തിരുവനന്തപുരം: സംസ്ഥാനത്തു മതസ്പർധ വളർത്തും വിധം പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാറിനെതിരെയുള്ള കേസ് പുതിയ ചർച്ചകൾക്ക് വഴിവക്കും. നടിയെ ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞ വ്യക്തിയായിരുന്നു സെൻകുമാർ. ചില ഇടപെടലും നടത്തി. ഇതോടെ കേസ് പൂർണ്ണമായും അവസാനിച്ചെന്നും കരുതി. എന്നാൽ ദിലീപിനെ അറസ്റ്റ് ചെയ്ത് സെൻകുമാറിന്റെ വാദങ്ങളെ തള്ളുകയായിരുന്നു പൊലീസ് മേധാവിയായി എത്തിയ ലോക്‌നാഥ് ബെഹ്‌റ ചെയ്തത്. ഇതിന് പിന്നാലെയാണ് സെൻകുമാറിന്റെ അഭിമുഖം വിവാദമായത്.

സെൻകുമാറിനൊപ്പം വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ മഞ്ചേരി ശ്രീധരൻ നായർ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പു ചുമത്തിയാണു ക്രൈംബ്രാഞ്ചിനു കീഴിലുള്ള സൈബർ പൊലീസ് സ്റ്റേഷൻ കേസെടുത്തത്. ഈ അഭിമുഖവുമായി ബന്ധപ്പെട്ട് റിക്കോർഡ് ചെയ്ത ടേപ്പ് പൊലീസിന് ലഭിച്ചിരുന്നു. സെൻകുമാറിന്റെ ഫോൺ സംഭാഷണമായിരുന്നു ഇത്. ഇതിൽ ആക്രമിക്കപ്പെട്ട നടിക്കെതിരെ സെൻകുമാർ ചിലത് പറയുന്നുണ്ട്. ഇത് കോടതിയുടെ ശ്രദ്ധയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാരും പൊലീസും കേസെടുക്കുന്നത്. സെൻകുമാറിനെ കുരുക്കാൻ തന്നെയാണ് നീക്കം.

സെൻകുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ എഡിറ്റർ സജി ജയിംസ്, റിപ്പോർട്ടർ റംഷാദ് എന്നിവർ ക്രൈംബ്രാഞ്ച് എഡിജിപി നിതിൻ അഗർവാളിന് അഭിമുഖത്തിന്റെ പൂർണരൂപമടങ്ങിയ ടേപ്പ് ഇന്നലെ കൈമാറിയിരുന്നു. വിവാദ പരാമർശങ്ങൾ ഇതിലുണ്ടെന്നു കണ്ടെത്തിയതോടെ നിയമോപദേശം തേടി. വൈകിട്ടു നിയമോപദേശം ലഭിച്ചതോടെയാണു കേസെടുക്കുന്നത്. എഡിറ്റ് ചെയ്യാത്ത ടേപ്പാണു വാരിക ക്രൈംബ്രാഞ്ചിനു നൽകിയത്. മണിക്കൂറുകൾ നീണ്ട അഭിമുഖത്തിനിടെ സ്വകാര്യ സംഭാഷണങ്ങളും റിക്കോർഡ് ചെയ്തിരുന്നു. ഇതിൽ ഒരു ഭാഗത്തു കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചു സെൻകുമാർ സംസാരിക്കുന്നുണ്ട്. ഇത് മുൻ ഡിജിപിക്ക് കുരുക്കാകും.

അഭിമുഖം തയ്യാറാക്കുന്നതിനിടെ സെൻകുമാർ നടത്തിയ സ്വകാര്യ ഫോൺ സംഭാഷണമാണു റിക്കോർഡായത്. ഈ സംഭാഷണവും വാരിക ക്രൈംബ്രാഞ്ചിനു കൈമാറി. വിവിധ മതവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാകുന്ന തരത്തിൽ സെൻകുമാർ പരാമർശം നടത്തിയെന്ന് ആരോപിച്ചു യൂത്ത് ലീഗ് ഉൾപ്പെടെ നൽകിയ പരാതികളിലാണു ഡിജിപി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ടു സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്തുന്ന പ്രവൃത്തികൾ ഒരാളുടെ ഭാഗത്തു നിന്നുണ്ടായാൽ കേസെടുക്കാമെന്നും അതിനുള്ള സാഹചര്യം ഈ കേസിൽ കാണാൻ കഴിയുന്നുവെന്നുമാണു ലഭിച്ച നിയമോപദേശം. എന്നാൽ സർക്കാർ യഥാർത്ഥത്തിൽ ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നത് നടിക്കെതിരായ പരാമർശങ്ങളാണ്.

സർക്കാരുമായി ഏറ്റുമുട്ടൽ പ്രഖ്യാപിച്ചാണ് സെൻകുമാർ സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ പൊലീസ് മേധാവിയായെത്തിയത്. ഇതിന് ശേഷം പല തരത്തിലെ ഏറ്റുമുട്ടലുകളുണ്ടായി. വിമരമിച്ച ശേഷം പെൻഷൻ പോലും അനുവദിക്കാതെ തടഞ്ഞു വച്ചിരിക്കുകയാണ്. ഇതിനിടെയാണ് പുതിയ കുരുക്കും തയ്യാറാക്കുന്നത്. മതസ്പർധ വളർത്തുന്ന തരത്തിൽ പരാമർശം നടത്തിയതിന് മുൻ ഡിജിപി ടി പി സെൻകുമാറിനെതിരെ കേസെടുത്തു. ഐപിസി 153 എ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് വിരമിച്ച ശേഷം സെൻകുമാർ മലയാളം വാരികയ്ക്കു നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമർശങ്ങൾ ഉണ്ടായത്. കേരളത്തിൽ 100 കുട്ടികൾ ഉണ്ടാകുമ്പോൾ 42 എണ്ണവും മുസ്ലിം കുട്ടികളാണെന്നത് ആശങ്ക വർധിപ്പിക്കുന്നതെന്നായിരുന്നു പരമാർശം.