തിരുവനന്തപുരം: ഭരണക്കാരുടെ പ്രീതി പിടിച്ചുപറ്റിയായിരുന്നു ടി ഒ സൂരജ് എന്ന ഐഎഎസ് ഓഫീസറുടെ വളർച്ച. അതുകൊണ്ട് തന്നെ സുരജിനെ തൊടാൻ അർക്കുമായില്ല. കഴമ്പുള്ള നിരവധി പരാതികളിൽ വിജിലൻസ് നടപടി തുടങ്ങിയെങ്കിലും മുളയിലേ അവയെല്ലാം നുള്ളി. സൂരജിന്റെ കേസുകളുടെ നീക്കങ്ങൾ ചോർത്താൻ ഉന്നത ഉദ്യോഗസ്ഥൻ തന്നെ സ്ഥിരമായി വിജിലൻസ് ആസ്ഥാനത്ത് ഉണ്ടായിരുന്നു. ഇദ്ദേഹം സർവ്വീസിൽ നിന്ന് വിരമിച്ചതോടെയാണ് ഫയലുകൾ പൊടിതട്ടിയെടുത്തത്. വിജിലൻസ് ഡയറക്ടർ വിൻസൻ എം പോളിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പിന്തുണ കൂടിയായപ്പോൾ സൂരജ് അഴിമതിക്കേസിൽ വില്ലനുമായി.

മൂന്ന് വിജിലൻസ് കേസുകളാണ് ഇത്തരത്തിൽ ഒതുക്കപ്പെട്ടത്. വിജിലൻസ് ആസ്ഥാനത്തെ സുരജിന്റെ സഹായിയായ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇന്ന് ഒരു മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉയർന്ന തസ്തികയിലുമുണ്ട്. ഇയാളുടെ സഹായമാണ് വിജിലൻസ് കേസുകളിൽ നിന്ന് ഊരിപ്പോകാൻ സുരജിന് സഹായകമായതെന്നാണ് ആരോപണം. സുരജിന്റെ ഭാര്യാപിതാവ് വിജിലൻസ് ആസ്ഥാനത്ത് ഈ ഓഫീസറുടെ നിത്യ സന്ദർശകനായിരുന്നുവെന്നും സൂചനയുണ്ട്. സൂരജിനെതിരായ വിജിലൻസ് കേസുകളിൽ അനുകൂല തീരുമാനം ഉണ്ടാക്കുന്നതിനൊപ്പം ചെറിയ ചലനം പോലും ഈ ഉദ്യോഗസ്ഥനിലൂടെ സൂരജ് മനസ്സിലാക്കി. ഉന്നത രാഷ്ട്രീയ ഇടപെടലിലൂടെ ഇതെല്ലാം ഒതുക്കി തീർക്കുകയും ചെയ്തു.

ആരേയും കൂസാക്കാത്ത സാക്ഷാൽ സിബി മാത്യൂസിന് പോലും സൂരജിനെ തൊട്ടുകളിക്കാൻ കഴിഞ്ഞില്ലെന്നതിൽ നിന്നു തന്നെ വിജിലൻസ് ആസ്ഥാനത്തെ നീക്കങ്ങളുടെ ശക്തി ഊഹിക്കാം. ഇത്തരം ഇടപെടലുകൾ വിജിലൻസിലെ ചില ഉദ്യോഗസ്ഥരെ വേദിനിപ്പിച്ചിരുന്നു. ഇതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ നടപടികൾ. സൂരജിനെ സഹായിക്കുന്ന ഉദ്യോഗസ്ഥൻ വിരമിച്ചതോടെ തന്നെ ഇതിന്റെ നീക്കങ്ങൾ തുടങ്ങി. പഴയ ഫയലുകൾ പൊടിതട്ടിയെടുത്തു. പുതിയവയും കൂട്ടിച്ചേർത്തു. ഈ നീക്കങ്ങൾ പുറത്താരും അറിയാതിരിക്കാനും ശ്രദ്ധിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുടുങ്ങിയ സൂരജിന്റെ പഴയ കേസുകൾ പുനരന്വേഷിക്കാനും അണിയറയിൽ നീക്കമുണ്ട്.

സൂരജിന്റെ വിജിലൻസ് കേസുകളെ കുറിച്ച് മനുഷ്യാവകാശ പ്രവർത്തകർ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ വിവരാവകാശത്തിന് മറുപടിയായി ലഭിച്ച രേഖയിൽ സർക്കാർ നിർദ്ദേശ പ്രകാരം വിജലൻസ് തന്നെ കേസ് എഴുതിതള്ളിയെന്ന് വ്യക്തമായിരുന്നു. വി.ഇ 13/2004, വി സി 03/2007, വി.ഇ 10/2007 എന്നീ കേസുകളാണ് സൂരജിനെതിരെ വിജിലൻസ് പരിശോധിച്ച് എഴുതി തള്ളിയത്. കോഴിക്കോട് ജില്ലാ കളക്ടർ അയിരുന്നപ്പോഴത്തെ കേസുകളാണിവ. അതിന് ശേഷം നിരവധി പരാതികൾ കിട്ടിയെങ്കിലും ഒന്നും നടന്നില്ല. പരാതികളെല്ലാം ചവട്ടുകുറ്റയിലേക്ക് പോയെന്നാണ് സൂചന. ജില്ലാ കളക്ടറായിരിക്കെ അനധികൃത പരിവ് നടത്തിയതാണ് മേൽപ്പറഞ്ഞതിൽ ആദ്യ കേസ്. ജനറൽ ആശുപത്രിയിലെ സർജിക്കൽ ഉപകരണങ്ങൾ വാങ്ങിയതായിരുന്നു രണ്ടാമത്തെ കേസിന് ആധാരം. മണൽ മാഫിയയെ സഹായിച്ചതിനെതിരെയായിരുന്നു മൂന്നാമത്തെ വിജിലൻസ് അന്വേഷണം.

ഇതിൽ ആദ്യ കേസിൽ പ്രതികളെല്ലാം കുറ്റക്കാരല്ലെന്ന് വിജിലൻസ് കണ്ടെത്തി. ജനറൽ ആശുപത്രി കേസിലെ അന്വേഷണത്തിലെ കണ്ടെത്തൽ വിചിത്രമാണ്. ഒന്നാം പ്രതി ഡോക്ടർ വിജയനും രണ്ടാം പ്രതി ടി ഒ സൂരജും കുറ്റവിമുക്തർ. എന്നാൽ മൂന്നും നാലും പ്രതികൾ തെറ്റു ചെയ്‌തെന്നും കണ്ടെത്തി. ഇങ്ങനെ ആദ്യ രണ്ട് പ്രതികളെ ഒഴിവാക്കി കോടതിയിൽ കുറ്റപത്രം നൽകി. ഈ കേസ് കോഴിക്കോട് വിജിലൻസ് കോടതിയിൽ പുരോഗമിക്കുകയാണ്. മണൽക്കടത്തിലെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയ തിരിമറികൾക്കും അടിസ്ഥാനമില്ലെന്ന് വിധിയെഴുതി വി.ഇ 10/2007 എന്ന കേസ് വിജിലൻസ് തന്നെ എഴുതിതള്ളി. സൂരജിനെതിരായ വിജിലൻസ് നിലപാടുകളെല്ലാം സർക്കാരും അംഗീകരിച്ചതോടെ ഐഎഎസ് ഓഫീസർ കുറ്റവിമുക്തനുമായി.

ഇതിനെല്ലാം സൂരജിന് കരുത്തായത് വിജിലൻസ് ആസ്ഥാനത്തെ ഉന്നത ബന്ധങ്ങളായിരുന്നു. രാഷ്ട്രീയക്കാരുടെ പിന്തുണയുള്ള ഈ ഉദ്യോഗസ്ഥനെ വിജിലൻസ് ആസ്ഥാനത്ത് എത്തിയ മിക്ക ഡയറക്ടർമാർ പോലും കരുതലോടെയാണ് സമീപിച്ചിരുന്നത് അത്രേ.