- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കാശൊന്നും തരില്ല, ഫോട്ടോ പത്രത്തിൽ ഇടുകയും ഇല്ല, പക്ഷെ സേവനത്തിന് അവസരം തരാം! ചെറിയ ചക്രവർത്തിമാർ ശ്രദ്ധിക്കപ്പെടുന്ന കേരളം: മുരളി തുമ്മാരുകുടി എഴുതുന്നു
ചൈനയിൽ ഒരു കുട്ടി മാത്രം എന്ന നിയമം (one child policy) ഉണ്ടാക്കിയതിനു ശേഷമുള്ള തലമുറയെ 'ചെറിയ ചക്രവർത്തിമാർ' (Little Emperors) എന്നാണ് അന്നാട്ടുകാർ വിളിക്കുന്നത്. അച്ഛന്റേയും അമ്മയുടേയും ഒറ്റ മകനോ മകളോ, അവരെല്ലാം താലോലിച്ചു വളർത്തുന്നു. കുട്ടികൾ ആണെങ്കിൽ ആരുമായിട്ടും ഒന്നും പങ്കിട്ടെടുത്ത് പഠിക്കുന്നില്ല. അവർക്ക് വേണ്ടതെല്ലാം അച്ഛനമ്മമാർ ചെയ്തുകൊടുക്കുന്നു, എന്നിങ്ങനെ ഒരു വഷളാക്കപ്പെട്ട കുട്ടി (Spoiled Child) എന്ന തരത്തിലാണ് ചെറിയ ചക്രവർത്തിമാർ എന്ന പ്രയോഗം ഉണ്ടായത്. പക്ഷെ രണ്ടായിരത്തി എട്ടിലെ ഭൂകമ്പം ഈ ചിന്ത ആകെ മാറ്റി മറിച്ചു. അതിശക്തമായ ഭൂകമ്പം ചൈനയിലെ സിഷുവാൻ പ്രവിശ്യയെ പിടിച്ചു കുലുക്കി. പതിനായിരങ്ങൾ മരിച്ചു, ദശലക്ഷങ്ങൾക്ക് വീടില്ലാതെയായി. സാധാരണഗതിയിൽ ഏതു ദുരന്തത്തേയും നേരിടാൻ കഴിവുള്ള ചൈനയിലെ ഭരണകൂടത്തിനുപോലും എല്ലായിടത്തും എത്തിപ്പറ്റാൻ കഴിയാതെയായി. പക്ഷെ, ഈ സമയത്ത് ചെറിയ ചക്രവർത്തിമാർ ആരും പറയാതെ മുന്നോട്ടുവന്നു, വീടുവീടാന്തരം ചികഞ്ഞ് പരിക്കേറ്റവരെ കണ്ടെടുക്കാനും, ശുശ്രൂഷിക്കാനു
ചൈനയിൽ ഒരു കുട്ടി മാത്രം എന്ന നിയമം (one child policy) ഉണ്ടാക്കിയതിനു ശേഷമുള്ള തലമുറയെ 'ചെറിയ ചക്രവർത്തിമാർ' (Little Emperors) എന്നാണ് അന്നാട്ടുകാർ വിളിക്കുന്നത്. അച്ഛന്റേയും അമ്മയുടേയും ഒറ്റ മകനോ മകളോ, അവരെല്ലാം താലോലിച്ചു വളർത്തുന്നു. കുട്ടികൾ ആണെങ്കിൽ ആരുമായിട്ടും ഒന്നും പങ്കിട്ടെടുത്ത് പഠിക്കുന്നില്ല. അവർക്ക് വേണ്ടതെല്ലാം അച്ഛനമ്മമാർ ചെയ്തുകൊടുക്കുന്നു, എന്നിങ്ങനെ ഒരു വഷളാക്കപ്പെട്ട കുട്ടി (Spoiled Child) എന്ന തരത്തിലാണ് ചെറിയ ചക്രവർത്തിമാർ എന്ന പ്രയോഗം ഉണ്ടായത്. പക്ഷെ രണ്ടായിരത്തി എട്ടിലെ ഭൂകമ്പം ഈ ചിന്ത ആകെ മാറ്റി മറിച്ചു. അതിശക്തമായ ഭൂകമ്പം ചൈനയിലെ സിഷുവാൻ പ്രവിശ്യയെ പിടിച്ചു കുലുക്കി. പതിനായിരങ്ങൾ മരിച്ചു, ദശലക്ഷങ്ങൾക്ക് വീടില്ലാതെയായി. സാധാരണഗതിയിൽ ഏതു ദുരന്തത്തേയും നേരിടാൻ കഴിവുള്ള ചൈനയിലെ ഭരണകൂടത്തിനുപോലും എല്ലായിടത്തും എത്തിപ്പറ്റാൻ കഴിയാതെയായി. പക്ഷെ, ഈ സമയത്ത് ചെറിയ ചക്രവർത്തിമാർ ആരും പറയാതെ മുന്നോട്ടുവന്നു, വീടുവീടാന്തരം ചികഞ്ഞ് പരിക്കേറ്റവരെ കണ്ടെടുക്കാനും, ശുശ്രൂഷിക്കാനും, വീടില്ലാത്തവർക്ക് ടെന്റ് ഉണ്ടാക്കാനും, ഭക്ഷണം നല്കാനും ഒക്കെ അവർ ചൈനീസ് സൈന്യത്തിന്റെ ഒപ്പം നിന്നു. ആയിരം കിലോമീറ്റർ അകലെയുള്ള ബീജിംഗിൽനിന്നും ഷാംഗ്ഹായിൽനിന്നും ചെറിയ ചക്രവർത്തിമാർ ഓടിയെത്തി, ഓടിയെത്താൻ പറ്റാത്തവർ പണവും മറ്റു വസ്തുക്കളും സംഘടിപ്പിച്ച് എത്തിച്ചു. സ്വാർത്ഥരാണ് പുതിയ തലമുറ എന്ന ചിന്ത ഒറ്റ മാസം കൊണ്ട് അവർ മാറ്റിയെടുത്തു.
ഇതുപക്ഷെ ചൈനയിലെ മാത്രം കഥയല്ല. കഴിഞ്ഞ ഡിസംബറിലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ കാര്യമെടുക്കൂ. അതിവേഗത്തിൽ ഉയർന്നുവന്ന വെള്ളത്തെ കണ്ട് പഴയ തലമുറ അലമുറയിട്ടു. സർക്കാർ സംവിധാനം വെള്ളം കുടിച്ചു, ദുരന്തനിവാരണ സേനക്ക് എല്ലായിടത്തും എത്താൻ പറ്റാതെയായി. പക്ഷെ, അപ്പോൾ ആരും പറയാതെ ചോദിക്കാതെ പുതിയ തലമുറ ഉണർന്നു പ്രവർത്തിച്ചു. വെള്ളപ്പൊക്കത്തിൽപ്പെട്ടവരെ രക്ഷിക്കാൻ, രക്ഷിക്കപ്പെട്ടവർക്ക് വീടും ഭക്ഷണവും ഒരുക്കാൻ, ആളെ തിരയാൻ ആപ്പുണ്ടാക്കാൻ, ആവശ്യമുള്ള വസ്തുക്കൾ വേണ്ടവർക്ക് കൊടുക്കാൻ, താല്പര്യമുള്ളവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ക്ലിയറിങ് ഹൗസ് ഉണ്ടാക്കാൻ എല്ലാം. യാതൊരു പ്രതിഫലേച്ഛയും ഇല്ലാതെ അവർ മുന്നോട്ടുവന്നു.
ദുരന്തകാലത്ത് സന്നദ്ധ സേവനത്തിന് യുവാക്കളും മറ്റുള്ളവരും രംഗത്ത് വരുന്നത് സാധാരണം ആണെങ്കിലും നമ്മുടെ സമൂഹത്തിൽ ഇപ്പോഴും സന്നദ്ധ സേവനം ഒരു പതിവായിട്ടില്ല. വികസിത രാജ്യങ്ങളിൽ ചെറുപ്പത്തിലേതൊട്ടേ സാമൂഹ്യസേവനത്തിനായി സന്നദ്ധസേവനം ചെയ്യുന്നത് പഠനപ്രക്രിയയുടെ ഭാഗമാണ്. കാനഡയിൽ ആറാംക്ലാസിൽ പഠിക്കുന്ന എന്റെ സുഹൃത്തിന്റെ മകൾ ആഴ്ചയിൽ ഒരു ദിവസം അവിടുത്തെ കൃഷിയിടത്തിൽ പോയി ചെറിയ പണിയെല്ലാം ചെയ്ത് നൂറു ഡോളർ ഉണ്ടാക്കി ഒരു അനിമൽ ഷെൽട്ടറിനു സംഭാവന ചെയ്യുന്നു. അവളുടെ അച്ഛന് വേണമെങ്കിൽ ഇരുന്നൂറു രൂപ കൊടുക്കാനുള്ള കഴിവുണ്ട്. പക്ഷെ, അധ്വാനത്തിന്റേയും അധ്വാനിച്ചുണ്ടാക്കുന്നത് സമൂഹത്തിനുവേണ്ടി ചെലവാക്കുന്നതിന്റേയും വില അപ്പോൾ മകൾക്ക് മനസ്സിലാകില്ലല്ലോ. പാശ്ചാത്യരാജ്യങ്ങളിലെ അനവധി സർവകലാശാലകളിൽ ബിരുദപഠനത്തിനിടക്ക് ഒരു വർഷം അവധിയെടുത്ത് മറ്റു രാജ്യങ്ങളിൽ സന്നദ്ധസേവനത്തിന് പോകുന്നത് പതിവാണെന്ന് മാത്രമല്ല പ്രോത്സാഹിക്കപ്പെടുന്നതും ആണ്. എന്റെ സഹപ്രവർത്തകനായിരുന്ന ഡേവിഡ് ജെൻസൻ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ ആണ് പഠിച്ചത്. അതിനിടക്ക് ഒരു വർഷം അവധിയെടുത്ത് കെനിയയിലെ ഏറ്റവും വലിയ ചേരിയായ കിബേരയിൽ അവിടുത്തെ ഒരു കുടുംബത്തോടൊപ്പം താമസിച്ച് ചേരിയിലെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ചു.
ഇവിടെയാണ് കോഴിക്കോടിലെ പുതിയ പരീക്ഷണമായ 'കോംപാഷനേറ്റ് കോഴിക്കോട്' കേരളത്തിനു മാത്രമല്ല വികസ്വര രാജ്യങ്ങൾക്കെല്ലാം മാതൃകയാവുന്നത്. സമൂഹത്തിലെ ഏറ്റവും വിഷമം അനുഭവിക്കുന്നവരെ, വിശക്കുന്നവരെ, മനോരോഗികളെ, അനാഥരെ, ഒക്കെ ആണ് ഇത് ലക്ഷ്യമിടുന്നത്, അതായത് 'അന്ത്യോദയം' ആണ് അടിസ്ഥാന ലക്ഷ്യം. കോഴിക്കോട്ടെ പദ്ധതിയെ വ്യത്യസ്തമാക്കുന്നത് നാലു കാര്യങ്ങൾ ആണ്. ഒന്ന് സാമൂഹ്യ ബോധം ഇല്ല എന്നൊക്കെ നാം എപ്പോഴും പരാതി പറയുന്ന പുതിയ തലമുറയുടെ വ്യാപകമായ പങ്കാളിത്തം. രണ്ടാമത് 'കാശൊന്നും തരില്ല, ഫോട്ടോ പത്രത്തിൽ ഇടുകയും ഇല്ല, പക്ഷെ സേവനത്തിന് അവസരം തരാം' എന്ന തരത്തിൽ വ്യത്യസ്തവും ശക്തവും ആയ സന്ദേശം നല്കിയിട്ടും ആയിരങ്ങൾ ആണ് കോഴിക്കോട്ടെ പദ്ധതിക്കുവേണ്ടി മുന്നോട്ടുവരുന്നത്.[BLURB#1-H]
സേവിക്കാനുള്ള അവസരം ആണ് സംപ്തൃപ്തി നല്കുന്നത് അല്ലാതെ ആ വിവരം മറ്റുള്ളവർ അറിഞ്ഞോ അവരെ അറിയിച്ചോ കിട്ടുന്ന അംഗീകാരം അല്ല എന്നാ തിരിച്ചറിവ്. മൂന്നാമത്, പണമോ പ്രശസ്തിയോ ഉള്ള കുറച്ചു പേരുടെ വൻ സംഭാവനകൊണ്ടല്ല മധ്യവർഗ്ഗത്തിന്റെയും പാവപ്പെട്ടവരുടെ പോലും വ്യാപകമായ പങ്കാളിത്തം കൊണ്ടാണ് ഇത് നടന്നു പോകുന്നത്. നാലാമത് സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളും സർക്കാർ സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും പരിഹരിക്കെണ്ടാതല്ല, മറിച്ചു പൊതു സമൂഹത്തിനും അതിൽ വലിയ അവസരങ്ങൾ ഉണ്ട് എന്നത്. കോഴിക്കോടിനെ പറ്റി പ്രത്യേകിച്ചു പറഞ്ഞു എങ്കിലും ഇത് കോഴിക്കോടൻ പ്രത്യേകത ഒന്നും അല്ല, ഏറനാകുളത്തെ അൻപൊടു കൊച്ചി എന്ന സംരംഭവും, പരിസ്തിതി ശുചീകരണത്തിന് ഇറങ്ങുന്ന സഞ്ചാരി എന്ന ഫേസ് ബുക്ക് കൂട്ടായ്മയും എല്ലാം നമ്മുടെ സമൂഹത്തിലെ സാധാരണക്കാരായ പുതിയ തലമുറയുടെ സാമൂഹ്യ ബോധവും സേവന തല്പരതയും ആണ് കാണിക്കുന്നത്.[BLURB#2-VL]
സന്നദ്ധ സേവനം ചെയ്യുന്നതുകൊണ്ട് നമ്മൾ ആരെ സഹായിക്കുന്നുവോ അവർക്ക് മാത്രമല്ല ഗുണം ഉണ്ടാകുന്നത്. ഇതൊരു വലിയ വിദ്യാഭ്യാസം ആണ്. ഇതുകൊണ്ടാണ് വികസിത രാജ്യങ്ങളിൽ ഇത് പ്രത്യേകം പ്രോല്‌സാഹിപ്പിക്കപ്പെടുന്നത്. ഇന്ത്യയിൽ പക്ഷെ വിദ്യാഭ്യാസത്തിനിടക്ക് ഒരു വർഷംപോയിട്ട് ഒരു മാസം എങ്കിലും മാറി നിന്ന് സന്നദ്ധ സേവനം നടത്തുന്നതിനെ ഇപ്പോൾ ആരും പിന്തുണക്കുന്നില്ല, അതുകൊണ്ട് തന്നെ ഇതത്ര സാധാരണവും അല്ല. പക്ഷെ ഇത് മാറണം.
ഇന്ത്യയിൽ അടുത്തയിടക്ക് ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം ആണ് രോഹിറ്റ് വെമൂലയുടെ ആത്മഹത്യാ കുറിപ്പ്. ദളിതനായി മുന്നോട്ടുപോകാനുള്ള ബുദ്ധിമുട്ടുകളെ സൂചിപ്പിക്കാൻ അദ്ദേഹം പറഞ്ഞു 'എന്റെ ജന്മം ആണ് എനിക്ക് പറ്റിയ ഏറ്റവും വലിയ അപകടം' എന്ന്. ഈ പ്രസ്താവന എല്ലാവരും ഒക്കെ എടുത്തു പ്രയോഗിച്ചു എങ്കിലും ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഒരു ദലിതനായി ജനിച്ചാൽ ഉണ്ടാകാവുന്ന ജീവിതാനുഭവം രോഹിതിനു വേണ്ടി സംസാരിച്ച ഭൂരിപക്ഷം ആളുകൾക്കും ഇല്ല എന്നത് ഒരു സത്യം ആണ്. ഇന്ത്യയിലെ ബിരുദത്തിനു പഠിക്കുന്ന ഓരോ കുട്ടിയും ഒരു മാസം എങ്കിലും ഒരു ദളിത് കുടുംബത്തിൽ ജീവിച്ച് അവിടുത്തെ ആളുകളുടെ ഉന്നമനത്തിനായി സന്നദ്ധ സേവനം ചെയ്യണം എന്നും, നഗരത്തിൽ ജീവിക്കുന്നവർ ഗ്രാമത്തിൽ ചെന്ന് സന്നദ്ധ സേവനം ചെയ്യണം എന്നും ഒക്കെ തീരുമാനിക്കുകയും സർക്കാർ അതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്താൽ ഒരു തലമുറക്കകം നാടിനു പുരോഗതി ഉണ്ടാകും എന്ന് മാത്രമല്ല നമ്മൾ ഇന്ന് കാണുന്ന പല തെറ്റിദ്ധാരണകളും മാറ്റാനാകും.
സന്നദ്ധസേവനം എന്നത് പക്ഷെ ചെറുപ്പക്കാരുടെ മാത്രം കുത്തകയാണെന്നു കരുതേണ്ട. ആളുകൾ പ്രായമാവുകയും അവരുടെ അറിവും പണവും വർദ്ധിക്കുകയും ചെയ്യുമ്പോൾ അതൊക്കെ സമൂഹത്തിനുവേണ്ടി ചെലവാക്കണമെന്നു പലർക്കും ആഗ്രഹം ഉണ്ടാകും. കൂടുതൽ പേരും അവരുടെ സമയം സമൂഹത്തിനുവേണ്ടി നൽകാൻ തയ്യാറാണ്. ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണത്തിനായി ഞാൻ നയിക്കുന്ന സംഘങ്ങളിൽ പലപ്പോഴും അംഗങ്ങളായി വരുന്നത് അവരുടെ കർമ്മ മണ്ഡലങ്ങളിൽ ഇരുപതും മുപ്പതും വർഷം പരിചയം ഉള്ളവർ ആണ്. അവർക്ക് ഒരു ദിവസം അയ്യായിരവും പതിനായിരവും ഡോളർ ഫീസ് കിട്ടുന്നവരും ആണ്.[BLURB#2-VR]
പക്ഷെ,ഐക്യരാഷ്ട്രസഭക്കുവേണ്ടി കേവലം ഒരു ഡോളറിന്റെ കോൺട്രാക്ടിനാണ് അവർ വരുന്നത് (ഇത് ഒരു സങ്കേതിക ആവശ്യം ആണ്). ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല. സന്നദ്ധസേവകരുടെ കഴിവും പരിചയവും ഉപയോഗിക്കാൻ വേണ്ടിത്തന്നെ ഒരു ഐക്യരാഷ്ട്ര സന്നദ്ധസേവക സംഘടന (United Nations Volunteer) ഉണ്ട്. നിങ്ങൾ ഏതു കർമ്മരംഗത്ത് ആണെങ്കിലും UNV ആകാം, ലോകത്തെ സേവിക്കുകയും ചെയ്യാം. യൂറോപ്യൻ യൂണിയന്റെ പുതിയ സപ്തവത്സര പദ്ധതിയിൽ സന്നദ്ധസേവകരെ പരിശീലിപ്പിക്കാനും, ഉപയോഗിക്കാനും ഒക്കെയായി ശതകോടികളുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
കോംപാഷനേറ്റ് കോഴിക്കോടിനെ പറ്റി എല്ലാവര്ക്കും അറിയാവുന്നതുകൊണ്ട് ഉദാഹരണം ആയി എടുത്തു എന്ന് മാത്രമേ ഉള്ളൂ കേട്ടോ. സന്നദ്ധ സേവനം കേരളത്തിൽ വളർന്നു വരികയാണ്. അഭ്യസ്ഥ വിദ്യരായ പുതിയ തലമുറ ഏറെ ഉള്ള ടെക്‌നോ പാര്ക്കിലും ഇൻഫോ പാര്ക്കിലും എല്ലാം ഇതുപോലെ പല സംരംഭങ്ങളും ഉണ്ട്. പക്ഷെ പുതിയ തലമുറയുടെ കുറ്റം കാണാൻ ഭൂതക്കണ്ണാടിയും വച്ചിരിക്കുന്നതിനാൽ നാം ഇതൊന്നും കാണുന്നില്ല എന്നെ ഒള്ളൂ. സമൂഹസേവനത്തിനും സന്നദ്ധസേവനത്തിനും പുതിയ തലമുറ തയ്യാറാണെന്ന് അവർ തെളിയിച്ചുകഴിഞ്ഞു. എവിടെ ഒക്കെ നല്ല നേതൃത്വം ഉണ്ടോ അവിടെ ഒന്നും സന്നദ്ധ പ്രവർത്തനത്തിന് ആളുകൾക്ക് ഒരു കുറവും ഇല്ല. പക്ഷെ ഇത് വ്യക്തി കേന്ദ്രീകൃതം ആയാൽ അധികകാലം നിലനിൽക്കില്ല, മറിച്ചു ഇതിനെ നമ്മുടെ വിദ്യാഭ്യാസത്തിന്റെയും സമൂഹത്തിന്റെയും ഭാഗമാക്കണം. ആദ്യമായി സർക്കാർ ഒരു സന്നദ്ധ സേവന നയം കൊണ്ടുവരണം.
കോഴിക്കോടെ മാതൃക വിപുലീകരിച്ച് ഓരോ പഞ്ചായത്തിലും ഓരോ ഡേറ്റ ബേസ് ഉണ്ടാകാം. അവിടുത്തെ ആവശ്യങ്ങൾ (സേവനമായും വസ്തുക്കളായും) അറിയുക, അവ ക്രോഡീകരിച്ച് വെബ്‌സൈറ്റിൽ ഇടുക. അതുപോലെതന്നെ നമ്മുടെ കോളേജുകളിലെ എൻഎസ്എസ്, ഐടി കമ്പനികൾ, മറ്റു സ്ഥാപനങ്ങൾ ഇവയൊക്കെ കേന്ദ്രീകരിച്ച് സന്നദ്ധസേവനത്തിന് താല്പര്യമുള്ളവരുടെ വിവരം ശേഖരിക്കുക. ഇത് ആഴ്ചയിൽ ഒരു മണിക്കൂർ മുതൽ ഒരു വർഷം മുഴുവൻ സമയം വരെ ആകാം. ഇവ തമ്മിൽ ബന്ധിപ്പിച്ച് ഓരോ ക്ലിയറിങ് ഹൗസ് സർക്കാർ ശരിപ്പെടുത്തിയാൽ പിന്നെ എല്ലാം എളുപ്പം ആണ്. ഈ ചെയ്യുന്ന സന്നദ്ധ സേവനത്തിന് ഒരു സർട്ടിഫിക്കറ്റ് നല്കാം, സ്‌കൂളിൽ ഒക്കെ ഗ്രേസ് മാർക്ക് ഒക്കെ പോലെ. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ യുവാക്കളെ സംഘടിപ്പിക്കുന്ന രാഷ്ട്രീയ കഷികളും കൂടി ഇതിലൊരു താല്പര്യം എടുത്താൽ അഞ്ചു വർഷത്തിനകം കേരളത്തിൽ നിന്ന് ലോകോത്തരമായ ഒരു മാതൃക വളർത്തിയെടുക്കാം.