കോർപറേറ്റ് സൗഹൃദ സർക്കാരെന്ന ആരോപണം നേരിടുമ്പോൾ, അതിന്റെ ഗുണഫലങ്ങൾ സ്വന്തമാക്കാൻ തുടങ്ങിയിരിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. എൻഡിഎ സർക്കാരിന്റെ ആദ്യ ഒമ്പതുമാസത്തെ ഭരണത്തിനിടെ, സേവന നികുതിയിനത്തിൽ പിരിച്ചെടുത്തത് 1.20 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞസാമ്പത്തിക വർഷം ഇതേസമയത്ത് 1.10 ലക്ഷം കോടി രൂപയായിരുന്നു സേവനനികുതിയായി ലഭിച്ചത്.

ഇതിനുപുറമെ, തൊഴിൽദാതാക്കൾ വഴിയുള്ള താൽക്കാലിക റിക്രൂട്ട്‌മെന്റും കാര്യമായ തോതിൽ വർധിച്ചിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ വളർച്ച 23 ശതമാനമാണ്. റിക്രൂട്ട്‌മെന്റ് ഏജൻസികൾ മുഖേനയുള്ള തൊഴിലവസരങ്ങളാണ് ഈ കണക്കിൽപ്പെട്ടിട്ടുള്ളത്. നേരിട്ടുള്ള നിയമനങ്ങൾ ഇതിന്റെ പരിധിയിൽ വരില്ല. രാജ്യത്തെ പ്രമുഖ മൾട്ടിനാഷണൽ കമ്പനികളും കോർപറേറ്റുകളും കരാർ നിയമനത്തിലേക്ക് നീങ്ങിയതാണ് റിക്രൂട്ട്‌മെന്റ് രംഗത്തെ കുതിപ്പിന് കാരണം.

മൾട്ടിനാഷണൽ കമ്പനികളും ഇന്ത്യയിലെ വലിയ ഐടി കമ്പനികളും ഇത്തരം സപ്ലൈ ഏജൻസികളിൽനിന്ന് കൂട്ടത്തോടെ ജീവനക്കാരെ സ്വന്തമാക്കുകയാണ് ചെയ്യുന്നത്. അഞ്ഞൂറോ എഴുനൂറോ തൊഴിലാളികളെ ഒരുമിച്ച് ജോലിക്കെടുക്കുകയാണ് പതിവ്. ഇങ്ങനെ നിയമിക്കപ്പെടുന്ന ജീവനക്കാരെ ഒരു നോട്ടീസ് മാത്രം നൽകി പിൻവലിക്കാനും കരാറുകാർക്ക് അനുവാദമുണ്ടാകും.

വ്യോമയാന മേഖലയിലെ സേവനനികുതിയിലും കാര്യമായ വർധനയുണ്ടായിട്ടുണ്ട്. ആഭ്യന്തര, വിദേശ യാത്രികരിൽനിന്നുള്ള സേവനനികുതിയിൽ 20 ശതമാനത്തോളം വർധനയാണ് ഉണ്ടായിട്ടുള്ളത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകളിൽനിന്നുള്ള സേവന നികുതിയും 22 ശതമാനത്തോളം വർധിച്ചു. എന്നാൽ, സേവന നികുതിയിൽ നഷ്ടം വരുത്തിയ മേഖലകളും ഉണ്ട്. 

കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 3481 കോടി രൂപ സേവന നികുതി പിരിച്ച ഇൻഷുറൻസ് മേഖല ഈ സാമ്പത്തിക വർഷം 3072 കോടി രൂപയാണ്. ജനറൽ ഇൻഷുറൻസ് മേഖലയിൽ മൂന്നുശതമാനം വർധന മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. റിയൽ എസ്റ്റേറ്റ് മേഖലയും സമാനമായ നഷ്ടം നേരിടുന്നു. കഴിഞ്ഞവർഷം 3054 കോടി രൂപ സ്വന്തമാക്കിയ റിയൽ എസ്റ്റേറ്റ് മേഖല 12 ശതമാനത്തോളം നഷ്ടമാണ് ഈ സാമ്പത്തിക വർഷം രേഖപ്പെടുത്തിയിട്ടുള്ളത്.