മുംബൈ: ഉറിയിലെ പാക് സഹായത്തോടെ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിലേക്ക് മിന്നലാക്രമണം നടത്തിയെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധസമാനമായ സാഹചര്യം ഉരുണ്ടുകൂടിയ പശ്ചാത്തലത്തിലാണ് ഓഹരി വിപണി ഇടിഞ്ഞത്.

പാക് അതിർത്തിയിൽ പ്രവർത്തിച്ച ഭീകര പരിശീലന കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകിയെന്ന് സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ ഓഹരിവിപണി ഇടിഞ്ഞത്. വാർത്ത പുറത്തുവന്നയുടൻ സെൻസെക്‌സ് 472 പോയന്റ് ഇടിഞ്ഞു. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചി്ൽ# 432 കമ്പനികളുടെ ഓഹരികൾ മാത്രമാണ് നേട്ടത്തിലുള്ളതെന്നും 2090 ഓഹരികൾ നഷ്ടത്തിലാണെന്നും ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പാക് അതിർത്തി കടന്ന് ഭീകരരെ ആക്രമിച്ചകാര്യം ഇന്ത്യ പാക്കിസ്ഥാനെ ഔദ്യോഗികമായി അറിയിച്ചതോടെ ഇത് പാക്കിസ്ഥാൻ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് നവാസ് ഷെരീഫ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെ യുദ്ധസമാന സാഹചര്യം ഉയർന്നതോടെയാണ് ഓഹരിവിപണിയിൽ വൻ ഇടിവുണ്ടായിട്ടുള്ളത്.