റാഞ്ചി: പ്രശസ്ത സീരിയൽ നടൻ സ്വയം വെടിയുതിർത്ത് ആത്മഹത്യചെയ്തു. ഹിന്ദിയിലെ ജനപ്രിയ സീരിയലായ ക്രൈം പട്രോളിലൂടെ പ്രശസ്തനായ ഹിന്ദി നടൻ കമലേഷ് പാണ്ടയാണ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയത്. മധ്യപ്രദേശിലെ ജബൽപൂരിലെ വീട്ടിൽ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് ലഭിക്കുന്ന വിവരം.

ഭാര്യയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട കുടുംബപ്രശ്‌നങ്ങളെ തുടർന്ന് കുറച്ചു നാളായി അസ്വസ്ഥനായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ഭാര്യ സഹോദരി വീട്ടിലെത്തിയപ്പോൾ അവരുമായി വഴക്കുണ്ടായി. മദ്യപിച്ച് ലക്ക് തെറ്റിയ ഇയാൾ വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കുകയും തുടർന്ന് കൈത്തോക്കെടുത്ത് സ്വയം നിറയൊഴിക്കുകയുമായിരുന്നു.

നെഞ്ചിൽ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ കമലേഷിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.