കണ്ണൂർ: കണ്ണുർ സർവ്വകലാശാല പരീക്ഷാ നടത്തിപ്പിൽ വീണ്ടും പിഴവ്. കഴിഞ്ഞ ദിവസം നടന്ന ആറാം സെമസ്റ്റർ ഫിസിക്സ് ബിരുദ പരീക്ഷയിൽ സിലബസിന് പുറത്ത് നിന്നുള്ള ചോദ്യങ്ങൾ വന്നതാണ് വിവാദമായത്.

കൃത്യവിലോപങ്ങൾ തുടർന്ന് കൊണ്ടിരിക്കുന്നതിന്റെ തെളിവാണെന്നും നിരന്തരം വീഴ്ചകൾ ആവർത്തിക്കുന്ന കണ്ണൂർ സർവകലാശാല വികടതയുടെ വിലാസമായി മാറിയെന്നും കെ.എസ്.യു ജില്ലാഅധ്യക്ഷൻ പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. ഇലക്റ്റീവ് പേപ്പറുകളായ മെറ്റീരിയൽ സയൻസ്, നാനോ സയൻസ് എന്നീ വിഷയങ്ങളുടെ ചോദ്യപേപ്പറുകളിൽ ഭൂരിഭാഗം ചോദ്യങ്ങളും സിലബസിന് പുറത്തുനിന്നുള്ളതാണ് ചോദിച്ചിട്ടുള്ളത്. നാനോ സയൻസ് പേപ്പറിൽ തൊണ്ണൂറ് ശതമാനം ചോദ്യങ്ങളും മെറ്റീരിയൽ സയൻസ് പേപ്പറിൽ എഴുപത് ശതമാനം ചോദ്യങ്ങളുമാണ് സിലബസിന് പുറത്തുനിന്നുള്ളവയായി വന്നിട്ടുള്ളത്.

പരീക്ഷാ നടത്തിപ്പിൽ തുടർച്ചയായി വീഴ്ചകൾ ആവർത്തിച്ചിട്ടും ഒരു തരത്തിലുള്ള ഗൗരവവും കാണിക്കാത്ത കണ്ണൂർ സർവകലാശാല അധികൃതർ വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും കുത്തഴിഞ്ഞ സർവകലാശാല ഭരണത്തിന്റെ തലവനായ വൈസ് ചാൻസലർ പൂർണ പരാജയമാണെന്നും പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.