തിരുവനന്തപുരം: 'ഓരോ ഫയലും ഒരു ജീവിതത്തെ പ്രതിനിധീകരിക്കുന്നുവെന്ന' തിരിച്ചറിവാണ് ജീവനക്കാരെ സാധാരണക്കാരോട് സഹാനുഭൂതിയോടെ പെരുമാറാനും കാര്യക്ഷമതയോടെയും ഉത്തരവാദിത്ത ബോധത്തോടെയും ഭരണനിർവഹണം നടത്താനും പ്രേരിപ്പിക്കുന്നത്- മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് സ്വാഗതം ചെയ്യുന്നത് ഈ വാചകമാണ്.

'കേരളത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും ഈ പരാതിപരിഹാര സംവിധാനം വഴി പരാതികൾ തന്നെ അറിയിക്കാവുന്നതാണ്. പരാതികൾ അതിവേഗം പരിശോധിക്കാനും പരിഹരിക്കാനും സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതാണെന്നും മുഖ്യമന്ത്രി ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനമായ സി.എം.ഒ. പോർട്ടലിലേക്ക് പരാതി അയക്കാൻ ഇനി സർവീസ് ചാർജ് നൽകണം. സി.എം.ഒ. പോർട്ടൽ മുഖാന്തിരമുള്ള പരാതികൾ അക്ഷയ കേന്ദ്രങ്ങൾ വഴി സമർപ്പിക്കുമ്പോൾ അക്ഷയ കേന്ദ്രങ്ങൾക്ക് പൊതുജനങ്ങളിൽനിന്നും 20 രൂപ സർവീസ് ചാർജായി ഈടാക്കാമെന്നുള്ള ഉത്തരവിറങ്ങി.

അക്ഷയ കേന്ദ്രങ്ങൾ വഴി സി.എം.ഒ. പോർട്ടലിലേക്ക് പരാതി നൽകുന്നതിന് നേരത്തെ സർവീസ് ചാർജിൽ ഉൾപ്പെടുത്തിയിരുന്നില്ല. അക്ഷയ കേന്ദ്ര ഡയറക്ടറാണ് ഇതിനായി 20 രൂപ ഈടാക്കുന്നതിന് അനുവദിക്കാമെന്ന് അഭിപ്രായപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തീരുമാനമുണ്ടായത്

മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും ഓൺലൈനായി പരാതികൾ അയക്കാൻ സംവിധാനം ഒരുക്കിയത് കഴിഞ്ഞ വർഷം നവംബറിലാണ്. പരാതികൾ നൽകി അത് പരിഹരിക്കുന്നതിനായുള്ള നീണ്ട നാളെത്തെ കാത്തിരിപ്പ് അവസാനിക്കും എന്നതാണ് സവിശേഷത. പന്ത്രണ്ടായിരത്തോളം സർക്കാർ ഓഫീസുകളെയാണ് ഈ ഓൺലൈൻ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പരാതി പരിഹാരം വേഗത്തിലാകും എന്ന മെച്ചമുണ്ട്.

നിലവിൽ ശരാശരി 898 ദിവസം വരെയാണ് പരാതി പരിഹാരത്തിനായെടുക്കുന്നത്. സാധാരണ പരാതികൾ ഇരുപത്തിയൊന്ന് ദിവസത്തിനകം തീർപ്പാക്കുകയാണ് ഓൺലൈൻ സംവിധാനം ലക്ഷ്യം വക്കുന്നത്. അതുപോലെ തന്നെ ദുരിതാശ്വാസ സഹായത്തിനായി അപേക്ഷിച്ചാൽ 175 ദിവസം വരെ എടുത്താണ് ഫയലിൽ തീർപ്പുണ്ടാക്കുന്നത്. ഇത് 22 ദിവസം ആയി കുറയുമെന്നും കരുതപ്പെടുന്നു.

www.cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പരാതികൾ നൽകേണ്ടത്. അപേക്ഷ നൽകിയാലുടൻ പരാതിക്കാരന് അപേക്ഷാ നമ്പർ സഹിതമുള്ള വിവരങ്ങൾ എസ്.എം.എസായി ലഭിക്കും. ഈ നമ്പർ ഉപയോഗിച്ച് പിന്നീട് തുടർവിവരങ്ങൾ അന്വേഷിക്കാം. പരാതിയിൽ തീർപ്പാകുന്നതുവരെ ഈ ഫയൽ ഓൺലൈൻ സംവിധാനത്തിലുണ്ടാകും. 0471 2517297 എന്ന നമ്പറിലും 0471 155300 എന്ന ടോൾഫ്രീ നമ്പറിലും വിവരങ്ങളറിയാം.