- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാമങ്കരിക്കാരെ കള്ളക്കേസിൽ കുടുക്കിയ അത്യാഡംബരക്കാരി; പ്രമുഖന്റെ ജൂനിയറായത് എംഎൽഎയുടെ ശുപാർശയിൽ; രണ്ടരക്കൊല്ലം കോടതിയെ കബളിപ്പിച്ചത് പഞ്ചനക്ഷത്ര ബ്യൂട്ടീ പാർലറിലെ മെയ്ക്ക് അപ്പ് കരുത്തിൽ; സെസി സേവ്യറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് വരും; വ്യാജനെ പൂട്ടാൻ ജ്യൂഡീഷ്യറിയും
ആലപ്പുഴ: പരീക്ഷ പാസാവാതെ വക്കീലായി പ്രാക്ടീസ് നടത്തിയ ആലപ്പുഴ ബാർ അസോസിയേഷൻ ഭാരവാഹി ആയിരുന്ന സെസി സേവ്യറിനു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. സെസി രാജ്യം വിട്ടു പോകാതിരിക്കാനാണ് ഇത്. അതിനിടെ സെസിയെ രക്ഷിക്കാൻ ചില രാഷ്ട്രീയക്കാരും രംഗത്തുണ്ട്. രാഷ്ട്രീയ പിൻബലത്തിലാണ് സെസിയുടെ ബാർ അസോസിയേഷനില ജയമെന്നു സൂചനയുണ്ട്. ഈ വിഷയം ഹൈക്കോടതിയും ഗൗരവത്തോടെ എടുത്തുവെന്നാണ് സൂചന.
പൊലീസ് കേസെടുത്ത വിവരം അറിഞ്ഞ രാമങ്കരിയിലെ ഇവരുടെ അയൽവാസികളും നാട്ടുകാരും പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്. ഇവർ നാട്ടുകാർക്ക് സ്ഥിരം തലവേദനയായിരുന്നു. അഭിഭാഷകയായി ജോലിക്ക് പ്രവേശിച്ചതുമുതൽ അയൽവാസികൾക്കും നാട്ടുകാർക്കുമെതിരെ സ്ഥിരമായി കോടതിയിൽ കേസ് ഫയൽ ചെയ്ത് അവരെ ബുദ്ധിമുട്ടിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന വിനോദം. ഇവരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുമ്പോഴാണ് വ്യാജ അഭിഭാഷകയായി പ്രവർത്തിച്ചതിന് പൊലീസ് കേസെടുത്തിരിക്കുന്ന വിവരം നാട്ടുകാർ അറിയുന്നത്. സ്ത്രീകളടക്കമുള്ള നാട്ടുകാർ ഇവരെ കയ്യിൽകിട്ടിയാൽ കൈകാര്യം ചെയ്യുമെന്നാണ് അറിയുന്നത്.
അതേ സമയം സെസി സേവ്യറിനെ പ്രമുഖ അഭിഭാഷകന്റെ ജൂനിയറായി പ്രാക്ടീസ് ചെയ്യാൻ അവസരം വാങ്ങിക്കൊടുത്തത് ഒരു മുൻ എംഎൽഎ ആണെന്ന് വിവരമുണ്ട്. ഇവർ പരീക്ഷ പാസ്സാകാതെയാണ് പ്രാക്ടീസ് ചെയ്യുന്നതെന്ന് ചിലർക്ക് അറിയാമായിരുന്നു. പ്രാക്ടീസ് ചെയ്തിരുന്ന അഭിഭാഷകന്റെ ഓഫീസിലെ പ്രധാന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നയാളായി മാറാൻ സെസിക്ക് താമസമുണ്ടായില്ല. സെസിയുടെ സാമ്പത്തിക വളർച്ചയിലും നാട്ടുകാർക്ക് സംശയമുണ്ട്. സാധാരണ കുടുംബത്തിലെ അംഗമാണ്. വളരെവേഗമാണ് ഉയർന്ന് സാമ്പത്തിക നിലയിലേക്ക് എത്തിയത്. ആലപ്പുഴ മുന്തിയ ബ്യൂട്ടീ പാർലറിലെ സ്ഥിരം സന്ദർശകയുമായിരുന്നു. ഏറെ ദുരൂഹത നിറഞ്ഞ ജീവിതമാണ് സെസിയുടേതെന്നാണ് നാട്ടുകാർ പറയുന്നത്.
അതേ സമയം ബാർ കൗൺസിൽ ഓഫ് കേരള സംഭവം വളരെ ഗൗരവകരമായിട്ടാണ് എടുത്തിരിക്കുന്നത്. സെസിക്ക് കുടപിടിച്ചു കൊടുത്തവരെയെല്ലാം കേസിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിലാണവർ. അഭിഭാഷകർക്കും ജുഡീഷ്യറിക്കും ഏറെ നാണക്കേടുണ്ടാക്കിയ സംഭവമാണിത്. അതിനാൽ പഴുതടച്ചുള്ള അന്വേഷണത്തിനാണ് നീക്കം. ആലപ്പുഴ ബാർ കൗൺസിലിലെ അഭിഭാഷകരെല്ലാം ഒറ്റക്കെട്ടായി നിന്ന് ശക്തമായ നടപടി എടുക്കണമെന്ന നിലപാടിലാണ്. കഴിഞ്ഞ ഞായറാഴ്ച വരെ ബാർ അസോസിയേഷന്റെ ഒരു ഓൺലൈൻ മീറ്റിങ്ങിന്റെ ചുമതലകൂടി വഹിച്ച സെസി പരാതി ലഭിച്ച അന്ന് തന്നെ സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു. അസോസിയേഷൻ പരാതിനൽകുമെന്നു മനസ്സിലാക്കിയ ഇവർ, നാടുവിട്ടെന്നാണു പൊലീസ് സംശയിക്കുന്നത്.
രണ്ടരവർഷം ജില്ലാക്കോടതിയെ ഉൾപ്പെടെ കബളിപ്പിച്ച ഇവർക്കു മുൻകൂർജാമ്യം കിട്ടാനുള്ള സാധ്യത കുറവാണെന്നു നിയമവിദഗ്ദ്ധർ പറയുന്നു. കേസിലെ വാദിഭാഗം ബാർ അസോസിയേഷനാണ്. കേസിന്റെ തെളിവുകൾ ജുഡീഷ്യറിയുടെ അധീനതയിലുമാണ്. ബാർ അസോസിയേഷൻ ഭാരവാഹികൾ ജില്ലാജഡ്ജിയെ ഉൾപ്പെടെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ ചങ്ങനാശ്ശേരി സ്വദേശിയായ മുൻസുഹൃത്താണ് ഇവരുടെ തട്ടിപ്പു പുറത്താക്കിയതെന്നാണു സംശയിക്കുന്നത്. പരീക്ഷ പാസാകാതെയാണ് സെസി സേവ്യർ കോടതിയിൽ കോട്ടിട്ടുനടക്കുന്നതെന്ന് ഇയാൾ കത്തയക്കുകയായിരുന്നെന്നു പറയുന്നു. ഇവർതമ്മിൽ തെറ്റിയതാണു കാരണം. പേരുവെക്കാതെ നൽകിയ കത്ത്, ബാർ അസോസിയേഷൻ ഭാരവാഹികൾ നോർത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്.
മതിയായ യോഗ്യതകളില്ലാതെ വക്കീലായി പ്രവർത്തിച്ച സെസി സേവ്യറിനെതിരേ കഴിഞ്ഞദിവസമാണ് ആലപ്പുഴ ബാർ അസോസിയേഷൻ നോർത്ത് പൊലീസിൽ പരാതി നൽകിയത്. വിശ്വാസ വഞ്ചന, ആൾമാറാട്ടം, മോഷണക്കുറ്റം തുടങ്ങിയവ ഉന്നയിച്ചാണ് പരാതി നൽകിയിരിക്കുന്നത്. രണ്ടരവർഷമായി സെസി സേവ്യർ കോടതിയെയും ബാർ അസോസിയേഷനെയും വഞ്ചിച്ചതായാണ് പരാതിയിൽ പറയുന്നത്.
ലൈബ്രറിയുടെ ചുമതലയുണ്ടായിരുന്ന ഇവർ ബന്ധപ്പെട്ട രേഖകൾ കടത്തിക്കൊണ്ടുപോയതായും പരാതിയുണ്ട്. ഇതിനാണ് മോഷണക്കുറ്റം ആരോപിച്ചും പരാതി നൽകിയിരിക്കുന്നത്.
യോഗ്യതയില്ലെന്ന് ബോധ്യപ്പെട്ടതിനാൽ സെസി സേവ്യറെ കഴിഞ്ഞദിവസം ബാർ അസോസിയേഷനിൽനിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞദിവസം അസോസിയേഷൻ ഭാരവാഹികൾ ഇവരിൽനിന്ന് ഫോണിലൂടെ വിശദീകരണം തേടുകയും ചെയ്തു. എന്നാൽ സെസി സേവ്യർ പരസ്പര വിരുദ്ധമായാണ് മറുപടി നൽകിയത്. പൊലീസിൽ പരാതി നൽകരുതെന്നും അഭ്യർത്ഥിച്ചു. ഇതിനുപിന്നാലെയാണ് ബാർ അസോസിയേഷൻ സെക്രട്ടറി പൊലീസിൽ പരാതി നൽകിയത്.
അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച സെസി സേവ്യർ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് വിജയിച്ചത്. അതേസമയം, പൊലീസ് കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരിക്കുകയാണ്. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ഫേസ്‌ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇവർ നിലവിൽ ഡൽഹിയിലുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന രഹസ്യ വിവരം.