കോഴിക്കോട്: പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കേ രണ്ടാം അലോട്ട്മെന്റിനൊപ്പം സാമുദായിക ക്വാട്ടയിലേക്കുള്ള പ്രവേശനവും നടക്കുന്നത് വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയങ്ങളിൽ അവർ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാലയങ്ങളിലെ അവസരം നഷ്ടമാക്കുന്നു. ആദ്യം രണ്ടു അലോട്ട്മെന്റുകളായിരുന്നു പ്ലസ് വൺ പ്രവേശനത്തിനായി വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് മൂന്നാക്കി മാറ്റിയപ്പോൾ മൂന്നാം അലോട്ട്മെന്റിന് ശേഷം നടത്തേണ്ട സാമുദായിക ക്വാട്ടയിലേക്കുള്ള അലോട്ട്മെന്റ് മാറ്റാതിരുന്നതാണ് വിദ്യാർത്ഥികൾക്ക് തിരിച്ചടിയാവുന്നത്.

രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് സാമുദായിക ക്വാട്ടയിൽ പ്രവേശനം നേടേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ആരെങ്കിലും മൂന്നാം അലോട്ട്മെന്റ് വന്നശേഷം നോക്കിയിട്ട് സാമുദായിക ക്വാട്ടയിൽ പ്രവേശനം നേടാമെന്ന് കഴിഞ്ഞ വർഷങ്ങളിലെപ്പോലെ കാത്തിരുന്നാൽ അത്തരം വിദ്യാർത്ഥികൾക്ക് മൂന്നാം അലോട്ട്മെന്റിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ കമ്മ്യൂണിറ്റി ക്വാട്ടയിലും അവസരം ലഭിക്കില്ലെന്ന് ചുരുക്കം. ഇത് പല വിദ്യാർത്ഥികൾക്കും അവർ ആഗ്രഹിക്കുന്ന വിഷയത്തിലുള്ള പഠന സാധ്യതയും ഇല്ലാതാക്കുന്ന സ്ഥിതിയാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്.

ഒന്നാം അലോട്ട്മെന്റിലും രണ്ടാം അലോട്ട്മെന്റിലും ആഗ്രഹിച്ച വിദ്യാലയത്തിൽ പഠിക്കാൻ അവർ ഓപ്ഷൻ നൽകിയ വിഷയത്തിൽ അവസരം ലഭിക്കുന്നില്ലെങ്കിൽ മൂന്നാം അലോട്ട്മെന്റ് വരെ കാത്തിരിക്കാൻ സാധിക്കും. ഇത്തരം കുട്ടികൾ ഒന്നാം അലോട്ട്മെന്റിലും രണ്ടാം അലോട്ട് മെന്റിലും താൽക്കാലിക പ്രവേശനം തരപ്പെടുത്തിയ ശേഷമാണ് ഇതിന് ശ്രമിക്കാറ്. ആരെങ്കിലും താൽക്കാലിക പ്രവേശനം സെക്കൻഡോ, തേർഡോ ആയി നൽകിയ വിഷയത്തിന് എടുക്കാതെ മൂന്നാം അലോട്ട്മെന്റിൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നാൽ വിചാരിച്ചപോലെ സംഭവിച്ചില്ലെങ്കിൽ പ്രവേശനം ലഭിക്കാതെയും പോകും.

ഇന്നത്തെ സാഹചര്യത്തിൽ അത്തരം ഒന്ന് അപൂർവമായെ സംഭവിക്കൂവെന്നാണ് അദ്ധ്യാപകർ പറയുന്നത്. എല്ലാ വിദ്യാലയങ്ങളിലെയും പത്താക്ലാസ് വിദ്യാർത്ഥികളുടെ വാട്ട്സ്ആപ്പ് ക്ലാസ് ഗ്രൂപ്പുകളിലെല്ലാം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും യാതൊരു സംശയത്തിനും ഇടയുണ്ടാവാത്ത തരത്തിൽ ഇക്കാര്യങ്ങളെല്ലാം വിശദമായി തന്നെ നൽകിയിട്ടുണ്ടെന്നതും അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷങ്ങളിൽ രണ്ടാം അലോട്ട്മെന്റ് എന്നത് അവസാന അവസരമായതിനാൽ മിക്ക കുട്ടികളും രണ്ടാം അലോട്ട്മെന്റിൽ സ്ഥിര പ്രവേശനം നേടേണ്ടിയിരുന്നു. ഇത്തവണ അക്കാര്യത്തിൽ ഒരു അവസരം കൂടിയുള്ളതിനാൽ കൂടുതൽ കുട്ടികൾക്ക് തങ്ങൾ ആഗ്രഹിച്ച വിഷയത്തിൽ ഇഷ്ടപ്പെട്ട വിദ്യാലയങ്ങളിൽ പ്രവേശനം ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്.

എന്നാൽ സാമുദായിക ക്വാട്ടയിലെ പ്രവേശന നടപടി ക്രമം അവസാനത്തേക്ക് വെക്കാതെ ഇടക്കു വന്നത് പലർക്കും ബുദ്ധിമുട്ടായിട്ടുണ്ട്. മെറിറ്റിൽ തന്നെ സീറ്റു കിട്ടിയാൽ സാമുദായിക ക്വാട്ടയിൽ പ്രവേശനം നേടുന്നതിനുള്ള ശുപാർശകളും ഉയർന്ന സാമ്പത്തിക ചെലവുമെല്ലാം ഒഴിവാക്കാമായിരുന്നു. ഉയർന്ന മാർക്കുണ്ടായിട്ടും ആദ്യ അലോട്ട് മെന്റിൽ പ്രവേശനം ലഭിക്കാതെ പോയവർക്ക് അവർ ആദ്യം നൽകിയ മുൻഗണനാ ക്രമത്തിലുള്ള ഇഷ്ടപ്പെട്ട വിദ്യാലയങ്ങളിലെ പ്രവേശനവും ഇതിലൂടെ നഷ്ടപ്പെടും. പ്രവേശനം സംബന്ധിച്ച നടപടി ക്രമങ്ങളെല്ലാം നിയന്ത്രിക്കുന്നത് ഐ സി ടി സെല്ലാണെന്നും രണ്ട് അലോട്ട്‌മെന്റ് മൂന്നായി ഉയർത്തിയപ്പോൾ സംഭവിച്ച പിഴവാണ് ഇതിന് കാരണമായിരിക്കുന്നതെന്നുമാണ് ഹയർ സെക്കൻഡറി മേഖലാ ഡെപ്യൂട്ടി ഡയരക്ടർ ഡോ. പി എം അനിൽ ഇതേക്കുറിച്ച് വിശദീകരിക്കുന്നത്.