തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോക്കെതിരെ ഗുരുതര ആരോപണങ്ങൾ. വിജിലൻസ് പ്രോസിക്യൂട്ടർ നിയമനത്തിനുള്ള ചുരുക്കപ്പട്ടിക റദ്ദാക്കാൻ നീക്കം നടക്കുന്നതായാണ് ആരോപണം. കോടതികളിൽ ആയിരക്കണക്കിന് കേസുകൾ കെട്ടിക്കിടക്കുമ്പോഴാണ് സർക്കാരിനും പാർട്ടിക്കും വേണ്ടപ്പെട്ടവരും രാഷ്ട്രീയസ്വാധീനമുള്ളവരും ഉൾപ്പെട്ടിട്ടില്ലെന്ന കാരണത്താൽ പട്ടിക റദ്ദാക്കാൻ നീക്കം നടക്കുന്നതെന്ന് അഭിമുഖത്തിൽ പങ്കെടുത്ത അഭിഭാഷകർ പറയുന്നു.

നിലവിൽ അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷനായി പ്രവർത്തിക്കുന്ന കെ.ഡി. ബാബുവിനെതിരെയും പരാതികൾ ധാരാളം ഉയർന്നിട്ടുണ്ട്. എന്നാൽ സിപിഎമ്മിനും മുഖ്യമന്ത്രിയുടെ ഓഫീസിനും വളരെ വേണ്ടപ്പെട്ടയാളായതുകൊണ്ടാണ് കെ.ഡി. ബാബുവിന് ഇപ്പോഴും സർവ്വീസിൽ തുടരാൻ സാധിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം.

അഴിമതിക്കേസുകളുടെ ബാഹുല്യം കണക്കിലെടുത്താണ് താത്കാലികമായി പ്രോസിക്യൂട്ടർമാരെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. അപേക്ഷിച്ച 170 പേരിൽ നിന്ന് ആഭ്യന്തര, നിയമ സെക്രട്ടറിമാരും വിജിലൻസ് ഡയറക്ടറും ഉൾപ്പെട്ട സമിതി 20 പേരുടെ പട്ടിക തയ്യാറാക്കി.

വിഷയവിദഗ്ധനായി ഉൾപ്പെടുത്തിയിരുന്ന അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അനാരോഗ്യം കാരണം അഭിമുഖപരീക്ഷയിൽ പങ്കെടുത്തിരുന്നില്ല. 20 പേരുടെ പട്ടിക മുഖ്യമന്ത്രിക്കു മുന്നിലെത്തിയതിനുപിന്നാലെ വിഷയവിദഗ്ധൻ ഇല്ലാതെയാണ് അഭിമുഖം നടത്തിയതെന്ന പരാതിയുമെത്തി. അതിനാലാണ് പുനഃപരിശോധനയ്ക്ക് തീരുമാനിച്ചതെന്നാണ് വിശദീകരണം.

ഇത് വേണ്ടപ്പെട്ടവരെ നിയമിക്കാനുള്ള നീക്കമെന്നാണ് ആരോപണം. അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെക്കൂടി ഉൾപ്പെടുത്തി വീണ്ടും അഭിമുഖം നടത്താനാണ് ആലോചിക്കുന്നത്.