കോഴിക്കോട്: കേരളത്തിൽ ഏറ്റവും നല്ല ബിരിയാണി കിട്ടുന്ന സ്ഥലം എവിടെയാണെന്ന് ചോദിച്ചാൽ അത് കോഴിക്കോട്ടെ റഹ്മത്ത് ഹോട്ടലാണെന്ന് എല്ലാവരും പറയും. റഹ്മത്ത് ഹോട്ടലിന്റെ ബിരിയാണി മഹാത്മ്യം അത്രയ്ക്ക് പ്രശസ്തമാണ്. അങ്ങനെയുള്ള ഹോട്ടലിൽ ഹർത്താൽ ദിനത്തിൽ വൈകുന്നേരം ബിരിയാണി കഴിക്കാമെന്ന സുഹൃദ്‌സംഘത്തിന്റെ മോഹം കലാശിച്ചത് അടിപിടിയിലും പൊലീസ് കേസിലും. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവത്തിൽ തൃശുർ കുന്നം കുളം പൂനഞ്ചേരി വീട്ടിൽ അനു ജൂബി (23) നടിയുടെ സുഹൃത്തുക്കളായ മംഗലാപുരം ബന്തർ സോണ്ടിഹത്തലു സ്വദേശിനി മുനീസ (21) എറണാകുളം പാലാരിവട്ടം ആലിഞ്ഞല മൂട്ടിൽ നവാസ്, പുവാട്ടുപറമ്പ് സ്വദേശി എന്നിവർ അറസ്റ്റിലായി.

ഹർത്താൽ ദിനമായ ഇന്നലെ കോഴിക്കോട്ട് മിക്ക ഹോട്ടലുകളും അടവായിരുന്നു. വൈകുന്നേരമായതോടെ ഹോട്ടലുകൾ തുറക്കുകയും ചെയ്തു. മട്ടൻ ബിരിയാണിക്ക് പ്രശസ്തമാമായ റഹ്മത്ത് ഹോട്ടലും തുറക്കുകയുണ്ടായി. ഇവിടെ ബിരിയാണി കഴിക്കാൻ വേണ്ടിയാണ സീരിയൽ നടി അടങ്ങുന്ന നാലംഗ സംഘം വൈകുന്നേരം അഞ്ച് മണിയോടെ എത്തിയത്.

ഹോട്ടലിൽ എത്തിയ ഭക്ഷണത്തിന് ഓർഡർ നൽകുകയും ചെയ്തു. എന്നാൽ ഓർഡർ ചെയ്ത ശേഷമാണ് മട്ടൻ ബിരിയാണി തീർന്നു പോയ വിവരം വെയ്റ്റർ അറിയിച്ചത്. ഇതോടെ ഇതേചൊല്ലി തർക്കം ഉടലെടുക്കുകയായിരുന്നു. ഹോട്ടലിൽ ബഹളം തുടർന്ന ഇവർ ഒന്നും രണ്ടും പറഞ്ഞ് മറ്റുള്ളവരോടും കലഹിച്ചു. കലഹത്തിനൊടുവിൽ അനു ജുബിയും മുനീസയും ക്ഷോഭിച്ച് ഹോട്ടൽ ജീവനക്കാരനെ കൈയേറ്റം ചെയ്യുകയായിരുന്നു.

ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഫാത്തിമ മൻസിലിൽ അബൂബക്കർ റഷാദ് പ്രശ്നത്തിൽ ഇടപെട്ടതോടെ ഇയാൾക്കെതിരേ തിരിഞ്ഞ സംഘം ഇദ്ദേഹത്തെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. രംഗം വഷളായതോടെ ഹോട്ടലുടമ വിവരം പൊലീസിൽ വിവരമറിയിച്ചു. ടൗൺ പൊലീസ് എത്തി നാലുപേരെയും അറസ്റ്റുചെയ്തു.

കസ്റ്റഡിയിലെടുത്ത പൊലീസ് ഹോട്ടൽ ഉടമയുമായി സംസാരിച്ച് സ്ത്രീകളെന്ന പരിഗണന നൽകി വിട്ടയക്കാനും തീരുമാനിച്ചിരുന്നു. വീട്ടുകാരെ വിളിച്ചു വരുത്തി വിട്ടയക്കാമെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ, യുവതികൾ അതിന് സമ്മതിച്ചില്ല. തങ്ങൾക്ക് വീട്ടുകാർക്കൊപ്പം പോകേണ്ടെന്ന നിലപാടിലായിരുന്നു ഇവർ. പിന്നീട് പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.