തിരുവനന്തപുരം: സീരിയൽ-സിനിമാ നടി ശിൽപ്പ(19)യുടെ മരണവുമായി ബന്ധപ്പെട്ടു ദുരൂഹത തുടരുന്നു. ശിൽപ്പയുടെ യുവ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തെന്നാണു സൂചന.

ഹാജരാകണമെന്ന് അറിയിച്ചിട്ടും കഴിഞ്ഞ ദിവസം പൊലീസിനു മുന്നിൽ എത്താത്ത യുവാവിന്റെ നടപടി സംശയാസ്പദമാണെന്നു അന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നു. ശിൽപ്പയുടെ സുഹൃത്തുക്കളെ വീണ്ടും സംഭവസ്ഥലത്തെത്തിച്ചു മൊഴിയെടുക്കാനാണു പൊലീസിന്റെ നീക്കം.

സംഭവസമയം ശില്പയോടൊപ്പമുണ്ടായിരുന്നതും കാമുകനെന്ന് സംശയിക്കുന്നതുമായ യുവാവിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചിരുന്നുവെങ്കിലും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായിരുന്നില്ല. ഇതിനിടെയാണ് യുവാവ് കസ്റ്റഡിയിൽ ആയെന്ന വാർത്തകൾ പുറത്തുവരുന്നത്.

നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഷാജി-സുമ ദമ്പതികളുടെ മകളാണ് ശില്പ. കരമനയാറ്റിൽ മരുതൂർ കടവിലാണു ശനിയാഴ്ച വൈകിട്ട് മുങ്ങിമരിച്ച നിലയിൽ ശിൽപ്പയെ കണ്ടത്. ശില്പയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സുഹൃത്ത് ഹാജരാകാത്തതു സംശയമുണർത്തുന്നുവെന്നും പൊലീസ് പറഞ്ഞിരുന്നു.

മുങ്ങി മരണമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുമില്ല. അതേസമയം ശില്പയുടെ മരണം കൊലപാതകമാണെന്നാണ് മാതാപിതാക്കൾ പറയുന്നത്. സംഭവദിവസം രണ്ട് സുഹൃത്തുക്കളും കാമുകനെന്ന് സംശയിക്കുന്ന സ്റ്റുഡിയോ ജീവനക്കാരനായ ഒറ്റശേഖരമംഗലം സ്വദേശിയായ യുവാവുമാണ് ശില്പയ്‌ക്കൊപ്പമുണ്ടായിരുന്നത്. ഇതിൽ രണ്ട് സുഹൃത്തുക്കളെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. കാമുകനായ യുവാവും ശില്പയുമായി മരുതൂർക്കടവിൽ വച്ച് സംസാരമുണ്ടാവുകയും ഇതിൽ പ്രകോപിതയായി ശില്പ ആറ്റിലേക്ക് ഇറങ്ങുകയായിരുന്നുവെന്നുമാണ് ഇവർ മൊഴി നൽകിയതെന്ന് കരമന പൊലീസ് പറഞ്ഞു. ആറ്റിലിറങ്ങിയ ശില്പയെ രക്ഷപ്പെടുത്താനുള്ള നീക്കം യുവാവിന്റെ ഭാഗത്തു നിന്നുണ്ടാകാതിരുന്നതാണ് സംശയമുയർത്തുന്നത്.

ശനിയാഴ്‌ച്ച ഉച്ചയ്ക്കു 12.30നു കാട്ടാക്കട സ്വദേശിയായ പെൺകുട്ടി ശിൽപയെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ചടങ്ങുകളിൽ ആതിഥേയരാകുന്ന ജോലിക്ക് ഇരുവരും കൂടി പോകാറുണ്ടായിരുന്നു. ബാലരാമപുരത്ത് ഒരു വീട്ടിലെ ചടങ്ങിനെന്നു പറഞ്ഞാണു കൊണ്ടുപോയതെന്നു മാതാപിതാക്കൾ പറഞ്ഞു. പിന്നീടു മകളെ ഫോണിൽ ലഭിക്കാതെ വന്നപ്പോൾ 3.30ന് ഈ പെൺകുട്ടിയെ വിളിച്ചെന്നും ശിൽപ പിണങ്ങിപ്പോയെന്നാണു മറുപടി കിട്ടിയതെന്നും ശിൽപയുടെ പിതാവു ഷാജി പറഞ്ഞു. ലോക്ക് ചെയ്തിരിക്കുന്നതിനാൽ ശിൽപയുടെ ഫോൺ എടുക്കാൻ കഴിയുന്നില്ലെന്നും പിന്നീട് ഈ പെൺകുട്ടി വിളിച്ചറിയിച്ചു. 4.30ന് ഈ പെൺകുട്ടി വീട്ടിലെത്തി ശിൽപയ്ക്കു കൊടുക്കാനുള്ള ബാക്കി തുകയെന്നു പറഞ്ഞു 300 രൂപ ഏൽപ്പിച്ചു ധൃതിയിൽ മടങ്ങിയത്രേ.

ശിൽപ വീട്ടിലെത്താതിരുന്നതിനെ തുടർന്നു വീണ്ടും ഈ പെൺകുട്ടിയെ വിളിച്ചപ്പോൾ, ഒരു സുഹൃത്തിനൊപ്പമാണെന്നും അവിടെ വിളിച്ചപ്പോൾ, പിണങ്ങി ഇറങ്ങിപ്പോയെന്നും പരസ്പരവിരുദ്ധ മറുപടികളാണു ലഭിച്ചതെന്നു മാതാവ് സുമ പറഞ്ഞു. പിന്നീട് ഇവരെയൊന്നും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. രാത്രി പത്തോടെയാണു ശിൽപയുടെ ജഡം കണ്ടെത്തുന്നത്. ബാലരാമപുരത്തെ പരിപാടിക്കിടയിൽ ശിൽപയ്ക്ക് എന്തോ ദുരന്തം സംഭവിച്ചെന്നാണ് ഇവർ സംശയിക്കുന്നത്.

വീട്ടിൽ നിന്ന് ഇറങ്ങുന്നതു വരെ ശില്പയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതകളൊന്നും ഇല്ലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഞായറാഴ്ച ഗാനമേളയ്ക്ക് പോകുന്നതിനായി വസ്ത്രങ്ങളൊക്കെ ഒരുക്കി വച്ചിട്ടാണ് പോയത്.