തലശേരി: സീരിയലിൽ വേഷം കുറഞ്ഞതോടെ വീട്ടുവേലക്കാരിയായി ബംഗളൂരുവിൽ എത്തുകയും പിന്നീട് അവിടെനിന്ന് ആഭരണങ്ങളുമായി കടക്കുകയും ചെയ്ത മലയാളി സീരിയൽ താരം അറസ്റ്റിലായി. ബംഗളൂരുവിൽ നിന്നു 35 പവൻ സ്വർണാഭരണങ്ങൾ കവർന്ന് കടന്ന തനൂജ എന്ന സീരിയൽ നടിയാണ് അറസ്റ്റിലായത്. കേസന്വേഷിച്ച കർണാടക പൊലീസ് സംഘം കേരള പൊലീസ് സഹായത്തോടെ തലശ്ശേരിയിൽ വച്ച് പ്രതിയെ പിടികൂടുകയായിരുന്നു.

മലയാളത്തിലെ ചില സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള തനൂജ ഓഗസ്റ്റിലാണ് പയ്യന്നൂർ സ്വദേശിനിയും കർണാടകയിൽ ആരോഗ്യ വകുപ്പ് ജീവനക്കാരിയുമായ വീട്ടമ്മയുടെ അടുത്ത് ജോലിക്കെത്തിയത്. ചുരുങ്ങിയ കാലത്തിനിടെ വീട്ടുകാരുടെ വിശ്വാസമാർജിച്ച തനൂജയെ സെപ്റ്റംബർ 28ന് കാണാതാകുകയായിരുന്നു. തുടർന്ന് സ്വർണാഭരണം പോയതായി കണ്ടതോടെ വീട്ടുകാർ പൊലീസിനെ സമീപിച്ചു.

ടെമ്പിൾ ഗേറ്റ് പുതിയ റോഡിലെ ക്വാർട്ടേഴ്‌സിൽ നിന്നാണ് കോഴിക്കോട് സ്വദേശിനിയായ തനൂജ(24)യെ ടൗൺ സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘവും കർണാടക പൊലീസും ചേർന്ന് പിടികൂടിയത്. ബംഗളൂരു കനക്പുര രഘുവന ഹള്ളിയിൽ താമസിച്ചിരുന്ന പയ്യന്നൂർ സ്വദേശിയുടെ വീട്ടിൽ നിന്നാണ്് തനൂജ സ്വർണവുമായി കടന്നത്. സെപ്റ്റംബർ 28 നായിരുന്നു സംഭവം.

തലകട്ടപുര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരം അന്വേഷണം തുടങ്ങിയെങ്കിലും തനൂജയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ജോലിക്ക് നിന്ന വീട്ടിൽ വ്യാജ വിലാസവും ഫോൺ നമ്പരുമാണ് തനൂജ നൽകിയിരുന്നത്. അന്വേഷണം തുടരുന്നതിനിടെ തൊട്ടടുത്ത് താമസിച്ചിരുന്ന യുവാവുമായി തനൂജയ്ക്ക് പ്രണയം ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സ്ഥലം വിട്ട ശേഷവും തനൂജ ഇയാളുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് അന്വേഷണത്തിൽ കേരളത്തിൽ നിന്നാണ് വിളികൾ വന്നതെന്ന് സ്ഥിരീകരിച്ചു.

ഇതോടെ കേരളാ പൊലീസിന്റെ സഹായം തേടി. പൊലീസ് യുവാവിനെ കൊണ്ട് വിളിപ്പിച്ചപ്പോൾ വടകരയിൽ എത്താനാണ് തനൂജ യുവാവിനോട് പറഞ്ഞത്. ഇതോടെ വടകരയിൽ പൊലീസ് എത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതിനിടെ ടവർ ലൊക്കേഷനുകൾ പരിശോധിച്ചതിലൂടെ തനൂജ തലശ്ശേരി ചേറ്റം കുന്നിലും വടകരയിലും താമസിച്ചിരുന്നതായി കണ്ടെത്തി. ഇതിനിടെ എറണാകുളത്തുനിന്നും യുവതി കോളുകൾ ചെയ്തതായും കണ്ടതോടെ നിരന്തരം യാത്രചെയ്യുന്നുവെന്ന് പൊലീസ് മനസ്സിലാക്കി.

ഇതിനിടെയാണ് യുവതിക്ക് തലശേരിയിലെ ഓട്ടോറിക്ഷ ഡ്രൈവറുമായി അടുത്ത ബന്ധമുണ്ടെന്ന് തലശേരിയിലെ സിഐ യുടെ സ്‌ക്വാഡ് കണ്ടെത്തുന്നത്. ഇതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടാവുന്നത്. ഈ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ടെമ്പിൾ ഗേറ്റിലാണ് തനൂജ താമസിക്കുന്നതെന്ന് വിവരം ലഭിച്ചു. ഈ വീട്ടിൽ രഹസ്യ നിരീക്ഷണം ഏർപ്പെടുത്തിയ പൊലീസ് തനൂജ എറണാകുളത്തു നിന്ന് പുലർച്ചെ വീട്ടിലെത്തിയ ഉടനെ പിടികൂടുകയായിരുന്നു. തുടർന്ന് ബംഗളൂരു പൊലീസിന് കൈമാറി. ബംഗളൂരുവിലേക്ക് കൊണ്ടുപോയ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.

കവർന്നെടുത്ത സ്വർണം തലശേരി പിലാക്കൂലിലെ സഹകരണ ബാങ്കിന്റെ ശാഖയിൽ നിന്നും കൂത്തുപറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും പണയംവച്ച നിലയിൽ കണ്ടെത്തി. ഇതും പൊലീസ് കസ്റ്റഡിയിലെടുത്തു. പണയംവച്ച് കിട്ടിയ തുകകൊണ്ട് ടെമ്പിൾറോഡിൽ വീട് വാടകക്കെടുത്ത് സുഖജീവിതം നയിക്കുകയായിരുന്നു തനൂജയെന്ന് പൊലീസ് പറഞ്ഞു.