തിരുവനന്തപുരം: സംസ്ഥാനത്ത് അബ്കാരി കുടിശിക പിരിക്കുന്നതിൽ ഗുരുതര വീഴ്ച. 281.25 കോടി രൂപ അബ്കാരികളിൽ നിന്നും സർക്കാരിന് കുടിശിക ലഭിക്കാനുണ്ട്. എന്നാൽ ഇത് പിരിച്ചെടുക്കുന്നതിന് സർക്കാരിന് ശുഷ്‌കാന്തിയില്ലാത്തത് അബ്കാരികളുമായിട്ടുള്ള അവിശുദ്ധ കൂട്ടാണെന്ന ആരോപണമാണ് ഉയരുന്നത്. കുടിശിക അബ്കാരികളിൽ നിന്നോ, അനന്തരവകാശികളിൽ നിന്നോ ഈടാക്കുന്നതിന് റവന്യു റിക്കവറി നടപടികൾ ത്വരിതപ്പെടുത്താൻ എല്ലാ ഡപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന സ്ഥിരം മറുപടിയാണ് മന്ത്രി ഗോവിന്ദൻ മാസ്റ്ററുടെ എക്‌സൈസ് വകുപ്പിന് ഉള്ളത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ അബ്കാരി കുടിശിക പിരിക്കാനുള്ളത്.

ജില്ല, അബ്കാരി കുടിശിക ( കോടിയിൽ ) ചുവടെ

1. തിരുവനന്തപുരം - 77.11
2. കൊല്ലം - 45.11
3. പത്തനംതിട്ട- 13.71
4. ആലപ്പുഴ - 7.13
5. കോട്ടയം - 21.39
6. ഇടുക്കി - 20.85
7. എറണാകുളം - 2.92
8. തൃശൂർ - 67.94
9. പാലക്കാട് - 14.54
10. മലപ്പുറം - 0.31
11.കോഴിക്കോട് - 4.13
12. വയനാട് - 1.74
13. കണ്ണൂർ - 1.16
14. കാസർഗോഡ് - 3. 16

സാധാരണ കച്ചവടക്കാർ കൃത്യസമയത്ത് ഇ-റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ നടപടിയെടുക്കുന്ന ചരക്ക് സേവന നികുതി വകുപ്പ് അബ്കാരികളിൽ നിന്ന് നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ മൃദുസമീപനം കാണിക്കുന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

2011 ഏപ്രിൽ മുതൽ 2016 ഏപ്രിൽ വരെയുള്ള ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് 53.96 കോടിയായിരുന്നു നികുതി കുടിശ്ശിക. കാലക്രമേണ ഇത് വർധിച്ച് 127.79 കോടിയായി ഉയർന്നു. 2016 ഏപ്രിൽ മുതൽ 2022 ജനുവരി വരെ നികുതി കുടിശ്ശിക വരുത്തിയ അബ്കാരികളിൽനിന്ന് 60.04 ലക്ഷം രൂപ പിഴയീടാക്കിയിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു.

നികുതി കുടിശ്ശിക ഈടാക്കാൻ നിയമതടസ്സങ്ങളൊന്നുമില്ലെന്ന് പറയുമ്പോഴും ചില ജില്ലകളിൽ കോടതി വ്യവഹാരങ്ങൾ മൂലം കുടിശ്ശിക പിരിച്ചെടുക്കാൻ കഴിയുന്നില്ലെന്നും അധികൃതർ പറയുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സർക്കാർ അബ്കാരി നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ കാണിക്കുന്ന അലംഭാവം അബ്കാരി രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഫലമാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.