കണ്ണൂർ: സെപ്ടിക് ടാങ്കു വൃത്തിയാക്കാനിറങ്ങിയ മൂന്നു പേർ മരിച്ചു. ചാത്തോത്തുകളത്തിൽ രഘൂത്തമന്റെ ഭാര്യ സതി(50), മകൻ രതീഷ് (30), ചാലാട് സ്വദേശി മുനീർ(35) എന്നിവരാണ് മരിച്ചത്. രഘൂത്തമന്റെ വീട്ടിലെ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

ജോലിയ്‌ക്കെത്തിയ മുനീർ ടാങ്കിൽ കുഴഞ്ഞുവീണപ്പോൾ ആദ്യം രതീഷ് ഇറങ്ങുകയായിരുന്നു. രതീഷിനും ശ്വാസം മുട്ടിയതോടെ സതി രക്ഷിക്കാനിറങ്ങി. തുടർന്ന് സതിയും കുഴഞ്ഞുവീണു. അറിയിച്ചതനുസരിച്ച് ഫയർഫോഴ്‌സ് എത്തിയെങ്കിലും മൂന്നുപേരും മരിച്ചിരുന്നു.

കണ്ണൂർ ചക്കരക്കല്ല് പള്ളിപ്പൊയിലാണ് അപകടമുണ്ടായത്. സെപ്ടിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടിയാണു മരിച്ചത്. 

മാൻഹോൾ വൃത്തിയാക്കാനിറങ്ങവെ ഇതര സംസ്ഥാനത്തൊഴിലാളികളായ രണ്ടുപേരും ഇവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോഡ്രൈവറായ നൗഷാദും മരിച്ച സംഭവത്തിന്റെ അലയൊലികൾ അടങ്ങുംമുമ്പാണ് വീണ്ടും സമാനദുരന്തം ഉണ്ടായിരിക്കുന്നത്.

കോഴിക്കോട് നഗരത്തിലെ മാൻഹോളിൽ കുടുങ്ങിയാണ് കഴിഞ്ഞ നവംബറിൽ നൗഷാദും രണ്ട് ഇതരസംസ്ഥാന തൊഴിലാളികളും മരിച്ചത്. വൃത്തിയാക്കാൻ ഇറങ്ങിയ കെഎസ്‌യുഡിപിയിലെ കരാർ തൊഴിലാളികളായ നരസിംഹം, ഭാസ്‌ക്കർ എന്നീ ആന്ധ്രാ സ്വദേശികളും ഇവർ അപകടത്തിൽപ്പെട്ടതറിഞ്ഞ് രക്ഷിക്കാൻ ഇറങ്ങിയ ഓട്ടോ ഡ്രൈവർ കോഴിക്കോട് കരുവാശ്ശേരി സ്വദേശി നൗഷാദുമാണ് ദാരുണമായി മരിച്ചത്.

സുരക്ഷാമുൻകരുതലുകൾ ഇല്ലാതെ മാൻഹോളിൽ ഇറങ്ങി അപകടത്തിൽപ്പെടുകയായിരുന്നു തൊഴിലാളികളും ഇവരെ രക്ഷിക്കാനിറങ്ങിയ നൗഷാദും. സംഭവത്തിന്റെ പേരിൽ നിരവധി വിവാദങ്ങളും സംസ്ഥാനത്ത് നടന്നു.