സ്റ്റാൻഫോർഡ്: വിംബിൾഡണിലെ മോശം പ്രകടനത്തിന് ശേഷം സെറീനയുടെ ശക്തമായ തിരിച്ചുവരവ്. സ്റ്റാൻഫോർഡ് ഡബ്‌ള്യുടിഎ കിരീടം നേടിയാണ് ലോക ഒന്നാം നമ്പർ താരം സെറീന വില്യംസ് തന്റെ ആധിപത്യം ഉറപ്പിച്ചത്. മൂന്നാം സീഡ് ജർമ്മനിയുടെ ആങ്കലിക്ക് കെർബറിനെ തോൽപിച്ചാണ് സെറീനയുടെ കിരീട നേട്ടം. നേരിട്ടുള്ള സെറ്റുകൾക്കാണ് സെറീനയുടെ അനായാസ വിജയം. സ്‌കോർ: 76, 63 വിംബിൾഡണിലെ മോശം പ്രകടനത്തിന് ശേഷം സെറീനയുടെ ശക്തമായ തിരിച്ചുവരവായി മാറി സ്റ്റാൻഫോർഡിലേത്.


സ്റ്റാൻഫോർഡിലെ സെറീനയുടെ മൂന്നാം ചാമ്പ്യൻഷിപ്പാണിത്. ഈവർഷത്തെ നാലാം കിരീടവും. മുമ്പ് ബ്രിസ്‌ബേൻ, മയാമി, റോം ടൂർണമെന്റുകളിലും അമേരിക്കൻ താരം കിരീടം നേടിയിരുന്നു. 17 ഗ്രാൻസ്ലാം കിരീടങ്ങൾക്കുടമയായ സെറീനയ്ക്ക് പക്ഷെ, ഈ വർഷം ഓസ്‌ട്രേലിയൻ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ ടൂർണമെന്റുകളിൽ നാലാം റൗണ്ടിനപ്പുറം കടക്കാനായിരുന്നില്ല. ആഗസ്ത് 25നാരംഭിക്കുന്ന യു.എസ്. ഓപ്പണാണ് ഇനി ഈവർഷം സെറീനയ്ക്ക് മുമ്പിലുള്ള ഗ്രാൻസ്ലാം ടൂർണമെന്റ്.