കൊച്ചി: ഗൃഹനാഥനെ കാണാൻ വീട്ടിലെത്തിയപ്പോൾ വീഡിയോ ഗെയിം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ക്യാമറാമാൻ പിടിയിലായി.പതിനഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സിനിമാ-സീരിയൽ കാമറാമാൻ ചേരാനെല്ലൂർ പള്ളത്തുംപറമ്പിൽ ഷിബുവിനെ (39) പൊലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടിയുടെ അച്ഛന്റെയും ഇളയച്ഛന്റെയും സുഹൃത്തായ ഷിബു അവരെ കാണാൻ വീട്ടിൽ ചെന്നപ്പോഴായിരുന്നു പീഡനശ്രമം.

ആ സമയത്ത് പെൺകുട്ടി മൊബൈൽ ഫോണിൽ വീഡിയോഗെയിം കളിച്ചുകൊണ്ടിരിക്കുയായിരുന്നു. അടുത്തുകൂടി അശ്‌ളീല ചുവയോടെ സംസാരിച്ചായിരുന്നു പീഡനശ്രമം. അന്ന് പെൺകുട്ടി എതിർത്തതോടെ വിട്ടുപോയ ഷിബു പിന്നീടും പലതവണ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. ഇതോടെ പെൺകുട്ടി വീട്ടിൽ വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊലീസി്ൽ പരാതിയെത്തിയത്. കഴിഞ്ഞവർഷം ഡിസംബറിലാണ് ആദ്യം പീഡനശ്രമം ഉണ്ടായത്.

കഴിഞ്ഞ ദിവസം വനിതാ സെല്ലിൽ വീട്ടുകാർ പരാതി നൽകുകയായിരുന്നു. ഇതോടെ മുങ്ങിയ ഷിബുവിനെ ഇന്നലെ ചേരാനെല്ലൂർ എസ്.ഐ. വിബിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമം ചുമത്തി ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ്.