മുംബൈ: ബജറ്റിനുശേഷമുള്ള മൂന്നുദിവസവും തുടർച്ചയായ നേട്ടത്തോടെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. ആഗോള വിപണികളിലെ നേട്ടവുംകൂടിയായപ്പോൾ നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടി. ഉപഭോക്തൃ ഉത്പന്നമേഖലയൊഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി.

ഫാർമ, പൊതുമേഖല ബാങ്ക് സൂചികകൾ റണ്ടുശതമാനത്തോളം ഉയർന്നു. വാഹനം, ലോഹം, ഊർജം എന്നീ സൂചികകൾ ഒരുശതമാനംവീതം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്സ് 458.03 പോയന്റ് ഉയർന്ന് 50,255.75ലും നിഫ്റ്റി 142.10 പോയന്റ് നേട്ടത്തിൽ 14,790ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1752 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1189 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 149 ഓഹരികൾക്ക് മാറ്റമില്ല.

വ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 600 പോയന്റ് ഉയർന്ന് 50,408ലും നിഫ്റ്റി 14,839ലുമെത്തിയിരുന്നു. വൈകാതെ നിഫ്റ്റി 15,000 മറികടക്കുമെന്നാണ് വിലയിരുത്തൽ.

ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീ സിമെന്റ്സ്, അൾട്രടെക് സിമെന്റ്, മാരുതി സുസുകി, ഐടിസി, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.