കണ്ണൂർ: സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയെ പെൺവാണിഭ സംഘത്തിൽ എത്തിക്കാൻ ശ്രമിച്ചെന്ന് ആരോപണത്തിൽ സീരിയൽ നടി അറസ്റ്റിലായി. മമ്പുറം സ്വദേശിനിയായ ഗ്രീഷ്മ(38)യെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരുടെ സഹായിയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റു ചെയ്തു. നിലവിൽ ഒരു ചാനലിൽ ഇപ്പോൾ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലിൽ ഇവർ അഭിനയിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.

കണ്ണൂരിലെ ഒരു സ്വകാര്യ ജൂവലറി സ്ഥാപനത്തിൽ ജോലിക്കാരിയായ ചപ്പാരപ്പടവ് സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയെ സീരിയലിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചായിരുന്നു നടി ആദ്യം സമീപിച്ചത്. യുവതി താൽപര്യമില്ല എന്ന് പറഞ്ഞൊഴിഞ്ഞുവെങ്കിലും ഇവർ നിരന്തരം ഫോണിൽ വിളിച്ചിരുന്നു. ഇതിനിടെയാണ് തന്നോടൊപ്പം രണ്ടോ മൂന്നോ ദിവസം വന്നാൽ ഇരുപതിനായിരമോ മുപ്പതിനായിരമോ രൂപവരെ സമ്പാദിക്കാമെന്നു പറഞ്ഞത്. ശല്യപ്പെടുത്തരുത് താല്പര്യം ഇല്ലായെന്ന് പലതവണ പറഞ്ഞിട്ടും നടി വീണ്ടും വീണ്ടു ഫോണിൽ വിളിച്ചു ആവശ്യം ഉന്നയിക്കുകയായിരുന്നു.

സഹിക്ക വയ്യാതെ യുവതി വീട്ടുകാരെയും സഹപ്രവർത്തകരെയും വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ യുവതിയെ വിളിച്ചു കോഴിക്കോട്ടേക്കു കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്താൻ സീരിയൽ നടി ആവശ്യപ്പെട്ടു. ഇക്കാര്യം ബന്ധുക്കളെയും സഹപ്രവർത്തകരെയും യുവതി അറിയിച്ചപ്പോൾ നടിയെ കുടുക്കാനായി റെയിൽവേ സ്റ്റേഷനിൽ യുവതിയും കൂട്ടരും എത്തുകയും ചെയ്തു .മുൻകൂട്ടി പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് രഹസ്യമായി കാത്തു നിന്ന പൊലീസ് സീരിയൽ നടിയെയും ഭർത്താവിനെയും അറസ്റ്റു ചെയയ്യുകയായിരുന്നു.

അനാശാസ്യ പ്രവർത്തനത്തിന് പ്രേരിപ്പിക്കുക, അശ്ലീല സംഭാഷണം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് സീരിയൽ നടിക്കു മേൽ ചുമത്തിയിരിക്കുന്നത്.യുവതിയുടെ മൊബൈൽ നമ്പർ സീരിയൽ നടിക്ക് നൽകിയതു ബക്കളം സ്വദേശി ഷിജുവായിരുന്നുവെന്നു തെളിഞ്ഞതിനെ തുടർന്ന് അദേഹത്തെയും കേസിൽ പ്രതിചേർക്കുമെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ എത്തിച്ച് നൽകിയാൽ 3000 രൂപ നനൽകണമെന്ന് ഷിജു ആവശ്യപ്പെട്ടിരുന്നതായി നടി പൊലീസിന് മൊഴിനൽകിയിട്ടുണ്ട്.