തിരുവനന്തപുരം: സീരിയലുകളിലൂടെയും സിനിമകളിലൂടെയും ജനമനസുകളിൽ ഇടം നേടിയ പ്രതിഭ കെ.ജി ദേവകിയമ്മ (97) ഇനി ഓർമ്മ. വാർധക്യ സഹജമായ അസുഖങ്ങളാൽ കഴിഞ്ഞ ആറു മാസത്തിലധികമായി ചികിത്സയിലായിരുന്നു. കലാനിലയം നാടകവേദി സ്ഥാപകനും തനിനിറം പത്രത്തിന്റെ സ്ഥാപക പത്രാധിപരും ആയിരുന്ന പരേതനായ കലാനിലയം കൃഷ്ണൻനായരുടെ ഭാര്യയാണ്. അമ്മയായും അമ്മൂമ്മയായും റേഡിയോ നാടകങ്ങളിലും സിനിമകളിലും നാടകങ്ങളിലും സീരിയലിലും നിറഞ്ഞു നിന്ന ദേവകിയമ്മ തിരുവിതാംകൂർ റേഡിയോ നിലയത്തിലെ സ്ഥാപക ആർട്ടിസ്റ്റുകളിലൊരാളായിരുന്നു.

റേഡിയോയിൽ കൊയ്ത്തുപാട്ട്, വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, കവിതകൾ, ലളിതഗാനങ്ങൾ, ശാസ്ത്രീയ സംഗീതം, നാടൻ പാട്ടുകൾ തുടങ്ങി നിരവധി പരിപാടികൾ ദേവകിയമ്മ അവതരിപ്പിച്ചിരുന്നു.'ഒരിടത്തൊരു ഫയൽവാൻ', 'കിലുക്കം', 'കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ', 'വക്കാലത്ത് നാരായണൻ കുട്ടി', 'ശയനം', 'സൂത്രധാരൻ' തുടങ്ങി നിരവധി സിനിമകളിലും 'താലി', 'ജ്വാലയായ്' തുടങ്ങി നിരവധിയേറെ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

ഡി കെ കലാവതി, ഡി കെ ഗീത, ഡി. കെ. മായ, കെ. ജീവൻകുമാർ, ഡി. കെ ദുർഗ എന്നിവർ മക്കളാണ്. ഡിസംബർ 29 ന് രാവിലെ 10 ന് പൂജപ്പുരയിലുള്ള വസതിയിൽ പൊതുദർശനത്തിന് വെയ്ക്കും. നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്‌കാരം.