ലണ്ടൻ: വിംബിൾഡൺ ടെന്നീസ് കിരീടം സെറീന വില്യംസിന്. ഫൈനലിൽ സ്‌പെയിന്റെ ഗാർബിൻ മുഗുരുസയെ നേരിട്ടുള്ള സെറ്റുകൾക്കു തകർത്താണ് സെറീന കിരീടം ചൂടിയത്. സ്‌കോർ: 6-4,6-4.

33-ാം വയസിലും ഒട്ടും കരുത്തു ചോരാതെ റാക്കറ്റേന്തുന്ന സെറീന വിംബിൾഡണിൽ നേടുന്ന ആറാം കിരീടമാണ് ഇന്നത്തേത്. 2002, 2003, 2009, 2010, 2012 സീസണുകളിലാണ് ഇതിനുമുമ്പ് സെറീന വിംബിൾഡണിൽ മുത്തമിട്ടിട്ടുള്ളത്.

ഇന്നത്തെ നേട്ടം കരിയറിൽ സെറീനയുടെ ഗ്രാൻസ്ലാം കിരീടങ്ങളുടെ എണ്ണം 21 ആക്കി ഉയർത്തി. സെറീനയുടെ ഈ വർഷത്തെ മൂന്നാം ഗ്രാൻസ്!ലാം കിരീടമാണിത്. കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പണിൽ തന്നെ രണ്ടാം റൗണ്ടിൽ അട്ടിമറിച്ച മുഗുരുസയോടുള്ള മധുരപ്രതികാരം കൂടിയായി സെറീനയുടെ ജയം. ഒരു ദശാബ്ദത്തിനിടെ വിംബിൾഡൻ ടെന്നിസ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ സ്പാനിഷ് വനിതാ താരമായിരുന്നു മുഗുരുസ.

ഒരു മണിക്കൂറും 23 മിനിട്ടും നീണ്ട പോരാട്ടത്തിൽ സെറീനയുടെ പരിചയസമ്പത്തിനുമുന്നിൽ മുഗുരുസയ്ക്ക് പൊരുതി നോക്കാൻ മാത്രമേയായുള്ളു. സെപ്റ്റംബറിൽ നടക്കുന്ന യുഎസ് ഓപ്പൺ കിരീടംകൂടി നേടിയാൽ കലണ്ടർ സ്ലാമും 33കാരിയായ സെറീനയ്ക്ക് സ്വന്തമാകും.