- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്ര ശ്രീകോവിലിന് മുന്നിലും പള്ളിയോടത്തിലും ഫോട്ടോ ഷൂട്ട്; സീരിയൽ നടി നിമിഷ ബിജോ പുലിവാൽ പിടിച്ചു; പവിത്രമായി കരുതുന്ന പള്ളിയോടത്തിൽ പാദരക്ഷ ഉപയോഗിച്ച് കയറി; ആചാരലംഘനമെന്ന പരാതിയുമായി പള്ളിയോട സേവാസംഘവും ബിജെപിയും പള്ളിയോട കരയും; അറിവില്ലായ്മ്മ കൊണ്ട് പറ്റിപ്പോയതെന്ന് നടി
ചെങ്ങന്നൂർ: ഭക്തർ പവിത്രവും പരിപാവനവുമെന്നും കരുതുന്ന പള്ളിയോടത്തിൽ ചെരുപ്പിട്ട് കയറിയും അടഞ്ഞു കിടന്ന ക്ഷേത്രശ്രീകോവിലിന് മുന്നിൽ പുറം തിരഞ്ഞു നിന്നും ഫോട്ടോ ഷൂട്ട് നടത്തിയ സീരിയൽ നടിയും മോഡലുമായ നിമിഷ ബിജോ പുലിവാൽ പിടിച്ചു. കഴിഞ്ഞ ദിവസം ഓതറ പുതുക്കുളങ്ങര പള്ളിയോടത്തിലായിരുന്നു ചാലക്കുടി സ്വദേശി നിമിഷയുടെ ഫോട്ടോ ഷൂട്ട്. തൊട്ടുപിന്നാലെ ഇൻസ്റ്റാഗ്രാമിലും ഫേസ് ബുക്കിലും നിമിഷ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. വിദേശത്തുള്ള പുതുക്കുളങ്ങരക്കാർ ചിത്രം കണ്ട് നാട്ടിലുള്ളവർക്ക് അയച്ചു കൊടുത്തതോടെയാണ് വിവാദം ഉയർന്നത്.
ആചാരാനുഷ്ഠാനങ്ങളോടെ പുരുഷന്മാർ മാത്രം കയറുന്നതാണ് പള്ളിയോടം. ഇതിൽ കയറുന്നവർക്ക് കർശന വൃത നിഷ്ഠകളുണ്ട്. ഭഗവദ് കീർത്തനങ്ങൾ ഉരുവിട്ടു കൊണ്ട് പാദരക്ഷകൾ ഉപേക്ഷിച്ച് വേണം പള്ളിയോടത്തിൽ കയറുവാൻ. ഈ ആചാരമാണ് നിമിഷ ലംഘിച്ചത്. മാലിപ്പുരയിൽ സൂക്ഷിച്ചിരുന്ന പള്ളിയോടത്തിൽ മോഡേൺ ഡ്രസും ഷൂസും ധരിച്ചാണ് നിമിഷ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. അടഞ്ഞു കിടക്കുന്ന ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്ര ശ്രീകോവിലിന് മുന്നിൽ പുറം തിരിഞ്ഞു നിന്ന് എടുത്തതാണ് മറ്റൊരു ചിത്രം. ഈ ചിത്രത്തിലെ കോസ്റ്റിയൂം സെറ്റ് സാരിയാണ്.
പുതുക്കുളങ്ങര ക്ഷേത്രത്തിന് സമീപം ആദിപമ്പയുടെ കരയിലാണ് പള്ളിയോടം മാലിപ്പുരയിൽ സൂക്ഷിച്ചിരിക്കുന്നത്. അധികം ആൾത്താമസമില്ലാത്ത പ്രദേശത്താണ് മാലിപ്പുര. ഇവിടെ ഫോട്ടോ ഷൂട്ട് നടന്ന കാര്യം അതു കൊണ്ടു തന്നെ ആരും അറിഞ്ഞതുമില്ല. പുതുക്കുളങ്ങര പഴയ പള്ളിയോടത്തിലാണ് നിമിഷ കയറിയത്. പുതിയ പള്ളിയോടം നിർമ്മിച്ചു കൊണ്ടിരിക്കുകയുമാണ്.
പള്ളിയോട മാലിപ്പുരയെന്നത് കരക്കാരുടെ സ്വകാര്യ സ്വത്താണ്. അവിടെ അതിക്രമിച്ചു കയറി എന്നതാണ് നിമിഷയുടെയും സംഘത്തിന്റെയും ആദ്യ വീഴ്ച. സാധാരണ സ്ത്രീകൾ കയറുന്ന സ്ഥലമല്ല പള്ളിയോടം. ഇതിന് പുറമേ ചെരുപ്പിട്ടും കയറി എന്നതാണ് കരക്കാരുടെ രോഷം. ആന ഉടമയായ പുലിയൂർ സ്വദേശി ഉണ്ണി എന്നയാളാണ് നിമിഷയെയും കാമറാ സംഘത്തെയും പള്ളിയോടത്തിൽ എത്തിച്ചതെന്ന് പറയുന്നു. ഇയാളുടെ ആനയെയും ഷൂട്ടിങ്ങിന് ഉപയോഗിച്ചു.
അതേ സമയം അറിവില്ലായ്മ കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് നിമിഷ പ്രതികരിച്ചു. സംഭവത്തിൽ വിശ്വാസികൾക്കും കരക്കാർക്കുമുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നു. തെറ്റ് മനസിലായതിനെ തുടർന്ന് നവമാധ്യമങ്ങളിൽ നിന്ന് ഈ ചിത്രങ്ങൾ നിമിഷ പിൻവലിച്ചു. ഓണത്തിന് മുൻപാണ് ഫോട്ടോ ഷൂട്ട് നടന്നത്. നിമിഷയ്ക്കെതിരേ പള്ളിയോട സേവാസംഘവും ബിജെപിയും പൊലീസിൽ പരാതി നൽകും.
തിരുവാറന്മുള പള്ളിയോടങ്ങളുടെ ആചാര അനുഷ്ഠാനുങ്ങളും വിശ്വാസങ്ങളും വെല്ലുവിളിച്ച് പടിഞ്ഞാറൻ മേഖലയിലുള്ള പുതുക്കുളങ്ങര പള്ളിയോടത്തിൽ സീരിയിൽ താരം അതിക്രമിച്ച് കറിയതിനെതിരെ ചതയം ജലോത്സവ സാംസ്കാരിക സമിതിയും ്പ്രതിഷേധിച്ചു. ചെയ്ത തെറ്റ് മനസിലാക്കി സംഭവത്തിൽ നിരുപാധികം മാപ്പ് പറയണമെന്ന് യോഗം ആവിശ്യപ്പെട്ടു
അതേസമയം വിവാദം കൊഴുത്തതോടെ ക്ഷമാപണവുമായി നിമിഷയും രംഗത്തുവന്നു. തന്റെ അറിവില്ലായ്മ കൊണ്ടാണ് പള്ളിയോടത്തിൽ ഷൂസിട്ട് കയറിയതെന്ന് സീരിയൽ താരം നിമിഷ പറഞ്ഞു. ആചാര അനുഷ്ഠാനങ്ങൾ ലംഘിക്കണമെന്ന് താൻ മനഃപൂർവ്വം വിചാരിച്ചിട്ടില്ല. സംഭവത്തിൽ കരക്കാർക്കും വിശ്വാസികൾക്കുമുണ്ടായ പ്രയാസത്തിൽ ക്ഷമ ചോദിക്കുന്നതായും നിമിഷ പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്