനൊപ്പം നിന്നു. എംപി ഫണ്ടിൽ നിന്ന് ഏറ്റവും കൂടുതൽ തുക ജനക്ഷേമ പ്രവർത്തനങ്ങൾക്ക് അനുവദിച്ച പാർലമെന്റംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.

റെയിൽവെ മന്ത്രിയെന്ന നിലയിൽ രാജ്യത്തെ തീവണ്ടിപ്പാളങ്ങളുടെ ഗേജ് മാറ്റത്തിൽ സുപ്രധാന പങ്കുവഹിച്ചു. കർണാടകത്തിലെ റെയിൽവെ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. ബെംഗളൂരുവിൽ റെയിൽവെ വീൽ ആൻഡ് ആക്സിൽ പ്ലാന്റ് സ്ഥാപിക്കപ്പെട്ടതും അദ്ദേഹത്തിന് പരിശ്രമഫലമായാണ്.