തിരുവനന്തപുരം: കേരള പൊലീസിലെ നാലു ഡി.ജി.പിമാരിൽ മൂന്നുപേരും സർക്കാരിതിരേ തിരിഞ്ഞതോടെ ഭരണപക്ഷചേരിയിൽ ടി. പി. സെൻകുമാർ മാത്രമായി. സർക്കാരിനെ സന്തോഷിപ്പിക്കാൻ തോമസ് ജേക്കബിനെ വളഞ്ഞിട്ടാക്രമിച്ച സെൻകുമാറിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാടുമാറ്റം കനത്ത തിരിച്ചടിയായി. ഈ സാഹചര്യത്തിൽ ഐ.പി.എസ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നത രൂക്ഷമാകും. ഐപിഎസ് അസോസിയേഷൻ യോഗത്തിലും ഇത് പ്രതിഫലിക്കും.

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ പരസ്യപ്രസ്താവനകൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി തിങ്കളാഴ്ച നിയമസഭയെ അറിയിച്ചത്. ഇതോടെ തോമസ് ജേക്കബിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് പരസ്യമായി പറഞ്ഞ ഡി.ജി.പി ടി. പി. സെൻകുമാർ വെട്ടിലായി. ജേക്കബ് തോമസ് അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറിയും നിലപാട് എടുത്തുകഴിഞ്ഞു. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ജേക്കബ് തോമസിന് എതിരാണെന്ന് ഉറപ്പിച്ചായിരുന്നു സെൻകുമാറിന്റെ പ്രതികരണങ്ങൾ. ഇതാണ് ഇപ്പോൾ ഐപിഎസുകാരിൽ സെൻകുമാറിനെ ഒറ്റപ്പെടുത്തിയത്.

പൊലീസ് തലപ്പത്തെ ചട്ടവിരുദ്ധ അഴിച്ചുപണിയിൽ പ്രതിഷേധിച്ച് ലോക്‌നാഥ് ബെഹ്‌റയ്ക്കു പിന്നാലെ ഋഷിരാജ്‌സിംഗും അവധിക്ക് അപേക്ഷിച്ചതോടെ ഡിജിപിയുടെ നിലപാടുകൾ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എ.ഡി.ജി.പി മാർ ഉൾപ്പെട്ട ഉദ്യോഗസ്ഥർ. ലോക്‌നാഥ് ബെഹ്‌റയും ഋഷിരാജ് സിംഗും ചീഫ് സെക്രട്ടറി ജിജി തോംസണ് അവധി അപേക്ഷ നൽകി. ചീഫ് സെക്രട്ടറിയെ ഫോണിൽ ബന്ധപ്പെട്ട സിങ് സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടശേഷം അവധി അപേക്ഷ നൽകുകയായിരുന്നു. ഇതിനുപിന്നാലെയാണ് ജയിൽ മേധാവി സ്ഥാനത്തുനിന്ന് ഫയർഫോഴസിലേക്ക് തരം താഴ്‌ത്തിയ ബെഹ്‌റയും അവധി അപേക്ഷ നൽകിയത്.

വിജിലൻസ് ഡയറക്ടർ സ്ഥാനമുണ്ടായിട്ടും അതുനൽകാതെ ഡിജിപിയായ ലോക്‌നാഥ് ബെഹ്‌റയെ ഫയർ ആൻഡ് റസ്‌ക്യൂ സർവീസ് മേധാവിയായി നിയമിച്ചത് വിവാദമായിരുന്നു. ഈ തരംതാഴ്‌ത്തൽ പുനഃപരിശോധിക്കണമെന്ന് ഇരുവരും ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതിന് ഒരു മറുപടിയും കിട്ടാതെ വന്നതോടെയാണ് അവധിയിൽ പോകാൻ തീരുമാനിച്ചത്. ഡിജിപി റാങ്കിലെ ഉദ്യോഗസ്ഥരെ എഡിജിപി പോസ്റ്റിൽ നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്ന നിലപാടാണ് ചീഫ് സെക്രട്ടറി ജിജി തോംസണും ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കുമുള്ളത്. എന്നാൽ, സർക്കാർ ഏകപക്ഷീയമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നതിനാൽ ഉദ്യോഗസ്ഥർ നിസ്സഹായരാണ്.

ഡിജിപി ഡോ. ജേക്കബ് തോമസ്, ലോകനാഥ് ബെഹ്‌റ, ഋഷിരാജ് സിങ് എന്നിവരെ വിജിലൻസ് ഡയറക്ടറാക്കാതിരിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ഇവരെ ഒഴിവാക്കാൻ എഡിജിപി എൻ ശങ്കർ റെഡ്ഡിയെ വിജിലൻസ് തലപ്പത്ത് നിയമിച്ചത് ഐപിഎസ്സ് അസോസിയേഷനിലും തർക്ക വിഷയമായിട്ടുണ്ട്. സർക്കാരിന്റെ അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഐപിഎസുകാരെ ഒതുക്കുന്നതിലെ അമർഷം പൊലീസിൽ ആഭ്യന്തരകലാപത്തിനു വഴിതെളിച്ചിട്ടുണ്ട്. പൊലീസ് തലപ്പത്തെ അമർഷം കണ്ടില്ലെന്ന് നടിക്കുന്ന ആഭ്യന്തരവകുപ്പിന്റെ നീക്കത്തിൽ എല്ലാ ഐപിഎസ് ഉദ്യോഗസ്ഥരും അമർഷത്തിലാണ്.

എല്ലാത്തിലും ചട്ടംപറയുന്ന ഡിജിപി ടി പി സെൻകുമാർ സർക്കാർ നടത്തുന്ന ചട്ടലംഘനത്തിന് കൂട്ടുനിൽക്കുന്നു എന്ന പൊതുവികാരമാണ് ഐപിഎസ്സുകാർക്ക് പൊതുവേയുള്ളത്. സർക്കാരിന്റെ പ്രതികാരനടപടിക്ക് വിധേയമായ എഡിജിപിമാർ മുതൽ ഒട്ടേറെ യുവ ഐപിഎസുകാർവരെയുണ്ട്. തിങ്കളാഴ്ച ചേരുന്ന ഐപിഎസ് അസോസിയേഷൻ യോഗത്തിൽ ഇവർ പ്രതികരിച്ചാൽ ഐപിഎസ് അസോസിയേഷനിൽ സെൻകുമാറിനുള്ള മേൽക്കൈ നഷ്ടപ്പെടുമെന്ന് ഉറപ്പ്.