ന്യൂയോർക്ക്: നിരോധിത രാജ്യങ്ങളിൽ നിന്ന് പുരുഷന്മാർക്ക് അമേരിക്കയിലേക്ക് കടക്കാൻ വിവാഹം മാർഗമാക്കിയ യുവതി അവസാനം അറസ്റ്റിൽ. ഒരേ സമയം എട്ടുപേരുടെ ഭാര്യാ പദവി അലങ്കരിക്കുകയും 11 വർഷത്തിനുള്ളിൽ പത്തു പേരെ വിവാഹം കഴിക്കുകയും ചെയ്ത  ലിയാന ബാരിന്റോസ് എന്ന മുപ്പത്തെട്ടുകാരിയാണ് അവസാനം പൊലീസ് പിടിയിലായത്. വിവാഹമെന്ന മാർഗം വഴി അമേരിക്കയിലേക്ക് കുടിയേറാൻ പുരുഷന്മാർക്ക് വഴിയൊരുക്കുകയും അതുവഴി പണമുണ്ടാക്കുകയും ചെയ്ത ഡൊമിനിക്കൻ റിപ്ലബ്ലിക്കിലെ യുവതിക്ക് ഒരു വർഷം തന്നെ ആറു പേരെ വരണമാല്യം ചാർത്തിയ കഥയും പറയാനുണ്ട്.

അമേരിക്കയിലേക്ക് കുടിയേറുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളായ ഈജിപ്ത്, ബംഗ്ലാദേശ്, ടർക്കി, ചെക്കോസ്ലൊവാക്യ, പാക്കിസ്ഥാൻ, മാലി, ജോർജിയ എന്നിവിടങ്ങളിൽ നിന്നുള്ള പുരുഷന്മാരെ വിവാഹം കഴിച്ച് പണം സമ്പാദിക്കുന്ന രീതിയാണ് വർഷങ്ങളായി ലിയാന പിന്തുടർന്നു വന്നിരുന്നത്. ഇവിടങ്ങളിൽ നിന്നുള്ള പുരുഷന്മാർക്ക് വിവാഹത്തിലൂടെ സിറ്റിസൺഷിപ്പ് നേടിയെടുക്കാനാണ് ലിയാന അവസരമൊരുക്കിക്കൊടുത്തത്. ഇതിനുള്ള പ്രതിഫലമായി വൻ തുകകൾ ഇവർ കൈപ്പറ്റുകയും ചെയ്തിരുന്നു.

ഭീകരവാദവുമായി ബന്ധപ്പെട്ടാണ് ചില രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തെ യുഎസ് പ്രോത്സാഹിപ്പിക്കാത്തത്. എന്നാൽ ഇവിടങ്ങളിൽ നിന്നുള്ള പുരുഷന്മാർ യുഎസിലെ സ്ത്രീകളെ വിവാഹം കഴിച്ച് സിറ്റിസൺഷിപ്പ് കരസ്ഥമാക്കുന്നതിനാലാണ് ലിയാനയും ഇതേരീതിയിൽ പണം സമ്പാദിക്കാൻ പത്തുപേരുടെ ഭാര്യയായത്. 1999 മുതലാണ് ലിയാനയുടെ വിവാഹസീരീസ് ആരംഭിക്കുന്നത്. 2002 രണ്ടുവരെയുള്ള കാലഘട്ടത്തിൽ ഒമ്പതു പേരുടെ ഭാര്യയാവുകയും ചെയ്തു. 2002-ൽ തന്നെ ആറു പേരെയാണ് ലിയാന വിവാഹം കഴിച്ചത്. ഇതിൽ പാക്കിസ്ഥാൻകാരനായ ഭർത്താവിനെ ഭീകരവാദവുമായി ബന്ധപ്പെട്ട ഒരു കേസിൽ അമേരിക്കയിൽ നിന്ന് നാടുകടത്തുകയും ചെയ്തിട്ടുണ്ട്. 2010-ലാണ് ലിയാനയുടെ അവസാന വിവാഹം നടന്നത്.

2014-ൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോഴാണ് സീരിയൽ വിവാഹിതയുടെ കഥകൾ വെളിച്ചത്തുവരുന്നത്. മുമ്പ് പല തവണ പല കേസുകളിൽ ലിയാന അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. കുടിയേറ്റവുമായി ബന്ധമുള്ളതാണ് ലിയാനയുടെ കേസ് എന്നതിനാൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റി ഇതിൽ ഇടപെട്ടിട്ടുണ്ടെന്നാണ് ബ്രോങ്ക്‌സ് ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് വെളിപ്പെടുത്തുന്നത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നാണെങ്കിലും മൻഹാട്ടനിൽ താമസിച്ചുവരികയാണ് ലിയാനയെന്നാണ് ഇവരുടെ ഫേസ് ബുക്ക് പ്രൊഫൈൽ വ്യക്തമാക്കുന്നത്. പത്തുപേരെ വിവാഹം കഴിച്ചുവെങ്കിലും ഇതിൽ നാലുപേരുമായുള്ള വിവാഹബന്ധം വേർപെടുത്തിയിട്ടുണ്ടെന്നും ലിയാനയുടെ അഭിഭാഷകൻ വ്യക്തമാക്കി.

ബ്രോങ്ക്‌സ് കോടതിയിലെ വിചാരണയ്ക്കു ശേഷം ലിയാനയെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. എന്നാൽ സബ് വേ സംവിധാനത്തിൽ ടിക്കറ്റില്ലാതെ പ്രവേശിച്ചതിനാൽ ലിയാനയെ രണ്ടു മണിക്കൂറിനു ശേഷം വീണ്ടും അറസ്റ്റ് ചെയ്യേണ്ടിവന്നുവെന്നാണ് റിപ്പോർട്ടുകൾ.