ന്യൂഡൽഹി: നോട്ടുനിരോധനം കറൻസിരഹിത ഇടപാടുകളിലേക്കു ചുവടുമാറാനുള്ള നടപടിയെന്ന സർക്കാർ വാദങ്ങൾക്കു കരുത്തേകാൻ ഇളവുകളുമായി കേന്ദ്രം. കാർഡ് ഇടപാടുകളിലെ സേവന നികുതിയിലാണു സർക്കാർ ഇളവു പ്രഖ്യാപിച്ചത്.

2000 രൂപ വരെയുള്ള ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഉപയോഗത്തിന് സേവന നികുതി നൽകേണ്ടതില്ലെന്നാണു സർക്കാർ അറിയിപ്പ്. കാർഡ് ട്രാൻസാക്ഷനുകൾക്ക് 15% വരെ സേവന നികുതിയാണ് ഇതുവരെ ഈടാക്കിയിരുന്നത്.

പണ ഇടപാടുകളിൽ നിന്നും പൂർണമായും ഡിജിറ്റൽ ഇക്കണോമിയിലേക്കുള്ള മാറ്റത്തിനുള്ള ചുവെടുവെപ്പാണ് ഇതെന്നാണ് സർക്കാർ വാദം. നോട്ട് നിരോധനത്തിന് പിന്നാലെ പണരഹിത സമ്പദ് വ്യവസ്ഥയെ പ്രോൽസാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനവുമുണ്ടായിരുന്നു. മൊബൈൽ ബാങ്കിങിലൂടെ നോട്ട് അസാധുവാക്കലിന്റെ പ്രതിസന്ധി ഒഴിവാക്കാൻ സാധാരണക്കാർ പരിശ്രമിക്കണമെന്നായിരുന്നു നരേന്ദ്ര മോദിയുടെ ഉപദേശം.

ചെറിയ ചെറിയ ഇടപാടുകൾക്ക് സേവന നികുതി പ്രതിസന്ധിയാവാതിരിക്കാനാണ് 2000 വരെയുള്ള കാർഡ് ഇടപാടുകളെ സർവ്വീസ് ടാക്സിൽ നിന്ന് ഒഴിച്ചു നിർത്തിയത്. നോട്ടു നിരോധനത്തിനു പിന്നാലെ എടിഎം ഉപയോഗിച്ചു പെട്രോൾ അടിക്കുന്നവരിൽ നിന്നും മറ്റ് ഇടപാടുകൾ നടത്തുന്നവരിൽ നിന്നും സർവീസ് ചാർജ് ഈടാക്കിയിരുന്നു. ഉപയോക്താക്കൾക്ക് അത്തരത്തിലുള്ള ചാർജുകൾ ഈടാക്കുകയില്ലെന്നു നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ, ഇക്കാര്യം പാലിക്കപ്പെട്ടിരുന്നില്ല. പെട്രോൾ അടിക്കുമ്പോൾ അധിക ചാർജ് ഈടാക്കുന്നതിൽ നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണു കാർഡ് ഉപയോഗത്തിൽ ഇളവു പ്രഖ്യാപിച്ചുള്ള കേന്ദ്രനീക്കം.